സാഹോദര്യത്തിണ്റ്റെയും വിശുദ്ധിയുടെയും പരിമളം പരത്തി കടന്നുപോയ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തീര്‍ഥാടകനായ മാര്‍പാപ്പ ഇതോടെ അള്‍ത്താരവണക്കത്തിനു യോഗ്യനായി. സെണ്റ്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. ജപമാലയോടെയാണ് തിരുക്കര്‍മങ്ങള്‍ ആരംഭിച്ചത പ്രാദേശികസമയം രാവിലെ 9ന് (ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 12.30) ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നാമകരണച്ചടങ്ങുകള്‍ക്കു തുടക്കമായി. സെണ്റ്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ആഘോഷമായ സമൂഹബലിക്കു മുന്നോടിയായി നടന്ന പ്രാര്‍ഥനയുടെ വേളയിലാണു ജോണ്‍പോള്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. ഈ പ്രഖ്യാപനത്തെത്തുടര്‍ന്ന് സെണ്റ്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്‍ഭാഗത്ത് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കൂറ്റന്‍ ചിത്രം അനാവരണം ചെയ്തു. പുണ്യനിമിഷം അറിയിച്ച് ദേവാലയമണികള്‍ മുഴങ്ങി. പുണ്യനിമിഷങ്ങള്‍ക്കു സാക്ഷ്യം വഹിക്കാനായി റോം നഗരത്തില്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തിയത്. തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ ൨൨ രാജ്യങ്ങളുടെ തലവന്‍മാര്‍ വത്തിക്കാനിലെത്തിയിട്ടുണ്ട്. ൮൭ രാജ്യങ്ങളില്‍നിന്നുള്ള ഔദ്യോഗിക പ്രതിനിധിസംഘങ്ങളും ചടങ്ങിനെത്തിയിട്ടുണ്ട്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടുള്ള മധ്യസ്ഥ പ്രാര്‍ഥനയിലൂടെ പാര്‍ക്കിന്‍സണ്‍സ് രോഗത്തില്‍ നിന്നു വിമുക്തി നേടിയ ഫ്രാന്‍സില്‍ നിന്നുള്ള കന്യാസ്ത്രീ സിസ്റ്റര്‍ മേരി സിമണ്‍ പിയറെയും വത്തിക്കാനില്‍ എത്തിയിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള അദ്ഭുത പ്രവൃത്തിയായി വിലയിരുത്തപ്പെടുന്നത് ഈ രോഗശാന്തിയാണ്. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും കര്‍ദിനാള്‍മാരും മൃതദേഹപേടകം വണങ്ങും. തുടര്‍ന്നു വിശ്വാസികള്‍ക്കു വണങ്ങാനുള്ള അവസരമുണ്ടാകും. സെണ്റ്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുഖ്യ അള്‍ത്താരയ്ക്കുമുന്നിലാണ് മൃതദേഹപേടകം പ്രതിഷ്ഠിച്ചിരിക്കുന്നത്. രാത്രി വൈകി ഇതു സെണ്റ്റ് സെബാസ്റ്റ്യന്‍സ് ഗ്രോട്ടോയിലേക്കു മാറ്റും. സെണ്റ്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നന്ദിപ്രകാശന സമൂഹബലി നടക്കും. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ താര്‍സിസിയോ ബെര്‍ട്രോണ്‍ മുഖ്യകാര്‍മികത്വവും പോളണ്ടില്‍നിന്നുള്ള കര്‍ദിനാള്‍മാരും ബിഷപ്പുമാരും സഹകാര്‍മികത്വവും വഹിക്കും. ഈ ദിവ്യബലിയില്‍ പങ്കെടുത്തശേഷമേ വിശ്വാസികള്‍ മടങ്ങൂ. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചശേഷം ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ബഹുമാനാര്‍ഥം അര്‍പ്പിക്കപ്പെടുന്ന ആദ്യ ബലിയായിരിക്കും ഇത്.