Monday, May 23, 2011

മേജര്‍ ആര്‍ച്ച്ബിഷപ്‌; തെരഞ്ഞെടുപ്പ്‌ സീറോ മലബാര്‍ സഭാ സിനഡ്‌ തുടങ്ങും

മേജര്‍ ആര്‍ച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡ്‌, സഭാ ആസ്ഥാനമായ കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ ആരംഭിക്കും. സമൂഹബലിയോടെ സിനഡിനു തുടക്കമാകും. സിനഡില്‍ പങ്കെടുക്കാനായി വിവിധ രൂപതകളില്‍നിന്നുള്ള 44 ബിഷപ്പുമാരും സഭാ ആസ്ഥാനത്ത്‌ എത്തിയിട്ടുണ്ട്‌. പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ പ്രഖ്യാപിക്കുന്നതോടെ സിനഡ്‌ സമാപിക്കും. മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കാലംചെയ്തതിനെത്തുടര്‍ന്നാണു തെരഞ്ഞെടുപ്പു വേണ്ടിവന്നത്‌. തെരഞ്ഞെടുക്കപ്പെടുന്ന മേജര്‍ ആര്‍ച്ച്ബിഷപ്‌ എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത കൂടിയായിരിക്കും. മേജര്‍ ആര്‍ച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള അധികാരം സീറോ മലബാര്‍ സഭയിലെ ബിഷപ്പുമാരുടെ സിനഡിനു ലഭിച്ചശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണിത്‌. ആകെയുള്ള 46 ബിഷപ്പുമാരില്‍ രണ്ടുപേര്‍ അസുഖം മൂലം പങ്കെടുക്കുന്നില്ല. സഭാ അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിലാണു സിനഡിണ്റ്റെ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്‌. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ അധ്യക്ഷന്‍ നിയന്ത്രിക്കും. സിനഡില്‍ പങ്കെടുക്കുന്നവരുടെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നയാളായിരിക്കും മേജര്‍ ആര്‍ച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെടുന്നത്‌. തെരഞ്ഞെടുപ്പിനുശേഷം മാര്‍പാപ്പയുടെ അനുമതിയോടെ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും.