Friday, March 4, 2011

കുടുംബ പ്രേഷിതപ്രവര്‍ത്തനം ഊര്‍ജിതമാകണം: മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍

മാറിയ കാലഘട്ടത്തില്‍ കുടുംബപ്രേഷിത പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതപ്പെടുത്തേണ്ടത്‌ ആവശ്യമാണെന്നു കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. രൂപത ഫാമിലി അപ്പോസ്തലേറ്റ്‌ ഡയറക്ടര്‍മാരുടെ യോഗം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ഇടയില്‍പ്പോലും വര്‍ധിച്ചുവരുന്ന മദ്യപാനം, മക്കളുടെ വിദ്യാഭ്യാസത്തില്‍ കുടുംബത്തിണ്റ്റെ താളംതെറ്റിയ മനോഭാവങ്ങള്‍, സമൂഹത്തില്‍ പ്രകടമാകുന്ന ധനാസക്തിയും ലൈംഗിക താളംതെറ്റലുകളും, അണുകുടുംബം ഉണര്‍ത്തുന്ന നിരവധിയായ പ്രശ്നങ്ങള്‍ എന്നിവ കുടുംബപ്രേഷിത പ്രവര്‍ത്തനങ്ങള്‍ സജീവമാക്കേണ്ടതിണ്റ്റെ ആവശ്യകതയെ ഓര്‍മിപ്പിക്കുന്നതാണ്‌. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കു ലൈഫ്‌ ഗൈഡന്‍സ്‌ കോഴ്സുകള്‍, സ്കൂള്‍ കുട്ടികള്‍ക്കു കൌണ്‍സലിംഗ്‌ സൌകര്യം, ദമ്പതീ കൂട്ടായ്മകളുടെ രൂപീകരണം, കൂടുതല്‍ മക്കളുള്ള ദമ്പതികള്‍ക്കു പ്രോത്സാഹനം, പ്രൊ-ലൈഫ്‌ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഫാമിലി കമ്മീഷണ്റ്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടെന്നു രൂപതാ പ്രവര്‍ത്തന ങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുട്ടികളുടെ പ്രശ്നങ്ങള്‍ക്കു കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ ഈ വര്‍ഷം ഫാമിലി കമ്മീഷന്‍ ശ്രമിക്കും. കുട്ടികള്‍ കുടുംബത്തിന്‌ അനുഗ്രഹം എന്നതായിരിക്കും ഈ വര്‍ഷത്തെ കമ്മീഷണ്റ്റെ മുദ്രാവാക്യം. കുട്ടികളെക്കുറിച്ചുള്ള ക്രൈസ്തവവീക്ഷണം, അവര്‍ക്കു ലഭിക്കേണ്ട സമഗ്രവിദ്യാഭ്യാസം, അവരുടെ സമൂഹവത്കരണം, മാധ്യമവിദ്യാഭ്യാസം എന്നിവ ചര്‍ച്ചാവിഷയമാക്കുമെന്നും മാര്‍ ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. 1985 മുതല്‍ സഭയില്‍ നടന്നുവരുന്ന വിവാഹ ഒരുക്ക സെമിനാറിണ്റ്റെ ഫല ത്തെക്കുറിച്ചു സര്‍വേ നടത്താനും കുടുംബങ്ങളുടെ പാപ്പാ എന്നറിയപ്പെടുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഒക്ടോബര്‍ അഞ്ച്‌, ആറ്‌ തീയതികളില്‍ പിഒസിയില്‍ അദ്ദേഹത്തിണ്റ്റെ കുടുംബദര്‍ശനത്തെക്കുറിച്ചു രൂപതാ റിസോഴ്സ്‌ ടീമിനുവേണ്ടി ദ്വിദിനസെമിനാര്‍ നടത്താനും തീരുമാനിച്ചതായി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ്‌ കോട്ടയില്‍ അറിയിച്ചു.