സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സ്ഥാനാരോഹണം നാളെ നടക്കും. മേജര്‍ ആര്‍ച്ച്ബിഷപ്പിണ്റ്റെ ആസ്ഥാന ദേവാലയമായ എറണാകുളം സെണ്റ്റ് മേരീസ് ബസിലിക്കയിലാണു സ്ഥാനാരോഹണച്ചടങ്ങുകള്‍ നടക്കുന്നത്. ഞായറാഴ്ച 2.30നു നിയുക്ത മേജര്‍ ആര്‍ച്ച്ബിഷപ് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വതോറെ പെനാക്കിയോയ്ക്കൊപ്പം അതിമെത്രാസനമന്ദിരത്തിലെത്തും. തിരുവസ്ത്രങ്ങളണിഞ്ഞ സഭയിലെ മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കുമൊപ്പം പ്രദക്ഷിണമായി സെണ്റ്റ് മേരീസ് ബസിലിക്കയിലേക്കു നീ ങ്ങുന്നതോടെ ചടങ്ങുകള്‍ക്കു തുടക്കമാകും. ബസിലിക്കയുടെ പ്രധാന കവാടത്തില്‍ വികാരി റവ. ഡോ. ജോസ് ചിറമേല്‍ നിയുക്ത മേജര്‍ ആര്‍ച്ച്ബിഷപ്പിനെ മെഴുകുതിരി നല്‍കി കാനോനികമായി സ്വീകരിക്കും. പിന്നീട് കാലം ചെയ്ത മുന്‍ഗാമി കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ കബറിടത്തില്‍ മാര്‍ ആലഞ്ചേരി പൂക്കളര്‍പ്പിച്ച് പ്രാര്‍ഥിക്കും. സഭാ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ ബോസ്കോ പുത്തൂരിണ്റ്റെ കാര്‍മികത്വത്തില്‍ സ്ഥാനാരോഹണ ശുശ്രൂഷകള്‍ ആരംഭിക്കും. മേജര്‍ ആര്‍ച്ച്ബിഷപ്പിണ്റ്റെ സ്ഥാനചിഹ്നങ്ങളായ മുടിയും അംശവടിയും സഭാ അഡ്മിനിസ്ട്രേറ്റര്‍ നിയുക്ത മേജര്‍ ആര്‍ച്ച്ബിഷപ്പിനു നല്‍കും. തുടര്‍ന്നു മേജര്‍ ആര്‍ച്ച്ബിഷപ് സഭയോടു വിശ്വാസപ്രഖ്യാപനം നടത്തും. മറ്റു മെത്രാന്‍മാര്‍ വിധേയത്വം പ്രഖ്യാപിക്കുന്നതിണ്റ്റെ സൂചനയായി മേജര്‍ ആര്‍ച്ച്ബിഷപ്പിനെ ആശ്ളേഷിക്കുന്നതോടെ സ്ഥാനാരോഹണച്ചടങ്ങുകള്‍ പൂര്‍ത്തിയാവും. പിന്നീട് മേജര്‍ ആര്‍ച്ച്ബിഷപ്പിണ്റ്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. അദ്ദേഹം സുവിശേഷസന്ദേശം നല്‍കും. വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് പെനാക്കിയോ, മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച്ബിഷപ് ബസേലിയോസ് മാര്‍ ക്ളീമിസ് കാതോലിക്ക ബാവ, അഖിലേന്ത്യ ലത്തീന്‍ മെത്രാന്‍ സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ടെലസ്ഫോര്‍ ടോപ്പോ എന്നിവര്‍ പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിന് ആശംസകളര്‍പ്പിക്കും. സ്ഥാനാരോഹണത്തിനെത്തുന്ന വൈദികര്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനു തിരുവസ്ത്രങ്ങള്‍ കൊണ്ടുവരണമെന്നു സഭാ കാര്യാലയത്തില്‍നിന്ന് അറിയിച്ചിട്ടുണ്ട്. ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുമായി എത്തുന്ന വാഹനങ്ങള്‍ മറൈന്‍ ഡ്രൈവിലും ഗോശ്രീ റോഡിലുമായി പാര്‍ക്ക് ചെയ്യണം. സ്ഥാനാരോഹണച്ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്നു സീറോ മലബാര്‍ സഭാ വക്താവ് റവ. ഡോ. പോള്‍ തേലക്കാട്ടും ബസിലിക്ക വികാരി റവ. ഡോ. ജോസ് ചിറമേലും അറിയിച്ചു. ബസിലിക്ക അങ്കണത്തില്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്.