ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ മെത്രാനും ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിണ്റ്റെ സ്ഥാപകനും ദിവ്യകാരുണ്യപ്രേഷിതനും സാമൂഹ്യപരിഷ്കര്‍ത്താവുമായ ദൈവദാസന്‍ മാര്‍ തോമസ് കുര്യാളശേരി ധന്യപദവിയില്‍. മാര്‍ കുര്യാളശേരിയുടെ ജീവിത നന്‍മയും സവിശേഷഗുണങ്ങളും അംഗീകരിച്ചു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ശനിയാഴ്ചയാണു ദൈവദാസനെ ധന്യപദവിയിലേക്കുയര്‍ത്തിക്കൊണ്ടുള്ള കല്‍പന പുറപ്പെടുവിച്ചത്. മാര്‍ കുര്യാളശേരി വീരോചിതമായ പുണ്യംകൊണ്ടു ക്രൈസ്തവ സാക്ഷ്യം നല്‍കിയ വ്യക്തിയാണെന്ന വസ്തുത അംഗീകരിച്ച് അത് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിണ്റ്റെ തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോയെ മാര്‍പാപ്പ ചുമതലപ്പെടുത്തിയിരുന്നു. മാര്‍പാപ്പ ശനിയാഴ്ച കര്‍ദിനാള്‍ ആഞ്ചലോ അമാത്തോയുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിലാണു മാര്‍ കുര്യാളശേരിയെ ധന്യപദവിയിലേക്ക് ഉയര്‍ത്തുന്ന കാര്യം അറിയിച്ചത്. ധന്യണ്റ്റെ മധ്യസ്ഥതയില്‍ ഒരു അദ്ഭുതം സ്ഥിരീകരിച്ചാല്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടും. തുടര്‍ന്ന് ഒരു അദ്ഭുതം കൂടി സ്ഥിരീകരിച്ചാല്‍ വിശുദ്ധ പദവിയിലേക്കും ഉയര്‍ത്തപ്പെടും. ചമ്പക്കുളം കുര്യാളശേരി ചാക്കോച്ചണ്റ്റെയും അക്കാമ്മയുടെയും ആറാമത്തെ മകനായി 1873 ജനുവരി 14നു ജനിച്ച മാര്‍ തോമസ് കുര്യാളശേരി, ചങ്ങനാശേരി സര്‍ക്കാര്‍ സ്കൂളില്‍ ഇംഗ്ളീഷ് പഠനവും മാന്നാനം സെണ്റ്റ് അപ്രേം സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. ദൈവശുശ്രൂഷ ജീവിത നിയോഗമായി സ്വീകരിച്ച കുഞ്ഞുതോമാച്ചന്‍ 1890 ജനുവരി 18ന് വൈദികപഠനത്തിനായി റോമിലേക്കു പോയി. ഒമ്പതുവര്‍ഷത്തെ പഠനത്തിനുശേഷം റോമിലെ സെണ്റ്റ് ജോണ്‍ ലാറ്ററന്‍ ദേവാലയത്തില്‍ തിരുപ്പട്ടം സ്വീകരിച്ചു. 1899 നവംബര്‍ ഒന്നിനു നാട്ടില്‍ തിരിച്ചെത്തിയ ഫാ. കുര്യാളശേരി ചങ്ങനാശേരി സെണ്റ്റ് ബെര്‍ക്കുമന്‍സ് ബോര്‍ഡിംഗില്‍ വൈസ് റെക്ടറായി. ഇടവക പ്രേഷിതത്വത്തിണ്റ്റെ ഭാഗമായി ചേന്നങ്കരി, കാവാലം, എടത്വാ, ചമ്പക്കുളം പള്ളികളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു. 1908 ഡിസംബര്‍ എട്ടിനാണ് അദ്ദേഹം ദിവ്യകാരുണ്യ ആരാധനാ സന്യാസിനീസമൂഹം സ്ഥാപിച്ചത്. 1909ല്‍ ചങ്ങനാശേരി ഓര്‍സ്ളം ദേവാലയം സ്ഥാപിച്ചു. 