Saturday, February 12, 2011

ചരിത്രബോധം നാളേയ്ക്കുള്ള വഴികാട്ടി: ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍

ചരിത്രത്തെക്കുറിച്ചുള്ള സമഗ്രമായ അവബോധമാണു നാളേയ്ക്കുള്ള വഴികാട്ടിയെന്നു വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ പറഞ്ഞു. കേരള ലാറ്റിന്‍ കാത്തലിക്‌ ഹിസ്റ്ററി അസോസിയേഷന്‍ സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വസ്തുനിഷ്ഠമായി രചിക്കപ്പെടേണ്ടതാണു ചരിത്രം. അത്തരത്തില്‍ രൂപപ്പെടുന്ന ചരിത്രത്തിനു മാത്രമേ വിലയുണ്ടാകൂ. നിരവധി മിഷനറിമാരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ ചരിത്രമുണ്ട്‌ ലത്തീന്‍ സഭയ്ക്ക്‌. സഭയുടെ ഈ കുതിപ്പിണ്റ്റെ കാലഘട്ടത്തില്‍ അതിണ്റ്റെ ചരിത്രത്തെക്കുറിച്ചുള്ള പൂര്‍ണമായ അറിവ്‌ ആവശ്യമാണെന്നും ആര്‍ച്ച്ബിഷപ്‌ കല്ലറയ്ക്കല്‍ പറഞ്ഞു. മോണ്‍. ജോര്‍ജ്‌ വെളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പാപ്പുക്കുട്ടി ഭാഗവതര്‍, ചെറിയാന്‍ ആന്‍ഡ്രൂസ്‌ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഡോ. ജോണ്‍ ഓച്ചന്‍തുരുത്ത്‌, ഡോ. എഡ്വേര്‍ഡ്‌ എടേഴത്ത്‌ എന്നിവര്‍ പ്രസംഗിച്ചു.