Wednesday, May 11, 2011

ക്രൈസ്തവര്‍ സമൂഹത്തിലെ സ്നേഹസാന്നിധ്യം : കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍

എല്ലാ വിഭാഗീയതകള്‍ക്കും അതീതമായി മനുഷ്യനെ സ്നേഹിക്കാന്‍ പഠിപ്പിച്ചുകൊണ്ട്‌ സമൂഹത്തിലെ സ്നേഹസാന്നിധ്യമാകാന്‍ ക്രൈസ്തവര്‍ക്കുകഴിഞ്ഞു എന്നതാണ്‌ അവരുടെ ഏറ്റവും വലിയ സംഭാവനയെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. താമരശേരി രൂപത രജതജൂബിലി ആഘോഷങ്ങള്‍ക്ക്‌ സമാപനം കുറിച്ചുകൊണ്ട്‌ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം തങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായപ്പോള്‍ പോലും ക്ഷമയോടും സഹിഷ്ണുതയോടും കൂടി അവ സഹിച്ച്‌ സമൂഹത്തിനു മാതൃക കാട്ടാന്‍ കഴിഞ്ഞത. ്‌ ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കല്‍പോലും വര്‍ഗ്ഗീയ സംഘട്ടനങ്ങളില്‍ ഒരു ക്രൈസ്തവനും പ്രതിയായിരുന്നിട്ടില്ല. കേരളത്തില്‍ സമുദായ സൌഹാര്‍ദ്ദവും മതേതരത്വവും ശക്തിപ്പെടുത്തുന്നതില്‍ സഭയുടെ സംഭാവന പ്രശംസനീയമാണ്‌. ക്രൈസ്തവ മതം ഇന്ത്യന്‍ ദേശീയതയുടെ ഭാഗമാണ്‌. അതൊരു വിദേശ മതമല്ല. ഭാരതത്തിലെത്തിയ ക്രൈസ്തവ മിഷനറിമാര്‍ മതപ്രചാരകര്‍ മാത്രമായിരുന്നില്ല. ഭാഷയ്ക്കും സംസ്കാരത്തിനും അവര്‍ നല്‍കിയ സംഭാവനകള്‍ സാമൂഹ്യ പുരോഗതിയുടെ അടിത്തറ പാകി. വളരെ ചെറിയ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ വിദ്യാഭ്യാസ ആതുരസേവന ജീവകാരുണ്യരംഗങ്ങളില്‍ മറ്റൊരു മതത്തിനും നല്‍കാന്‍ കഴിയാത്ത സംഭാവനകളാണ്‌ രാജ്യത്തിന്‌ നല്‍കിക്കൊണ്ടിരിക്കുന്നത്‌. ക്രിസ്തീയത മാനവികതയാണ്‌ എന്ന ദര്‍ശനം അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തനമാണ്‌ ക്രൈസ്തവര്‍ നടത്തുന്നത്‌. കീഴ്ജാതിക്കാര്‍ക്ക്‌ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്‌ അവര്‍ക്കും മേലാളന്‍മാര്‍ക്കും ഒപ്പം പഠിക്കാന്‍ സൌകര്യമൊരുക്കിയത്‌ ക്രിസ്ത്യാനികളാണ്‌ എന്നത്‌ ഇതിന്‌ ഉദാഹരണമാണ്‌. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്‌ അടക്കമുള്ള മിഷനറിമാര്‍ മലയാള ഭാഷയ്ക്ക്‌ നല്‍കിയ സംഭാവനകള്‍ ഭാഷാചരിത്രമറിയുന്നവര്‍ ആദരവോടെയാണ്‌ ഓര്‍ക്കുന്നത്‌ ; അദ്ദേഹം പറഞ്ഞു. മലബാറിണ്റ്റെ വികസന നായകന്‍ തലശേരി അതിരൂപതാധ്യക്ഷനായിരുന്ന വള്ളോപ്പിള്ളി തിരുമേനിയാണ്‌. മലബാറില്‍ കാര്‍ഷിക മിന്നേറ്റത്തിന്‌ തുടക്കം കുറിച്ചുകൊണ്ട്‌ സാമൂഹ്യ വികസനത്തിന്‌ അടിത്തറ പാകാന്‍ അദ്ദേഹത്തിണ്റ്റെ നേതൃത്വത്തില്‍ ക്രൈസ്തവര്‍ക്ക്‌ കഴിഞ്ഞു. നമ്മുടെ നാട്ടില്‍ മതേതരത്വം ശക്തിപ്പെടുത്തുന്നതിലും വികസന മുന്നേറ്റങ്ങള്‍ക്ക്‌ നേതൃത്വംനല്‍കുന്നതിലും ഇനിയും ഗണ്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന സഭയെ പ്രതീക്ഷയോടെയാണ്‌ രാജ്യം ഉറ്റുനോക്കുന്നതെന്ന്‌ മുല്ലപ്പള്ളി പറഞ്ഞു. ഇതൊക്കെയാണെങ്കിലും നാടിണ്റ്റെ പുരോഗതിയില്‍ ക്രൈസ്തവര്‍ നല്‍കിയ സംഭാവനകള്‍ക്ക്‌ അര്‍ഹമായ പരിഗണന കിട്ടിയിട്ടില്ലെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്‌ വലിയമറ്റം അധ്യക്ഷനായിരുന്നു. വെല്ലുവിളികള്‍ക്കും ഭീഷണികള്‍ക്കും മുമ്പില്‍ അടിപതറാതെ മുന്നേറാന്‍ വിശ്വാസികള്‍ക്ക്‌ കഴിഞ്ഞത്‌ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തിണ്റ്റെ ബലത്തിലാണ്‌. ഈ വിശ്വാസത്തെ മുറുകെ പിടിക്കുന്നിടത്തോളം കാലം സഭയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.