Thursday, May 19, 2011

ചങ്ങനാശേരി അതിരൂപത ശതോത്തര രജതജൂബിലി പ്രഭയില്‍

ഇന്നത്തെ സീറോമലബാര്‍ സഭയുടെ സ്വതന്ത്രമായ വളര്‍ച്ചയ്ക്കും നവോത്ഥാനത്തിനും നാന്ദികുറിച്ച സുപ്രധാനസംഭവമായിരുന്നു 1987 മെയ്‌ 20 ന്‌ ഭാഗ്യസ്മരണാര്‍ഹനായ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ ക്വോദ്‌യാം പ്രീദെം എന്ന തിരുവെഴുത്തുവഴി സുറിയാനിക്കാരെ ലത്തീന്‍ ഭരണത്തില്‍നിന്നു വേര്‍തിരിച്ച്‌ അവര്‍ക്കു സ്വന്തമായി കോട്ടയം, തൃശൂറ്‍ എന്നീ വികാരിയാത്തുകള്‍ സ്ഥാപിച്ചത്‌. ചരിത്രപരമായ കാരണങ്ങളാല്‍ വളര്‍ച്ച മുരടിച്ചും ശിഥിലമായും കഴിഞ്ഞ കേരള സുറിയാനി ക്രൈസ്തവരുടെ ഉയിര്‍ത്തെഴുന്നേല്‍പിനു കളമൊരുക്കിയ ഈ ചരിത്രസംഭവത്തെ അനുസ്മരിച്ചുകൊണ്ടാണ്‌ അന്നു സ്ഥാപിതമായ രണ്ടു വികാരിയാത്തുകളുടെ നേര്‍തുടര്‍ച്ചയായ ചങ്ങനാശേരി, തൃശൂറ്‍ അതിരൂപതകള്‍ (2011 മേയ്‌ 20) ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതോത്തര രജതജൂബിലി ആചരണങ്ങള്‍ ആരംഭിക്കുന്നത്‌. ക്രിസ്തുമതത്തോളം തന്നെ പഴക്കംചെന്ന ചരിത്രമുള്ള ഭാരതത്തിലെ മാര്‍ത്തോമ്മാശ്ളീഹായുടെ സഭ പാശ്ചാത്യ മേല്‍ക്കോയ്മയും ബാഹ്യഇടപെടലുകളുംവഴി വിഭജിതമായിരുന്ന ഒരു സാഹചര്യമാണു പത്തൊമ്പതാം നൂറ്റാണ്ടിണ്റ്റെ അവസാനം ഉണ്ടായിരുന്നത്‌. 1876 ല്‍ അപ്പസ്തോലിക്‌ വിസിറ്ററായി കേരളം സന്ദര്‍ശിച്ച ലെയോ മോയ്‌റീണ്റ്റെയും, 1877 ല്‍ എത്തിയ വിസിറ്റര്‍ ഇഗ്നാസിയോ പേര്‍സിക്കോയുടെയും 1885ല്‍ കേരളം സന്ദര്‍ശിച്ച ഡെലഗേറ്റ്‌ അലിയാര്‍ദിയുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുറിയാനി റീത്താഭിമുഖ്യമുള്ള തൃശൂറ്‍, കോട്ടയം എന്നീ രണ്ടു പ്രമുഖ കേന്ദ്രങ്ങളില്‍ പരിശുദ്ധ സിംഹാസനം വികാരിയാത്തുകള്‍ സ്ഥാപിക്കുകയാണുണ്ടായത്‌.