ഇറ്റലിയിലെ ഏറ്റവും വലിയ വിമാനം, അലിറ്റാലിയയുടെ ബോയിംഗ് 747 ജംബോ ജെറ്റാണു ജനുവരി 31-നു രാത്രി റോമിലെ ഫ്യുമിച്ചിനോ ലെയൊനാര്‍ദോ ഡാവിഞ്ചി വിമാനത്താവളത്തില്‍ ഡല്‍ഹിക്കു പുറപ്പെടാന്‍ പരിശുദ്ധ പിതാവിനും സംഘത്തിനുംവേണ്ടി ഒരുങ്ങിനിന്നത്. ആല്‍പ്സ് പര്‍വതത്തിലെ സ്കീയിംഗ് കേന്ദ്രമായ ചെര്‍വീനിയയുടെ പേരാണു വത്തിക്കാന്‍ രാഷ്ട്രത്തിണ്റ്റെയും പരിശുദ്ധ സിംഹാസനത്തിണ്റ്റെയും മുദ്ര പതിച്ച ആ വിമാനത്തിനു നല്‍കിയിരുന്നത്. വത്തിക്കാനിലെ മണികളുടെ കവാടത്തില്‍ നിന്ന് ഇരുണ്ട നീല നിറമുള്ള എസ്സിവി - 1 മേഴ്സിഡസ് കാറില്‍ മാര്‍പാപ്പ ഫ്യുമിച്ചിനോയില്‍ വന്നിറങ്ങുമ്പോള്‍ മഞ്ഞുകാലത്തെ ചാറ്റല്‍മഴയില്‍ കുതിര്‍ന്നുകിടക്കുകയായിരുന്നു ചെര്‍വീനിയ. വെളുത്ത കുടക്കീഴില്‍ രാത്രി 9.40-നു ജോണ്‍ പോള്‍ മാര്‍പാപ്പ ഫ്ളൈറ്റ് എ. സെഡ് 4786-ല്‍ ടോപ് ക്ളാസിലേക്കുള്ള പടവുകള്‍ കയറി. പന്ത്രണ്ടു പേര്‍ക്ക് ഇരിക്കാവുന്ന ടോപ് ക്ളാസ് മാര്‍പാപ്പയ്ക്കുവേണ്ടി ഒരു സ്വീകരണ മുറിയുടെ മാതൃകയില്‍ അലിറ്റാലിയ സജ്ജമാക്കിയിരുന്നു. ഒരു മേശയും മുഖാഭിമുഖം രണ്ടു കസേരകളും, ഒരു വിരികൊണ്ടു മറച്ച കട്ടിലും. ബിസിനസ് ക്ളാസില്‍ മൂന്നു കര്‍ദിനാള്‍മാരും - വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി അഗസ്തീനോ കസറോളി, സൈമണ്‍ ലൂര്‍ദുസ്വാമി, ജോസഫ് ടോംകോ - മൂന്ന് ആര്‍ച്ച്ബിഷപ്പുമാരും മൂന്നു മോണ്‍സിഞ്ഞോര്‍മാരും ഉള്‍പ്പെടുന്ന ഔദ്യോഗിക പേപ്പല്‍ സംഘം. ഇക്കണോമി സോണില്‍, ലോകത്തിണ്റ്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 75 മാധ്യമപ്രവര്‍ത്തകര്‍. അക്കൂട്ടത്തില്‍ ഇന്ത്യക്കാരായി ഞങ്ങള്‍ മൂന്നുപേരുണ്ടായിരുന്നു - മാതൃഭൂമിയുടെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി വി.കെ. മാധവന്‍കുട്ടി, ദീപികയുടെ ഇന്നത്തെ ചീഫ് എഡിറ്റര്‍ ഫാ. അലക്സാണ്ടര്‍ പൈകട, മലയാള മനോരമ പ്രതിനിധിയായി ഞാനും. ആകെ 432യാത്രക്കാര്‍ക്കു കയറാവുന്ന ചെര്‍വീനിയയില്‍ 22 വിമാന ജീവനക്കാര്‍ ഉള്‍പ്പെടെ 128 പേര്‍ മാത്രം.
