ലോകം നിലനില്‍ക്കുന്നത് ഒരു മതം കൊണ്ടു മാത്രമല്ല, സര്‍വേശ്വരണ്റ്റെ കാരുണ്യം കൊണ്ടു മാത്രമാണെന്ന തിരുവനന്തപുരം മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ. ഇന്നലെ ഗാന്ധിപാര്‍ക്കില്‍ നടന്ന നബിദിന മഹാസമ്മേളനത്തിണ്റ്റെ സമാപന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈശ്വരകടാക്ഷം കൊണ്ടാണ് പുണ്യജന്‍മങ്ങള്‍ നമുക്കുണ്ടാകുന്നത്. ആചാര്യന്‍മാരുടെ പവിത്രമായ ജന്‍മം കൊണ്ടും ജീവിതം ദര്‍ശനം കൊണ്ടും അനുഗ്രഹീതമായ ഒരു പൈതൃകം നമ്മിലുണ്ട്. ആപൈതൃകത്തിണ്റ്റെ ഒരു പ്രത്യേക മുഹൂര്‍ത്തത്തില്‍ ആണ് നാമിന്ന് നബി തിരുമേനിയുടെ ജന്‍മദിനം ആഘോഷിക്കുന്നത്. ദൈവം അയച്ച പ്രവാചകന്‍ ആണ് നബി തിരുമേനി. സനാതന ധര്‍മത്തെക്കുറിച്ചും മനുഷ്യനോട് കാണിക്കേണ്ട മനോഭാവത്തെക്കുറിച്ചും വ്യക്തമായ ദര്‍ശനം പ്രബോധനമായി നബി നമുക്ക് നല്‍കിയെന്നും കാതോലിക്ക ബാവ കൂട്ടിച്ചേര്‍ത്തു. സ്നേഹവും കരുണയും വറ്റിപ്പോയ ഒരു കാലഘട്ടത്തിലാണ് പ്രവാചകനായ നബി തിരുമേനി ജന്‍മം കൊണ്ടത്. ദൈവത്തിണ്റ്റെ കരുണയും നീതിയും ലോകത്തോട് പറയുന്നതിന് ദൈവം നബിയെ ഉപയോഗിച്ചു. ക്രിസ്തുവിനെക്കുറിച്ചും നബിയെക്കുറിച്ചും ശ്രീരാമനെക്കുറിച്ചും അനേകം നന്‍മകള്‍ പറയുന്നതിന് നമുക്ക് കഴിയും. ഈ മഹാനുഭാവന്‍മാരുടെ ജീവിതക്രമം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി ലോകത്തിന് നല്‍കാന്‍ കടപ്പെട്ടവരാണ് നമ്മളെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കെപിസിസി പ്രസിഡണ്റ്റ് കെ.മുരളീധരനാണ് ഗാന്ധിപാര്‍ക്കില്‍ നടന്ന നബിദിന മഹാസമ്മേളനത്തിണ്റ്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ എ.സമ്പത്ത് എംപി, സ്വാമി ജ്യോതി രൂപ ജ്ഞാന തപസ്യ, പൂഴനാട് സുധീര്‍, ഹുസൈന്‍ മൌലവി മുണ്ടക്കയം തുടങ്ങിയവര്‍ പങ്കെടുത്തു.