Tuesday, May 10, 2011

കാലത്തിണ്റ്റെ വെല്ലുവിളികള്‍ നേരിടാന്‍ ജാഗ്രത വേണം: മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌

കാലഘട്ടങ്ങളുടെ വെല്ലുവിളികളെ അഭിമുഖീകരിക്കാനും അവയെ അതിജീവിക്കാനും വിശ്വാസപരവും സഭാപരവുമായ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും അവലോകനവും ആസൂത്രണവും സുപ്രധാനമാണെന്നു കെസിബിസി പ്രസിഡണ്റ്റ്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ ഓര്‍മിപ്പിച്ചു. കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര സഭകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആസ്ഥാനകാര്യാലയവും പൊതുഅജപാലനകേന്ദ്രവുമായ പാസ്റ്ററല്‍ ഓറിയണ്റ്റേഷന്‍ സെണ്റ്ററിണ്റ്റെ 48-ാമത്‌ ജനറല്‍ ബോഡി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്കാസഭയുടെ ദേശീയതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ മിക്ക റീജണുകളും മാതൃകയായി കാണുന്നതു കേരളസഭയെയാണ്‌. കേരളസഭയുടെ പ്രവര്‍ത്തനങ്ങള്‍ 20 കമ്മീഷനുകളും 12ഡിപ്പാര്‍ട്ടുമെണ്റ്റുകളുമായി തിരിച്ച്‌ കെസിബിസി നല്‍കുന്ന ദിശാബോധമനുസരിച്ചാണു പ്രവര്‍ത്തിക്കുന്നത്‌. കാലാകാലങ്ങളിലുള്ള സഭാപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും വിലയിരുത്തുകയും അതിലൂടെ സ്വായത്തമാക്കുന്ന അവബോധത്തിലൂടെ ആസൂത്രണത്തിലേക്ക്‌ അതിവേഗം നീങ്ങുകയും വേണം. കേരളത്തിലെ മൂന്നു വ്യക്തിസഭകളുടെയും മാതൃകാപരമായ കൂട്ടായ പ്രവര്‍ത്തനവും പരസ്പരധാരണയും ദേശീയതലത്തില്‍ തന്നെ മാതൃകയായി രൂപാന്തരപ്പെടുത്തിയതില്‍ പിഒസി അതിപ്രധാന പങ്കുവഹിച്ചിട്ടുണ്ട്‌. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിണ്റ്റെ ചൈതന്യത്തില്‍ രൂപീകൃതമായ പിഒസിയെ ആഗോളസഭ ലക്ഷ്യമിടുന്ന നവസുവിശേഷവത്കരണത്തിണ്റ്റെ പുതിയ ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനും സജ്ജമാക്കേണ്ടതുണ്ട്‌ - ആര്‍ച്ച്ബിഷപ്‌ കൂട്ടിച്ചേര്‍ത്തു.മുപ്പതു രൂപതകളിലെ 50 മെത്രാന്‍മാരടങ്ങുന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതി നല്‍കുന്ന നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ്‌ പിഒസി ശ്രമിക്കുന്നതെന്നു സ്വാഗത പ്രസംഗത്തില്‍ ഡയറക്ടര്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. ഓരോ രൂപതയില്‍ നിന്നും രൂപതാധ്യക്ഷന്‍മാര്‍ നോമിനേറ്റ്‌ ചെയ്യുകയോ രൂപതാ പാസ്റ്ററല്‍ സമിതി തെരഞ്ഞെടുക്കുകയോ ചെയ്തവരെ ഉള്‍പ്പെടുത്തിയാണു പിഒസിയുടെ ജനറല്‍ ബോഡി രൂപീകരിച്ചിട്ടുള്ളത്‌. ഇതുകൊണ്ടുതന്നെ കേരളസഭയെ സംബന്ധിക്കുന്ന ജനറല്‍ ബോഡിയുടെ ഏതൊരു നിര്‍ദേശവും മെത്രാന്‍ സമിതി ഏറെ താത്പര്യത്തോടെ വീക്ഷിക്കുന്നുണ്ടെന്നും ഡയറക്ടര്‍ അറിയിച്ചു.