പേപ്പല്‍ ഫ്ളൈറ്റ് ഗ്രീസ് അതിര്‍ത്തി കടന്നു സൈപ്രസിലെത്തിയപ്പോള്‍ സമയവും തീയതിയും മാറി - ഫെബ്രുവരി ഒന്ന്, ഒരു മണി 13 മിനിറ്റ്. സിറിയയും ജോര്‍ദാനും സൌദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും ഒമാനും പാക്കിസ്ഥാനും കടന്നു ചെര്‍വീനിയ ഡല്‍ഹി പാലം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള 7,017 കിലോമീറ്റര്‍ പറന്നെത്തിയതു നിശ്ചിത സമയത്തിന് 25മിനിറ്റു മുമ്പ്. രാവിലെ പത്തിനാണു ചെര്‍വീനിയയുടെ വാതില്‍ തുറന്നു പുണ്യദര്‍ശനത്തിണ്റ്റെ പ്രഭാതത്തിലേക്കു ഭൂമുഖത്തെ ഏറ്റവും മഹിമയേറിയ തീര്‍ഥാടകന്‍ അനുഗ്രഹവര്‍ഷത്തിണ്റ്റെ കരങ്ങള്‍ വിടര്‍ത്തി നിന്നത്. രാത്രി പരിശുദ്ധ പിതാവിനു നേര്‍ത്ത പനിയുണ്ടായിരുന്നതിനാല്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കാണാന്‍ ടോപ്ക്ളാസില്‍നിന്ന് ഇറങ്ങിവന്നില്ല. സ്വര്‍ഗത്തിണ്റ്റെയും ഭൂമിയുടെയും താക്കോല്‍ ലഭിച്ച വലിയ മുക്കുവണ്റ്റെ പിന്‍ഗാമിയോടൊപ്പം ആകാശത്തു ചെലവഴിച്ച 482മിനിറ്റ് - ഒരായുസിണ്റ്റെ പുണ്യം - ഒരു നിമിഷം പോലും പാഴാക്കാതിരിക്കാന്‍ ആ രാവില്‍ ഞാന്‍ ഒരുപോള കണ്ണടച്ചില്ല. മഹാ ആഗമനത്തിണ്റ്റെ ജാഗരം. വത്തിക്കാന്‍ പ്രസ് ഓഫീസില്‍വച്ചു കണ്ടപ്പോഴൊക്കെ പാശ്ചാത്യ വാര്‍ത്താലേഖകര്‍ എന്നോടു പ്രധാനമായും ചോദിച്ച മൂന്നു കാര്യങ്ങളുണ്ട്: ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇറ്റലിക്കാരിയായ പത്നി സോണിയാഗാന്ധി വിമാനത്താവളത്തില്‍ പാപ്പയെ സ്വീകരിക്കാനെത്തുമ്പോള്‍ മുട്ടുകുത്തി പരിശുദ്ധ പിതാവിണ്റ്റെ കൈ മുത്തുമോ? അപ്പസ്തോലിക സന്ദര്‍ശനത്തെ എതിര്‍ക്കുന്ന ഹൈന്ദവ തീവ്രവാദികള്‍ എന്തെങ്കിലും പ്രശ്നം സൃഷ്ടിക്കുമോ? കോല്‍ക്കത്തയില്‍ മദര്‍ തെരേസയോടൊപ്പം നിന്നു മാര്‍പാപ്പ ഇന്ത്യാ ഗവണ്‍മെണ്റ്റിണ്റ്റെ കുടുംബാസൂത്രണ നയത്തെ വിമര്‍ശിക്കുമോ? ഡല്‍ഹി വിമാനത്താവളത്തില്‍ മാര്‍പാപ്പയെ രാഷ്ട്രപതി ഗ്യാനി സെയില്‍ സിംഗും പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ചേര്‍ന്നു സ്വീകരിക്കുമ്പോഴും ഇറ്റാലിയന്‍ ടിവി കാമറകള്‍ സോണിയാഗാന്ധിയെ തെരയുകയായിരുന്നു.
