Monday, May 9, 2011

അമ്മയുടെ ഒക്കത്തിരുന്നു മിനുവെത്തി;മാലാഖമാരുടെ സംഗമത്തിന്‌

ചുറ്റുമുള്ള കുരുന്നുകളൊക്കെ മാലാഖമാരേപ്പോലെ പാറിപ്പറന്നു നടക്കുമ്പോള്‍ ഒമ്പതുകാരി മിനു മാലാഖാമാരുടെ സംഗമത്തിലേക്ക്‌ എത്തിയത്‌ അമ്മയുടെ ഒക്കത്തിരുന്നാണ്‌. ഇതില്‍ മിനുവിനു തെല്ലും പരിഭവമില്ലെന്നു മാത്രമല്ല പ്രഥമദിവ്യകാരുണ്യം സ്വീകരിക്കാനും മാലാഖാമാരുടെ സംഗമത്തിനെത്താനും കഴിഞ്ഞതിണ്റ്റെ സന്തോഷമായിരുന്നു ആ കുഞ്ഞുമുഖത്ത്‌. ജന്‍മനാ ഇരുകാലുകളുമില്ലാതെയാണു മിനു പിറന്നുവീണത്‌. കടുത്തുരുത്തി കെഎസ്പുരം കാവുങ്കല്‍ബാബു-മിസി ദമ്പതികളുടെ മൂത്ത മകളാണു മിനുവെന്ന റോസമ്മ. മൂന്നാം ക്ളാസുവരെ ചങ്ങനാശേരിയില്‍ പഠിച്ച മിനു ചെറിയ അസ്വാസ്ഥ്യങ്ങളെതുടര്‍ന്നു വീട്ടിലേക്കു മടങ്ങി. കാലുകളില്ലെന്ന വേദന യൊന്നും ഈശോയെ സ്വീകരിക്കാന്‍ മിനുവിനു തടസമായില്ല. മിനുവിണ്റ്റെയും മാതാപിതാക്കളുടേയും താത്പര്യത്തിന്‌ ഇടവകയായ കടത്തുരുത്തി സെണ്റ്റ്‌ മേരീസ്‌ പള്ളിയില്‍നിന്ന്‌ എല്ലാ സഹായങ്ങളുമെത്തി. ആഘോഷമായിതന്നെ ദിവ്യകാരുണ്യ സ്വീകരണം നടത്താനായിരുന്നു തീരുമാനമെങ്കിലും വല്യപ്പന്‍ ജോസഫിണ്റ്റെ മരണം നടന്നതിനാല്‍ ആഘോഷങ്ങള്‍ ഒഴിവാക്കി. കത്തീഡ്രലില്‍ നടന്ന രൂപത എയ്ഞ്ചത്സ്‌ മീറ്റില്‍ മിനുവിനായി പ്രത്യേക ഇരുപ്പിടം ഒരുക്കിയിരുന്നു. പള്ളിയകത്ത്‌ ഒന്നാം സ്ഥാനക്കാരിയായിരുന്നു മിനു. പള്ളിയകത്തേക്ക്‌ എത്തിയതുപോലെ തന്നെ തിരികെ മടങ്ങിയതും അമ്മ മിസിയുടെ ഒക്കത്തിരുന്നായിരുന്നു. ദിവ്യകാരുണ്യസ്വീകരണത്തിനു മിനുവിനെ ആത്മീയമായി ഒരുക്കിയ സിസ്റ്റര്‍ കാതറിണ്റ്റെയും സിസ്റ്റര്‍ ഷാര്‍ലറ്റിണ്റ്റെയും സാന്നിധ്യവും അവള്‍ക്കൊപ്പമുണ്ടായിരുന്നു. വിശുദ്ധ കൂര്‍ബാനയ്ക്കുശേഷം അമ്മയുടെ ഒക്കത്തിരുന്നുതന്നെ മിനു മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടില്‍നിന്നു സ്നേഹ സമ്മാനമായി വിശുദ്ധ ബൈബിളും ഏറ്റുവാങ്ങി. അമ്മയുടെ ഒക്കത്തിരുന്ന്‌ ആ കുഞ്ഞുമാലാഖ എത്തുന്നതും മടങ്ങുന്നതും മാതൃദിനത്തില്‍ മാതൃസ്നേഹം വഴിഞ്ഞൊഴുകുന്ന കാഴ്ചയായി.