Wednesday, May 18, 2011

എയ്ഞ്ചത്സ്‌ മീറ്റ്‌: കോതമംഗലം മാലാഖമാരുടെ സംഗമഭൂമിയായി

കോതമംഗലം രൂപത ചെറുപുഷ്പ മിഷന്‍ലീഗിണ്റ്റെ ആഭിമുഖ്യത്തില്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചവരുടെ സംഗമം - എയ്ഞ്ചത്സ്‌ മീറ്റ്‌ അവിസ്മരണീയമായി. തൂവെള്ള വസ്ത്രം ധരിച്ച്‌ കരങ്ങളില്‍ പൂക്കളും തിരികളും സ്തുതി ഗീതങ്ങളുമായി 1700 ഓളം കുഞ്ഞുമാലാഖമാരാണ്‌ കോതമംഗലത്ത്‌ ഒരുമിച്ചുകൂടിയത്‌. കൌദാശിക ജീവിതത്തിണ്റ്റെ പുതിയ ഘട്ടത്തിലേക്ക്‌ പ്രവേശിക്കുന്ന കുരുന്നുകള്‍ക്ക്‌ രൂപത നല്‍കുന്ന ആദരവായി മാറി സെണ്റ്റ്‌ ജോര്‍ജ്‌ കത്തീഡ്രലില്‍ നടന്ന മാലാഖമാരുടെ സംഗമം. രൂപതയ്ക്ക്‌ കീഴിലുള്ള എട്ട്‌ മേഖലകളിലെ 100 ഇടവകകളില്‍ ഈ വര്‍ഷം ദിവ്യകാരുണ്യനാഥനെ സ്വീകരിച്ചവരാണ്‌ എയ്ഞ്ചത്സ്‌ മീറ്റില്‍ സംഗമിച്ചത്‌. മിഷന്‍ലീഗ്‌ പ്രവര്‍ത്തകരും വിശ്വാസ പരിശീലകരും മാതാപിതാക്കളുമടങ്ങുന്ന വന്‍ ഭക്തജനാവലിയായിരുന്നു കുരുന്നുകളെ വരവേല്‍ക്കാനെത്തിയത്‌. സെണ്റ്റ്‌ ജോര്‍ജ്‌ കത്തീഡ്രലില്‍ കൊച്ചുമാലാഖമാര്‍ക്കായി രൂപതാധ്യഷന്‍ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടിലിണ്റ്റെ മുഖ്യ കാര്‍മികത്വത്തില്‍ സമൂഹബലി നടന്നു. രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ്‌ ആലപ്പാട്ട്‌, റവ. ഡോ. തോമസ്‌ പെരിയപ്പുറം, ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളില്‍, ഫാ. പോള്‍ കാഞ്ഞിരക്കൊമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.വിശുദ്ധ കുര്‍ബാനമധ്യേ ബിഷപ്‌ സന്ദേശം നല്‍കി.