അപ്പസ്തോലിക സന്ദര്‍ശനത്തിണ്റ്റെ തുടക്കത്തില്‍ പതിവുള്ളതുപോലെ ജോണ്‍ പോള്‍ മാര്‍പാപ്പ മുട്ടുകുത്തി സാഷ്ടാംഗം പ്രണമിച്ചുകൊണ്ടു ഭാരതമണ്ണില്‍ ചുംബിച്ചു. ഐക്യത്തിലേക്കുള്ള നാഥണ്റ്റെ വിളി എന്ന മുഖവാക്യമായിരുന്നു ഇരുമിഴി ദീപവും കുരിശും ആലേഖനം ചെയ്ത അപ്പസ്തോലിക സന്ദര്‍ശനത്തിണ്റ്റെ ഔദ്യോഗിക മുദ്ര. വരവേല്‍പ്പിനു നന്ദി പറഞ്ഞുകൊണ്ട്, നമസ്തേ എന്ന അഭിസംബോധനയില്‍ തുടങ്ങി ജയ് ഹിന്ദില്‍ അവസാനിച്ച ആമുഖപ്രഭാഷണത്തില്‍ മാനവ മഹത്വത്തെയും സമൂഹത്തില്‍ സമത്വത്തിനായുള്ള ഓരോ വ്യക്തിയുടെയും അവകാശത്തെയുംകുറിച്ചു പരാമര്‍ശിക്കവെ പാപ്പ രവീന്ദ്രനാഥ ടാഗോറിണ്റ്റെ ഗീതാഞ്ജലിയില്‍നിന്നുള്ള വരികള്‍ ഉദ്ധരിച്ചു:
എവിടെ നിര്‍ഭയമാകുന്നു മാനസം,
എവിടെ നില്‍ക്കുന്നു ശീര്‍ഷം സമുന്നതം,
എവിടെ വിജ്ഞാനം പൂര്‍ണ സ്വതന്ത്രമായ്
അവികലമായി വിരാജിപ്പു നിത്യവും
മുക്തിതണ്റ്റെയാ സ്വര്‍ഗരാജ്യത്തിലേക്കെണ്റ്റെ
നാടൊന്ന് ഉണരണേ ദൈവമേ...
വിമാനത്താവളത്തില്‍നിന്നു ന്യൂഡല്‍ഹിയിലെ തിരുഹൃദയ കത്തീഡ്രലില്‍ എത്തിയ മാര്‍പാപ്പ എല്ലാവരോടും നമസ്കാര്‍ പറഞ്ഞു. സുവര്‍ണജൂബിലി ആഘോഷിക്കുന്ന ഡല്‍ഹി അതിരൂപതയെ തിരുഹൃദയത്തിനു സമര്‍പ്പിച്ചശേഷം അമലോത്ഭവ മാതാവിണ്റ്റെ ഗ്രോട്ടോയില്‍ അല്‍പനേരം ധ്യാനിച്ചു നിന്നു.ഭാരതപര്യടനത്തിനുള്ള ഒരുക്കത്തിണ്റ്റെ ഭാഗമായി പാപ്പ മലയാളത്തിലും ഹിന്ദിയിലും തമിഴിലും ബംഗാളിയിലും മറാത്തിയിലും ഗോവന്‍ കൊങ്കണിയിലും കന്നഡയിലും ഏതാനും വാക്യങ്ങള്‍ പറയാനുള്ള തീവ്രപരിശീലനത്തില്‍ മുഴുകിയിരുന്നു. ഇന്ത്യക്കാരായ അഞ്ചു വൈദികരെയും മൂന്നു സന്യാസിനികളെയും മാര്‍പാപ്പ തണ്റ്റെ അരമനയില്‍ അത്താഴത്തിനു ക്ഷണിച്ചുവരുത്തിയാണ് ഇന്ത്യയുടെ ഭാഷാവൈവിധ്യത്തിണ്റ്റെ വെല്ലുവിളി നേരിടാന്‍ ശ്രമിച്ചത്. വത്തിക്കാന്‍ നയതന്ത്രജ്ഞനായ ചേര്‍ത്തല കൊക്കമംഗലം സ്വദേശി മോണ്‍. ജോസഫ് ചേന്നോത്ത് ആണു മലയാളം പഠിപ്പിക്കാന്‍ നിയുക്തനായത്. (പിന്നീട് ആര്‍ച്ച്ബിഷപ്പായ ജോസഫ് ചേന്നോത്ത് ഇപ്പോള്‍ ടാന്‍സാനിയയില്‍ വത്തിക്കാന്‍ സ്ഥാനപതിയാണ്) ലത്തീന്‍ ലിപിയില്‍ എഴുതി എടുത്തും കാസറ്റില്‍ റിക്കാര്‍ഡു ചെയ്ത ഭാഗങ്ങള്‍ ശ്രവിച്ചുമാണു മാര്‍പാപ്പ മലയാളവും മറ്റ് ഇന്ത്യന്‍ ഭാഷകളും, കൂട്ടത്തില്‍ ഏതാനും സംസ്കൃത ശ്ളോകങ്ങളും കൈകാര്യം ചെയ്യാന്‍ പഠിച്ചത്.ഭാരതീയ തത്ത്വചിന്തകളുടെയും ആധ്യാത്മികതയുടെയും അനുഷ്ഠാനങ്ങളുടെയും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ശ്രമിച്ച പരിശുദ്ധ പിതാവ് റോമിലെ ഉര്‍ബന്‍ സര്‍വകലാശാലയില്‍ റെക്ടറും ഹൈന്ദവപഠന പ്രഫസറുമായിരുന്ന കര്‍മലീത്താ സഭാംഗമായ ഡോ. ഡാനിയല്‍ അച്ചാരുപറമ്പിലിനെയും (പിന്നീട് വരാപ്പുഴ ആര്‍ച്ച്ബിഷപ്പായി ഇദ്ദേഹത്തെ മാര്‍പാപ്പ നിയമിച്ചു) ജോര്‍ജിയന്‍ സര്‍വകലാശാലയില്‍ പ്രഫസറായിരുന്ന തമിഴ്നാട്ടുകാരനായ ഈശോസഭാംഗം ഡോ. മരിയ സൂസൈതവമണിയെയും പലവട്ടം വത്തിക്കാന്‍ അരമനയിലേക്കു ക്ഷണിച്ചുവരുത്തി ഗാഢമായ ചര്‍ച്ചകളില്‍ മുഴുകി. ഗാന്ധിയന്‍ ദര്‍ശനവും രവീന്ദ്രനാഥ ടാഗോറിണ്റ്റെയും ഡോ. എസ്. രാധാകൃഷ്ണണ്റ്റെയും കൃതികളും അദ്ദേഹത്തിനു പരിചിതമായിരുന്നു.