1911ല്‍ കോട്ടയത്ത് വികാരിയത്ത് സ്ഥാപിക്കപ്പെട്ടു. ചങ്ങനാശേരി വികാരി അപ്പസ്തോലിക്കയായി അതേവര്‍ഷം ഡിസംബര്‍ മൂന്നിന് അദ്ദേഹം കാന്‍ഡിയില്‍ മെത്രാഭിഷിക്തനായി. ഈ കാലയളവിലാണു ക്ഷേത്രപ്രവേശനവിളംബരത്തിനു സമാനമായി ദളിതര്‍ക്ക് എല്ലാ ദേവാലയങ്ങളിലും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കല്‍പന പുറപ്പെടുവിച്ചത്. ജൂബിലി വര്‍ഷമായ 1925ല്‍ അതു പ്രമാണിച്ചും വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമകരണച്ചടങ്ങില്‍ പങ്കെടുക്കാനായി റോമിലെത്തിയ ബിഷപ് കുര്യാളശേരി രോഗബാധിതനായി. ടൈബര്‍ നദീതീരത്തുള്ള ഫാത്തെ ദേനെ ഫ്രത്തില്ലി ആശുപത്രിയില്‍ 1925 ജൂണ്‍ രണ്ടിനു കാലം ചെയ്തു. റോമില്‍ കബറടങ്ങിയ മാര്‍ കുര്യാളശേരിയുടെ ഭൌതികാവശിഷ്ടം പിന്‍ഗാമിയായ ബിഷപ് മാര്‍ ജയിംസ് കാളാശേരി പത്തുവര്‍ഷങ്ങള്‍ക്കുശേഷം 1935ജൂലൈ 25ന് നാട്ടിലെത്തിച്ചു ചങ്ങനാശേരി കത്തീഡ്രല്‍ മദ്ബഹായില്‍ സ്ഥാപിച്ചു. ദിവ്യകാരുണ്യനാഥനെ ഓരോ മണിക്കൂറിലും ആരാധിക്കുന്ന സന്യാസിനീസഭ സാക്ഷാത്കരിക്കാനായി സ്ഥാപിച്ച ദിവ്യകാരുണ്യ ആരാധനാസന്യാസിനീ സമൂഹത്തിന് ഇന്ന് ആറു ഭൂഖണ്ഡങ്ങളിലെ പത്തു രാജ്യങ്ങളില്‍ 105 രൂപതകളിലായി 5000 സന്യാസിനിമാരുണ്ട്. 17 പ്രോവിന്‍സുകളാണു സഭയ്ക്കുള്ളത്. പ്രേഷിതമേഖലയായി ദിവ്യകാരുണ്യപ്രേഷിതത്വം, വിദ്യാഭ്യാസം, ആതുരശുശ്രൂഷ എന്നിവ സ്വീകരിച്ച സന്യാസിനീ സമൂഹത്തിണ്റ്റെ ജനറലേറ്റ് ആലുവയ്ക്കടുത്ത് കാരുകുന്നിലാണ്. 1983 ലാണ് മാര്‍ കുര്യാളശേരിയുടെ നാമകരണത്തിനുള്ള പ്രാരംഭ നടപടികള്‍ക്കു തുടക്കമായത്. ചങ്ങനാശേരി മാര്‍ തോമസ് കുര്യാളശേരി സെണ്റ്റര്‍ കേന്ദ്രമാക്കിയാണു ജീവചരിത്രപഠനങ്ങളും രോഗശാന്തിസാക്ഷ്യങ്ങളുടെ വിലയിരുത്തലും നടത്തിയത്. മോണ്‍. പോള്‍ പള്ളത്താണു നാമകരണ പഠനത്തിണ്റ്റെ പോസ്റ്റുലേറ്റര്‍. വൈസ് പോസ്റ്റുലേറ്ററായി സിസ്റ്റര്‍ ബെഞ്ചമിന്‍ മേരിയും നിയമിതയായി. ചങ്ങനാശേരിയില്‍ ധന്യണ്റ്റെ ഭൌതികാവശിഷ്ടം സൂക്ഷിച്ചിട്ടുള്ള ദേവാലയത്തില്‍ വര്‍ഷംതോറും ജൂണ്‍ രണ്ടിന് അനുസ്മരണദിനാചരണത്തിലും അന്നു മുതല്‍ ഒമ്പതുനാള്‍ നീളുന്ന നൊവേനയിലും വര്‍ഷങ്ങളായി ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു വരുന്നു. ബിഷപ് മാര്‍ കുര്യാളശേരിയുടെ മെത്രാഭിഷേക ശതാബ്ദി ആഘോഷിക്കുന്ന വര്‍ഷത്തില്‍ത്തന്നെ ധന്യപദവി ലഭിച്ചതു ദിവ്യകാരുണ്യനാഥണ്റ്റെ പ്രത്യേക സമ്മാനമായി സ്വീകരിക്കുന്നുവെന്നു ദിവ്യകാരുണ്യ ആരാധനാസന്യാസിനീസമൂഹത്തിണ്റ്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ റോസ് കേറ്റ് പറഞ്ഞു