Tuesday, February 1, 2011

പഠനസഹായിയിലെ മോശമായ ചിത്രീകരണം ആസൂത്രിത ശ്രമത്തിണ്റ്റെ ഭാഗം: മാര്‍ ജോസഫ്‌ പവ്വത്തില്‍

മതവിരുദ്ധത അധ്യാപകരിലും വിദ്യാര്‍ഥികളിലും കുത്തിവയ്ക്കാന്‍ പ്രത്യയശാസ്ത്രക്കാര്‍ നടത്തുന്ന ആസൂത്രിതവും വ്യാപകവുമായ ശ്രമത്തിണ്റ്റെ ഭാഗമായിട്ടാണ്‌ ഒമ്പതാം ക്ളാസിലെ പഠനസഹായിയില്‍ മതവിശ്വാസികള്‍ നടത്തുന്ന സ്ഥാപനങ്ങളെ മോശമായി ചിത്രീകരിക്കുന്ന രചന ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്‌ ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. പാഠപുസ്തകങ്ങളിലൂടെയും പഠനസഹായികളിലൂടെയും ചോദ്യപേപ്പറുകളിലൂടെയും അധ്യാപകരുടെ ക്ളസ്റ്ററുകളിലൂടെയുമെല്ലാം ഈയൊരു പ്രത്യയശാസ്ത്ര പ്രചാരണം നടക്കുന്നുവെന്ന്‌ ഇതിനുമുമ്പുണ്ടായിട്ടുളള സംഭവങ്ങള്‍ തെളിയിക്കുന്നുണ്ട്‌. കേരളത്തില്‍ ബുദ്ധിമാന്ദ്യമുള്ളവര്‍ക്കും ഏയ്ഡ്സ്‌ രോഗികള്‍ക്കും അനാഥര്‍ക്കും വേണ്ടി നടത്തുന്ന സ്ഥാപനങ്ങളില്‍ നല്ലപങ്കും ക്രൈസ്തവരുടേതാണ്‌. ഇത്തരത്തില്‍ ഏറ്റവുമധികം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി മതവിശ്വാസികളുടെ നേതൃത്വത്തില്‍ മികച്ച സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളാണു നടക്കുന്നത്‌. ഈ സ്ഥാപനങ്ങളെ, പ്രത്യേകിച്ചു ക്രൈസ്തവസ്ഥാപനങ്ങളെ, കരിതേച്ചു കാണിക്കാന്‍ ശ്രമിക്കുന്നതു സാമൂഹ്യരംഗത്തെ കൈയേറ്റമായേ കാണാന്‍ കഴിയൂ.തെറ്റുകാര്‍ക്കെതിരേ നടപടിയെടുക്കാനും തെറ്റുതിരുത്താനും വിദ്യാഭ്യാസവകുപ്പു തയാറാകണമെന്ന്‌ മാര്‍ പവ്വത്തില്‍ ആവശ്യപ്പെട്ടു.