Friday, February 4, 2011

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശന രജതജൂബിലിക്കു കൊച്ചി ഒരുങ്ങി

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനത്തിണ്റ്റെ രജതജൂബിലി ആഘോഷങ്ങള്‍ക്കായി കൊച്ചി ഒരുങ്ങി. സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര സഭാതലവന്‍മാരുടെയും വിശ്വാസികളുടെയും ആഹ്ളാദകരമായ ഒത്തുചേരലായി ജൂബിലി സമ്മേളനം മാറും. ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി കര്‍ദിനാള്‍ മര്‍ഫി ഒക്കോണര്‍, ഭാരതത്തിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ്‌ ഡോ. സാല്‍വത്തൊരെ പെനാക്കിയോ, സിബിസിഐ പ്രസിഡണ്റ്റ്‌ കര്‍ദിനാള്‍ ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌ എന്നിവരും കര്‍ദിനാള്‍ ഒക്കോണറോടൊപ്പം രജതജൂബിലിയാഘോഷങ്ങള്‍ക്കായി കൊച്ചിയിലെത്തുന്നുണ്ട്‌.ജോണ്‍ പോള്‍ രണ്ടാമണ്റ്റെ കേരളസന്ദര്‍ശനത്തിണ്റ്റെ രജതജൂബിലിയാഘോഷങ്ങള്‍ കെസിബിസിയുടെ ആഭിമുഖ്യത്തില്‍ ഏഴിനാണു നടക്കുന്നത്‌. രാവിലെ 11.30-നു മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി കൊര്‍മാക്‌ കര്‍ദിനാള്‍ മര്‍ഫി ഒക്കോണര്‍ നെടുമ്പാശേരിയില്‍ എത്തും. കര്‍ദിനാള്‍ ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌, അപ്പസ്തോലിക്‌ ന്യുണ്‍ഷ്യോ ആര്‍ച്ച്ബിഷപ്‌ സാല്‍വത്തൊരെ പെനാക്കിയോ എന്നിവരോടൊപ്പമെത്തുന്ന കര്‍ദിനാള്‍ മര്‍ഫിയെ കെസിബിസി ഭാരവാഹികളായ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍, ആര്‍ച്ച്ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌, ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌ എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കും. 12.45-നു എറണാകുളം കാര്‍ഡിനല്‍ ഹൌസിലെത്തുന്ന വിശിഷ്്ടാതിഥികള്‍ക്ക്‌ ഉച്ചഭക്ഷണം വരാപ്പുഴ അതിരൂപത കാര്യാലയത്തിലാണ്‌. അല്‍മായ-സന്യസ്ത-പുരോഹിതപ്രതിനിധികളുടെ സെമിനാര്‍ എറണാകുളം സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയുടെ പാരീഷ്ഹാളില്‍ ഉച്ചകഴിഞ്ഞു രണ്ടിനു നടക്കും. 'ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ കേരളത്തിലെ കുടുംബങ്ങള്‍ - ഒരു വിലയിരുത്തല്‍' എന്ന വിഷയത്തിലുള്ള സെമിനാര്‍ മലങ്കരസഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. എറണാകുളം - അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ അധ്യക്ഷത വഹിക്കും. അഡീഷണല്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ്‌ മുഖ്യപ്രഭാഷണം നടത്തും. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ്‌ കോട്ടയില്‍, അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ്‌ വിതയത്തില്‍ എന്നിവര്‍ പ്രസംഗിക്കും. കേരളത്തിലെ 30 രൂപതകളില്‍നിന്നു തെരഞ്ഞെടുക്കുന്ന പ്രതിനിധികളായിരിക്കും സെമിനാറില്‍ പങ്കെടുക്കുക. സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയില്‍ വൈകുന്നേരം നാലിനാണു ജൂബിലിയോടനുബന്ധിച്ചുള്ള ദിവ്യബലി. ലത്തീന്‍ റീത്തില്‍ ഇംഗ്ളീഷില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ കര്‍ദിനാള്‍ മര്‍ഫി മുഖ്യകാര്‍മികനാകും. ഭാരതീയ പാരമ്പര്യത്തിണ്റ്റെ പ്രതീകമായി അള്‍ത്താരയില്‍ സ്ഥാപിച്ചിട്ടുള്ള നിലവിളക്ക്‌ കര്‍ദിനാള്‍ കൊളുത്തുന്നതോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ദിവ്യബലിക്കു മുമ്പായി സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ സ്വാഗതമാശംസിക്കും. സിബിസിഐ പ്രസിഡണ്റ്റ്‌ കര്‍ദിനാള്‍ ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌ ആമുഖപ്രഭാഷണം നടത്തും. മുഖ്യകാര്‍മികനായ കര്‍ദിനാള്‍ മര്‍ഫി തന്നെയായിരിക്കും ദിവ്യബലി മധ്യേയുള്ള വചനപ്രഘോഷണവും നടത്തുക. കെസിബിസി പ്രസിഡണ്റ്റ്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ നന്ദി പറയും. ദിവ്യബലിയില്‍ മിക്ക ഗാനങ്ങളും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനവേളയില്‍ പാടിയവയായിരിക്കുമെന്ന്‌ ലിറ്റര്‍ജി സംബന്ധിച്ച കമ്മിറ്റിയുടെ കണ്‍വീനര്‍മാരായ ഫാ. ജോസ്‌ പടിയാരംപറമ്പിലും ഫാ. ജോസ്‌ ചിറമേലും പറഞ്ഞു. ഫാ. ക്യാപ്പിസ്റ്റന്‍ ലോപ്പസായിരിക്കും ഗായകസംഘത്തെ നയിക്കുക. മെത്രാന്‍മാര്‍, കെസിബിസി കമ്മീഷന്‍ സെക്രട്ടറിമാര്‍, രൂപത പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറിമാര്‍, സന്യാസസഭകളുടെ സുപ്പീരിയര്‍ ജനറല്‍മാര്‍, മറ്റു ക്ഷണിതാക്കള്‍ എന്നിവര്‍ക്കായി രാത്രി ഏഴിനു വരാപ്പുഴ അതിമെത്രാസന മന്ദിരത്തില്‍ സ്വീകരണംനല്‍കും. റെക്സ്‌ ബാന്‍ഡിണ്റ്റെ ഗായകര്‍ പ്രാര്‍ഥനാഗാനങ്ങള്‍ ആലപിക്കും. വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ സ്വാഗതമാശംസിക്കും. കര്‍ദിനാള്‍ മര്‍ഫി ഒക്കോണര്‍, കര്‍ദിനാള്‍ ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌ എന്നിവര്‍ പ്രസംഗിക്കും.കെസിബിസി സെക്രട്ടറി ആര്‍ച്ച്ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌ നന്ദി രേഖപ്പെടുത്തും. കര്‍ദിനാള്‍ മര്‍ഫി ഒക്കോണറും മറ്റു വിശിഷ്ടാതിഥികളും എട്ടിനു മടങ്ങിപ്പോകും.