Wednesday, May 4, 2011

മോസ്കോയില്‍ പണി ആരംഭിക്കുന്ന ഇരുന്നൂറു പള്ളികളില്‍ ആദ്യത്തെ പള്ളിയുടെ കല്ലിടീല്‍ കര്‍മ്മം നടന്നു.

മോസ്കോ മേയര്‍ സേര്‍ജൈ സോബിയാനിന്‍ മോസ്കോയില്‍ പണിതുയര്‍ത്താന്‍ പോകുന്ന 200 പുതിയ ഓര്‍ത്തഡോക്സ്‌ ദൈവാലയങ്ങള്‍ക്ക്‌ ഒരു തടസവും ഉണ്ടാകില്ല എന്ന്‌ മാധ്യമങ്ങളോട്‌ വ്യക്തമാക്കി. പാത്രിയര്‍ക്കീസ്‌ കിറിലിണ്റ്റെ നിര്‍ദ്ദേശപ്രകാരമാണ്‌ ഈ ഓര്‍ത്തഡോക്സ്‌ ദൈവാലയങ്ങളുടെ പണി ആരംഭിക്കുന്നത. ചെച്ചീനിയന്‍ തീവ്രവാദികള്‍ നിരപരാധികളെ കൊന്നൊടുക്കിയ ദുബ്രോവ്ക തിയറ്റരിനു സമീപം പുതിയ ദൈവാലയത്തിണ്റ്റെ ശിലാസ്ഥാപനം നടത്തുന്ന വേളയിലാണ്‌ മേയര്‍ തണ്റ്റെ പിന്തുണ വ്യക്തമാക്കിയത്‌. മുനിസിപ്പാലിറ്റി ഇപ്പോള്‍ത്തന്നെ 15 ദൈവാലയങ്ങള്‍ക്കാവശ്യമായ സ്ഥലം നല്‍കിക്കഴിഞ്ഞു. അഞ്ചെണ്ണത്തിനും കൂടി അധികം വൈകാതെ സ്ഥലം നല്‍കും. 80 സ്ഥലങ്ങളില്‍ ഇപ്പോള്‍ത്തന്നെ ദൈവാലയ നിര്‍മ്മിതി ആരംഭിച്ചു കഴിഞ്ഞു. സഭയുടെയും ദൈവാലയങ്ങളുടെയും സാന്നിദ്ധ്യം അനുഗ്രഹപ്രദമായിട്ടാണ്‌ ഇവിടെ സര്‍ക്കാര്‍ കാണുന്നത്‌. പ്രത്യേകിച്ചും സാമൂഹ്യ തിന്‍മകളായ മദ്യപാനം, മയക്കുമരുന്നുപയോഗം, വംശീയകലാപങ്ങള്‍, ഗര്‍ഭഛിദ്രം എന്നിവയ്ക്കെതിരായ സഭയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനെ ശക്തിപ്പെടുത്തുമെന്നുകണ്ടാണ്‌ ഈ നീക്കം എന്ന്‌ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. കേവലം പ്രാര്‍ത്ഥനാലയങ്ങള്‍ മാത്രമല്ല ദൈവാലയങ്ങള്‍ യുവജനങ്ങള്‍ക്കും മറ്റും ഒരുമിച്ചു കൂടാനും പരസ്പരം പിന്തുണക്കാനും വേദിയൊരുക്കുന്നതും ഇവിടെ ദൈവാലയങ്ങളാണ്‌.