കത്തോലിക്കാ സഭയിലെ പാരമ്പര്യ പ്രാര്‍ഥനകള്‍ പഠിക്കാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയര്‍ പാന 1.൦ മതാധ്യാപനരംഗത്തു പുത്തന്‍ പഠനരീതിക്കു വഴിതുറക്കുന്നു. നവീന ഉപാധികള്‍ ഉപയോഗിച്ചു മതപഠനം പരമാവധി അനുഭവവേദ്യമാക്കി തീര്‍ക്കാനുള്ള ആഗ്രഹം പാന 1.൦ യിലൂടെ നിറവേറിയെന്നു ആലപ്പുഴ രൂപത മതബോധനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോയി പുത്തന്‍വീട്ടില്‍ പറഞ്ഞു. ആനിമേഷനുകള്‍, ഗെയിമുകള്‍, ഓഡിയോ, എളുപ്പവഴികള്‍ തുടങ്ങി മള്‍ട്ടിപ്പില്‍ ഇണ്റ്റലിജന്‍സ് കണ്‍സപ്റ്റുകള്‍ക്കനുസൃതമായി നിരവധി നവീന ഉപാധികള്‍ ഉള്‍പ്പെടുത്തിയ ഈ ലേണിംഗ് സോഫ്റ്റ് വെയര്‍, വിശ്വാസപ്രമാണം, കുമ്പസാരത്തിനുള്ള ജപം ഉള്‍പ്പെടെ പ്രധാനപ്പെട്ട ഒമ്പതു പ്രാര്‍ഥനകള്‍ പഠിക്കാന്‍ സഹായിക്കുന്നു. കെസിബിസി ബൈബിള്‍ കമ്മീഷണ്റ്റെ അംഗീകാരത്തോടെയാണു പാന 1.൦ പുറത്തിറക്കിയിരിക്കുന്നത്. കംപ്യൂട്ടറുകളുടെ ലോകത്തു ജീവിക്കുന്ന കുട്ടികള്‍ക്കു പ്രാര്‍ഥനയുടെ ലോകം പരിചയപ്പെടുത്താന്‍ പറ്റിയ ഉപാധിയാണു പാന സോഫ്റ്റ് വെയറെന്നു ബാംഗളൂറ്‍ സീറോ മലബാര്‍ സഭാ കോ- ഓര്‍ഡിനേറ്ററും സെണ്റ്റ് തോമസ് ഫൊറോന വികാരിയുമായ ഫാ. മാത്യു കോയിക്കര പറഞ്ഞു. മുംബൈ പോലുള്ള സ്ഥലങ്ങളില്‍ പാന 1.൦ പോലുള്ള സോഫ്്റ്റ് വെയറുകള്‍ മതബോധനരംഗത്തു വളരെയേറെ പ്രയോജനം ചെയ്യുമെന്നു കല്യാണ്‍ രൂപത യിലെ ചാന്‍സലര്‍ ഫാ. ഡോ. ഫ്രാന്‍സിസ് ഇലവുത്തുങ്കല്‍ പറഞ്ഞു. തങ്ങളുടെ ഇടവകയില്‍ പാന 1.൦ ഉപയോഗപ്പെടുത്തി കുട്ടികളെ പരിശീലിപ്പിക്കാനുള്ള കര്‍മപദ്ധതികള്‍ ആരംഭിച്ചതായി ആലപ്പുഴ രൂപതയിലെ വൈദികരായ ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍, ഫാ. ജോര്‍ജ് ബിബിലന്‍, ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍ എന്നിവര്‍ അറിയിച്ചു. ആലപ്പുഴ രൂപത വാടയ്ക്കല്‍ ഇടവകാംഗവും ജീസസ് യൂത്തിണ്റ്റെ സജീവ പ്രവര്‍ത്തകനുമായ ഡി. ജോസഫാണു സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തത്. ആലപ്പുഴ രൂപത മതബോധനത്തിണ്റ്റെ ലേ ആനിമേറ്റര്‍മാരില്‍ ഒരാള്‍ കൂടിയായ ജോസഫ് വചനപ്രഘോഷകനായ ഡോ. ഡി. ജോണിണ്റ്റെ അനുജനാണ്. ജീസസ് യൂത്ത് ഡയറക്ടര്‍ ഫാ. എഡ്വേര്‍ഡ് പുത്തന്‍പുരയ്ക്കലിണ്റ്റെ അകമഴിഞ്ഞ പ്രോത്സാഹനവും മതബോധനകേന്ദ്രത്തില്‍നിന്നു ലഭിച്ച പരിശീലനം നല്‍കിയ പ്രചോദനവുമാണ് ഈ സംരഭത്തിനു പ്രേരകമായതെന്നു ജോസഫ് പറഞ്ഞു. ബൈബിള്‍ കഥാപാത്രങ്ങളെയും സംഭവങ്ങളെയും കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്ന ആനിമേഷന്‍ സോഫ്റ്റ് വെയറുകളുടെ രൂപകല്‍പനയിലാണ് ഇദ്ദേഹമിപ്പോള്‍.