Wednesday, April 6, 2011

സീറോ മലബാര്‍ മെത്രാന്‍മാര്‍ ഒര്‍ത്തോണയിലെ മാര്‍ത്തോമാശ്ളീഹായുടെ ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പിച്ചു

കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ അകാല വേര്‍പാടിനെത്തുടര്‍ന്ന്‌, റോമില്‍ നടന്നുകൊണ്ടിരിക്കുന്ന സീറോ മലബാര്‍ മെത്രാന്‍മാരുടെ ഔദ്യോഗിക സന്ദര്‍ശനം ഏഴിന്‌ മാര്‍പാപ്പയുടെ അഭിസംബോധനയോടെ സമാപിക്കുകയാണ്‌. മുന്‍ തീരുമാനമനുസരിച്ച്‌ 12 നാണ്‌ ഔദ്യോഗികമായി സന്ദര്‍ശന പരിപാടി സമാപിക്കേണ്ടിയിരുന്നത്‌. സീറോ മലബാര്‍ സഭയിലെ 34 മെത്രാന്‍മാര്‍ ഇറ്റലിയിലെ ഒര്‍ത്തോണയിലുള്ള മാര്‍ത്തോമാശ്ളീഹായുടെ ബസിലിക്ക സന്ദര്‍ശിച്ച്‌ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ബസിലിക്കായില്‍ വിശുദ്ധ തോമാശ്ളീഹായുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുണ്ട്‌. ചെന്നൈയിലെ മൈലാപ്പൂരില്‍ കബറടക്കം ചെയ്യപ്പെട്ട വിശുദ്ധ തോമാശ്ളീഹായുടെ പൂജ്യശരീരത്തിണ്റ്റെ ഭൌതികാവശിഷ്ടങ്ങള്‍ നാലാം നൂറ്റാണ്ടില്‍ എസേസ്സായിലേയ്ക്കും കുരിശുയുദ്ധകാലഘട്ടത്തില്‍ ഇറ്റലിയിലെ ഒര്‍ത്തോണയിലേയ്ക്കും സംവഹിക്കപ്പെട്ടു. ഈ പൂജ്യാവശിഷ്ടങ്ങള്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഒര്‍ത്തോണയിലെ ഈ ബസിലിക്ക തീര്‍ത്ഥകേന്ദ്രമായി നിലകൊള്ളുന്നു. ഈ ഭൌതികാവശിഷ്ടങ്ങളുടെ ഭാഗങ്ങളാണ്‌ നമ്മുടെ മാര്‍ത്തോമ്മ തീര്‍ത്ഥകേന്ദ്രങ്ങളില്‍ കൊണ്ടുവന്ന്‌ സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പുകള്‍. പൊന്തിഫിക്കല്‍ ഓറിയണ്റ്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിണ്റ്റേയും മാര്‍ത്തോമ്മ യോഗത്തിണ്റ്റെയും സംയുക്താഭിമുഖ്യത്തില്‍ മാര്‍ത്തോമ്മ പൈതൃകത്തെക്കുറിച്ചുള്ള സെമിനാര്‍ കാര്‍ഡിനല്‍ ലെയണാര്‍ഡോ സാന്ദ്ര ഉദ്ഘാടനം ചെയ്തു. കര്‍ദിനാള്‍ ബര്‍ണാര്‍ഡ്‌ ലോ അധ്യക്ഷത വഹിച്ചു. മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, മോണ്‍. നത്താലേ ലോതാ, പ്രഫ. പാബ്ളോ ഗഫായേല്‍ എന്നിവര്‍ നവസുവിശേഷവല്‍ക്കരണം എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂറ്‍, ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, ഫാ. ജെയിംസ്‌ മക്കാന്‍, സിസ്റ്റര്‍ നാന്‍സി എന്നിവര്‍ പ്രസംഗിച്ചു. ആദ്ലിമിന സന്ദര്‍ശനത്തിണ്റ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി, എറണാകുളം, പാലക്കാട്‌, ഇരിങ്ങാലക്കുട, ബിജ്നോര്‍, ഗോരഖ്പൂറ്‍, രാമനാഥപുരം, തക്കല, ഇടുക്കി, കല്യാണ്‍, താമരശ്ശേരി, മാനന്തവാടി, മാണ്ഡ്യ, ഭദ്രാവതി, ബല്‍ത്തങ്ങാടി എന്നീ രൂപതകളിലെ മേലധ്യക്ഷന്‍മാരും മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. മെത്രാന്‍മാരെല്ലാവരും വത്തിക്കാനിലെ സ്റ്റേറ്റ്‌ സെക്രട്ടറി കാര്‍ഡിനല്‍ തര്‍സിസിയേ ബര്‍ത്തോണയെ സന്ദര്‍ശിച്ച്‌ സഭയുടെ ആവശ്യങ്ങള്‍ ഉണര്‍ത്തിച്ചു. ചൊവ്വാഴ്ച പൌരസ്ത്യ തിരുസംഘത്തിണ്റ്റെ അധ്യക്ഷന്‍ കാര്‍ഡിനല്‍ ലെയണാര്‍ഡോ സാന്ദ്രയെയും അപ്രകാരം സന്ദര്‍ശിച്ച്‌ ഫലപ്രദമായ ആശയവിനിമയം നടത്തി.