Thursday, May 19, 2011

വിശ്വാസമൂല്യങ്ങളിലുറച്ച്‌ മതാന്തരസംവാദം സജീവമാക്കണം: മാര്‍ മാത്യു മൂലക്കാട്ട്‌

വിശ്വാസമൂല്യങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ടുതന്നെ മതാന്തരസംവാദത്തിണ്റ്റെ മേഖലകള്‍ കൂടുതല്‍ സജീവമാക്കണമെന്നു കെസിബിസി ഡയലോഗ്‌ ആന്‍ഡ്‌ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌. കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ പാലാരിവട്ടം പിഒസിയില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതു കാലത്തേയുംകാള്‍ മതാന്തരസംവാദത്തിന്‌ ഇന്നു പ്രസക്തിയേറെയാണ്‌. മതാന്തര സംവാദത്തിണ്റ്റെ പേരില്‍ സ്വന്തം വിശ്വാസങ്ങളെയും പിന്തുടര്‍ന്ന മൂല്യങ്ങളെയും മാറ്റിവയ്ക്കുന്നത്‌ ഉചിതമല്ല. വിശ്വാസത്തെക്കുറിച്ചുള്ള വ്യക്തത നമുക്കാവശ്യമാണ്‌. സമൂഹത്തില്‍ ഭിന്നതയുടെയും വര്‍ഗീയതയുടെയും ആശയങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കിടയില്‍ സുവിശേഷ മൂല്യങ്ങള്‍ക്കനുസൃതമായി മതാന്തരസംവാദങ്ങളിലേര്‍പ്പെടാന്‍ നമുക്കാവണം - മാര്‍ മൂലക്കാട്ട്‌ ഓര്‍മിപ്പിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. സ്റ്റീഫന്‍ ആലത്തറ അധ്യക്ഷത വഹിച്ചു. കെസിബിസി ഡയലോഗ്‌ ആന്‍ഡ്‌ എക്യുമെനിക്കല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. റോബി കണ്ണന്‍ചിറ, റവ. ഡോ. സക്കറിയാസ്‌ പറനിലം എന്നിവര്‍ പ്രസംഗിച്ചു. മതാന്തര സംവാദത്തിണ്റ്റെ പ്രസക്തി എന്ന വിഷയത്തില്‍ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യത്തും ഇതരമതങ്ങളെക്കുറിച്ചുള്ള സഭയുടെ ഔദ്യോഗിക പഠനങ്ങള്‍ എന്ന വിഷയത്തില്‍ റവ. ഡോ. വിന്‍സണ്റ്റ്‌ കുണ്ടുകുളവും ക്ളാസ്‌ നയിച്ചു.