ന്യൂഡല്‍ഹിയില്‍ രാഷ്ട്രപതിഭവനിലെ സ്വീകരണത്തിണ്റ്റെ ഔപചാരിക ചടങ്ങുകള്‍ കഴിഞ്ഞു യമുനാതീരത്തെ രാജ്ഘട്ടില്‍ എത്തിയ മാര്‍പാപ്പ, മഹാത്മാഗാന്ധിയുടെ സമാധിയിലേക്കു നഗ്നപാദനായി നടന്നു. പുഷ്പചക്രം അര്‍പ്പിച്ച് ആദരവോടെ സമാധിയില്‍ മുട്ടുകുത്തിയ പാപ്പയ്്ക്കു ചുറ്റുമുള്ള ലോകം ആറു മിനിറ്റോളം നിശ്ചലമായതുപോലെ തോന്നി. ധ്യാനത്തില്‍നിന്ന് ഉണര്‍ത്താന്‍ പ്രോനുണ്‍ഷ്യോ അഗസ്തീനോ കാഷ്യവിലനു പരിശുദ്ധ പിതാവിണ്റ്റെ ചെവിയില്‍ മന്ത്രിക്കേണ്ടിവന്നു. രാജ്ഘട്ടില്‍ നിന്നു വിടവാങ്ങുന്നതിനു മുമ്പു മാര്‍പാപ്പ പറഞ്ഞു: ഞാന്‍ ഗാന്ധിജിയെപ്പറ്റി വായിക്കുംതോറും എത്ര സത്യമാണ് അദ്ദേഹത്തിണ്റ്റെ പ്രബോധനങ്ങള്‍ എന്നു മനസിലാക്കുന്നു.രാജ്ഘട്ടിലെ പ്രസംഗത്തിണ്റ്റെ അവസാനം പാപ്പ ഹിന്ദിയില്‍ പറഞ്ഞു, മഹാത്മാഗാന്ധി അമര്‍ ഹേ. സത്യ, അഹിംസ അമര്‍ ഹേ...രാജ്ഘട്ടില്‍ പാപ്പ ഒരു മാവിന്‍തൈ നട്ടു. അപ്പസ്തോലിക സന്ദര്‍ശനത്തിന് എത്തിയ മാര്‍പാപ്പയ്ക്ക് ഔദ്യോഗിക ബഹുമതികളോടെയാണു വരവേല്‍പ്പു നല്‍കിയതെങ്കിലും പത്തു ദിവസം നീണ്ട തീര്‍ഥാടനത്തിനിടെ ഒരിടത്തും അദ്ദേഹം രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ സര്‍ക്കാര്‍ അതിഥിമന്ദിരങ്ങളില്‍ തങ്ങിയില്ല. ഡല്‍ഹിയില്‍ അപ്പസ്തോലിക നുണ്‍ഷ്യേച്ചറിലും, മറ്റിടങ്ങളിലെല്ലാം മെത്രാസനമന്ദിരങ്ങളിലുമാണു താമസിച്ചത്. ഡല്‍ഹിയില്‍ ഏഷ്യന്‍ ഗെയിംസ് വേദിയായിരുന്ന ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു മാര്‍പാപ്പയുടെ ദിവ്യബലിയും മത-സാംസ്കാരിക അനുഭവ പരിപാടിയും.നുണ്‍ഷ്യേച്ചറില്‍ ടിബറ്റന്‍ ബുദ്ധമതാചാര്യനായ ദലൈ ലാമയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ജോണ്‍ പോള്‍ മാര്‍പാപ്പ പറഞ്ഞു: ഞാന്‍ ഇപ്പോള്‍ ടിബറ്റുകൂടി സന്ദര്‍ശിച്ചതുപോലെയായി. അങ്ങ് ഇവിടെ വന്നല്ലോ, എണ്റ്റെ മുമ്പില്‍ ടിബറ്റായി ധര്‍മശാലയില്‍നിന്നു പാപ്പയെ കാണാനെത്തിയ ദലൈ ലാമ ടിബറ്റുകാര്‍ സൌഹൃദത്തിണ്റ്റെ അടയാളമായി കാണുന്ന ഖടക് എന്ന വെണ്‍പട്ടു ഷാളും ഓപ്പണിംഗ് ദി ഐ ഓഫ് ന്യൂ അവേര്‍നസ് എന്ന തണ്റ്റെ പുസ്തകവും അദ്ദേഹത്തിനു സമ്മാനിച്ചു. പാപ്പ അദ്ദേഹത്തിനു ജപമാലയും മെഡലും നല്‍കി. അസീസിയില്‍ വിളിച്ചുകൂട്ടുന്ന ലോക മതസമ്മേളനത്തിണ്റ്റെ കാര്യം ദലൈ ലാമയെ ഓര്‍മിപ്പിക്കുകയും ചെയ്തു.