Thursday, April 7, 2011

വലിയ ഇടയന്‌ അന്ത്യവിശ്രമം മുന്‍ഗാമികളുടെ കബറിടത്തിനരികെ

അള്‍ത്താരയില്‍ പൂര്‍വപിതാക്കന്‍മാരുടെ കബറിടത്തിനരികിലേക്ക്‌ അന്ത്യവിശ്രമത്തിനായി വലിയ ഇടയനും. കാലംചെയ്ത മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ കബറിടമൊരുങ്ങുന്നതു തണ്റ്റെ മുന്‍ഗാമി കര്‍ദിനാള്‍ മാര്‍ ആണ്റ്റണി പടിയറയുടെ കബറിടത്തിനു തൊട്ടരികെ. എറണാകുളം അതിരൂപതയുടെ അധ്യക്ഷന്‍മാരായിരുന്ന അഞ്ചു മെത്രാപ്പോലീത്തമാരുടെ കബറിടവും എറണാകുളം സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയിലെ പ്രധാന അള്‍ത്താരയിലാണ്‌. ആര്‍ച്ച്ബിഷപ്പുമാരായിരുന്ന മാര്‍ ലൂയിസ്‌ പഴേപറമ്പില്‍, മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍, കര്‍ദിനാള്‍ മാര്‍ ജോസഫ്‌ പാറേക്കാട്ടില്‍, മാര്‍ ഏബ്രഹാം കാട്ടുമന, കര്‍ദിനാള്‍ മാര്‍ ആണ്റ്റണി പടിയറ എന്നിവരെയാണ്‌ ഇവിടെ കബറടക്കിയിരിക്കുന്നത്‌. 1919 ഡിസംബര്‍ ഒമ്പതിനാണു മാര്‍ ലൂയിസ്‌ പഴേപറമ്പിലിണ്റ്റെ നിര്യാണം. മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ 1956 ജനുവരി പത്തിനും കര്‍ദിനാള്‍ മാര്‍ ജോസഫ്‌ പാറേക്കാട്ടില്‍ 1987 ഫെബ്രുവരി ഇരുപതിനും മാര്‍ ഏബ്രഹാം കാട്ടുമന 1995 ഏപ്രില്‍ നാലിനുമാണു ദിവംഗതരായത്‌. കര്‍ദിനാള്‍ മാര്‍ ആണ്റ്റണി പടിയറയെയാണ്‌ ഒടുവില്‍ ബസിലിക്കയിലെ അള്‍ത്താരയില്‍ കബറടക്കിയത്‌. 2000 മാര്‍ച്ച്‌ 23നാണു കര്‍ദിനാള്‍ പടിയറ കാലംചെയ്തത്‌. കര്‍ദിനാള്‍ മാര്‍ ആണ്റ്റണി പടിയറയുടെ കബറിടത്തിണ്റ്റെ വലതുഭാഗത്തായാണു കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ കബറിടം ഒരുങ്ങുന്നത്‌. ഈ ഭാഗം ഇന്നലെ തുറന്നു മണ്ണു മാറ്റി ക്രമീകരിച്ചിട്ടുണ്ട്‌. ഞായറാഴ്ച രണ്ടരയ്ക്കു സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയില്‍ കബറടക്ക ശുശ്രൂഷള്‍ ആരംഭിക്കും. സമൂഹബലി, നഗരികാണിക്കല്‍ എന്നിവയെത്തുടര്‍ന്ന്‌ എത്തുന്നവര്‍ മുഴുവന്‍ അന്തിമോപചാരം അര്‍പ്പിച്ചശേഷമായിരിക്കും ഭൌതികശരീരം കബറിടത്തിലേക്കു വയ്ക്കുകയെന്നു ബസിലിക്ക റെക്ടര്‍ റവ.ഡോ.ജോസ്‌ ചിറമേല്‍ അറിയിച്ചു.