Monday, May 30, 2011

മാര്‍ ആലഞ്ചേരി സഭയ്ക്കു ലഭിച്ച ദൈവികസമ്മാനം: മാര്‍പാപ്പ

സീറോ മലബാര്‍ സഭയ്ക്കു ലഭിച്ച ദൈവികസമ്മാനമാണു മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെന്നു ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ സന്ദേശത്തില്‍ പറഞ്ഞു. സഭാമക്കളെ ക്രിസ്തുവില്‍ ഒന്നിപ്പിക്കാന്‍ നമുക്കു പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ ലഭിച്ചിരിക്കുന്നു. ഇതിനു നമുക്കു ദൈവത്തിനു നന്ദി പറയേണ്ട നിമിഷങ്ങളാണിത്‌. മഹത്തായ പൈതൃകമുള്ള സീറോ മലബാര്‍ സഭയെ സംബന്ധിച്ച്‌ ഇതു ചരിത്ര നിമിഷമാണ്‌. സഭയെ ധീരമായി നയിച്ചു കടന്നുപോയ വര്‍ക്കി വിതയത്തില്‍ പിതാവിനെപ്പോലെ സീറോ മലബാര്‍ സമൂഹത്തെ മുഴുവന്‍ സ്നേഹത്തിലും കൂട്ടായ്മയിലും മുന്നോട്ടു നയിക്കാന്‍ ആലഞ്ചേരി പിതാവിനു കഴിയട്ടെ. സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കു മുഴുവന്‍ എണ്റ്റെ സഹോദര തുല്യമായ ആശംസകള്‍ ഞാന്‍ നേരുന്നു തോമ്മാശ്ളീഹായുടെ മാധ്യസ്ഥ്യം സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലുമുണ്ടാവട്ടെയെന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു. സഭയുടെ വളര്‍ച്ചയ്ക്കു യോജിക്കുന്ന തരത്തില്‍ പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ അഭിനന്ദിക്കുന്നു - മേജര്‍ ആര്‍ച്ച്ബിഷപ്പിണ്റ്റെ തെരഞ്ഞെടുപ്പു സ്ഥിരീകരിച്ചുകൊണ്ടും അപ്പസ്തോലിക ആശീര്‍വാദം നല്‍കിക്കൊണ്ടും തണ്റ്റെ കൈയൊപ്പോടെ മാര്‍ ആലഞ്ചേരിക്ക്‌ അയച്ച സന്ദേശത്തില്‍ പരിശുദ്ധ പിതാവ്‌ പറഞ്ഞു. സ്ഥാനാരോഹണച്ചടങ്ങിനോടനുബന്ധിച്ച്‌ ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ്‌ ഡോ. സാല്‍വതോറെ പെനാക്കിയോയാണ്‌ മാര്‍പാപ്പയുടെ സന്ദേശം വായിച്ചത്‌. മാര്‍പാപ്പയുടെ ഉപഹാരവും അദ്ദേഹം മേജര്‍ ആര്‍ച്ച്ബിഷപ്പിനു കൈമാറി. പൌരസ്ത്യ തിരുസംഘത്തിണ്റ്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രിയുടെ സന്ദേശവും ആര്‍ച്ച്ബിഷപ്‌ ഡോ. പെനാക്കിയോ വായിച്ചു.