പാക്കിസ്ഥാനില്‍ ദൈവദൂഷണകുറ്റത്തിന് അറസ്‌ററിലായ ക്രൈസ്തവകുടുബിനി ആസിയബിബി ദൈവം തണ്റ്റെ പ്രാര്‍ത്ഥന കേള്‍ക്കുമെന്ന പ്രത്യാശയിലാണ്. "ദൈവം എണ്റ്റെ പ്രാര്‍ത്ഥന കേള്‍ക്കും തടവില്‍ നിന്നും സ്വതന്ത്രയായി എണ്റ്റെ കുടുബത്തോടൊപ്പം ചേരാന്‍ എനിക്കു കഴിയും" സ്പാനിഷ് ദിനപത്രം 'എല്‍ പായ്സ്' നു നല്‍കിയ അഭിമുഖത്തിലാണ് ലോകശ്രദ്ധ ആകര്‍ഷിക്കുന്ന ആസിയബിബി തണ്റ്റെ മനസുതുറന്നത്.
കേസിനെകുറിച്ച് ആസിയയ്ക്കുപറയാനുള്ളത് ഇങ്ങനെ ;"അയല്‍വാസിയായ നികുതി പിരിവുകാരണ്റ്റെ മൃഗങ്ങള്‍ തങ്ങളുടെ വീടിനും പരീസരത്തിനും നാശനഷ്ടങ്ങളുണ്ടാക്കി. അതിനെതിരെ പരാതിപറഞ്ഞപ്പോള്‍ അയാള്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് എനിക്കെതിരെ ആസൂത്രിതമായ നീക്കങ്ങളാണ് അയാള്‍ നടത്തിയത്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം പാടത്തുപണിയെടുത്തുകൊണ്ടിരിക്കുമ്പോള്‍ കൂടെ പണിയെടുക്കുന്നവര്‍ക്കു ഞാന്‍ വെള്ളം കൊണ്ടു പോയികൊടുത്തു. ക്രിസ്തിയാനികളുടെ പാത്രത്തില്‍നിന്നും വെള്ളം കുടിക്കാന്‍ പാടില്ല എന്ന് ഇസ്ളാം മതവിശ്വസികളായ അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ അവരുമായി തര്‍ക്കിച്ചു. പക്ഷേ ഞാന്‍ ഒരിക്കലും പ്രവാചകനെയോ അള്ളാഹുവിനെയോ പ. ഖുറാനെയോ അധിക്ഷേപിച്ചില്ല. അഞ്ചു ദിവസത്തിനുശേഷം ആരുടേയോ പരാതിപ്രകാരം ഞാന്‍ അറസ്റ്റിലായി" അവര്‍ വ്യക്തമാക്കുന്നു.
പാക്കിസ്ഥാനില്‍ മരണശിക്ഷക്കു വിധിക്കപ്പെട്ടു തടവില്‍ കഴിയുന്ന ഏകതടവുകാരിയായ ആസിയാബീബി നിരന്തരം ബൈബിള്‍ വായനയിലും പ്രാര്‍ത്ഥനയിലുമാണ്. തടവില്‍ കഴിയുന്ന അവര്‍ മതതീവ്രവാദികള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തുമെന്നു ഭയപ്പെട്ടു സ്വയം ഭക്ഷണം പാകം ചെയ്യുന്നു. ഭര്‍ത്താവും 12 വയസ്സുള്ള മകള്‍ക്കും മതതീവ്രവാദികളില്‍ നിന്നും ഭീഷണിയുണ്ട്. അതും രണ്ടു വര്‍ഷമായി തടവില്‍ കഴിയുന്ന അവരെ ഭയപ്പെടുത്തുന്നു.