വിശുദ്ധ ഗ്രന്ഥത്തിണ്റ്റെ ചരിത്രവഴികളും വര്‍ത്തമാനവും അടയാളപ്പെടുത്തുന്ന ബൈബിള്‍ എക്സിബിഷന്‍ ശ്രദ്ധേയമാകുന്നു. കെസിബിസി ബൈബിള്‍ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ പിഒസിയില്‍ ആരംഭിച്ച അഖണ്ഡ ബൈബിള്‍ പാരായണയജ്ഞത്തോടനുബന്ധിച്ചാണ് എക്സിബിഷന്‍ ഒരുക്കിയിട്ടുള്ളത്. നാല്‍പ്പത്തിരണ്ടു ഭാഷകളില്‍ അച്ചടിച്ച ബൈബിളുകള്‍ തുടങ്ങി ഒരു ദിവസം കൊണ്ടു പകര്‍ത്തിയ സമ്പൂര്‍ണബൈബിളിണ്റ്റെ കൈയെഴുത്തുപ്രതിവരെ പ്രദര്‍ശനത്തിലുണ്ട്. മലയാളത്തില്‍ ആദ്യമായി അച്ചടിച്ച ബൈബിള്‍ കാണാന്‍ കാഴ്ചക്കാര്‍ ഏറെയാണ്. 1811 ല്‍ പുറത്തിറങ്ങിയ ഈ ബൈബിള്‍ മുംബൈയില്‍ നിന്നാണ് എത്തിച്ചത്. പഴയ മലയാള ലിപിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മലയാളത്തില്‍ പുറത്തിറങ്ങിയ ബൈബിളിണ്റ്റെ വിവിധ പതിപ്പുകളും വ്യാഖ്യാനങ്ങളും പ്രദര്‍ശനത്തിലുണ്ട്. ബൈബിള്‍ സംഭവങ്ങള്‍ ചിത്രീകരിച്ചു പുറത്തിറങ്ങിയ വിവിധ രാജ്യങ്ങളുടെ സ്റ്റാമ്പുകളുടെയും പ്രദര്‍ശനം ഇവിടെ ഒരുക്കിയിട്ടുണ്ട്. അറുപത്തിയേഴു രാജ്യങ്ങളുടെ 1507 സ്റ്റാമ്പുകളാണ് ആകര്‍ഷകമായ തരത്തില്‍ പ്രദര്‍ശനത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. സൃഷ്ടി മുതല്‍ പന്തക്കുസ്ത വരെയുള്ള ബൈബിള്‍ സംഭവങ്ങളാണ് സ്റ്റാമ്പുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഉത്പത്തിയുടെ ചിത്രീകരണവുമായി വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യ പുറത്തിറക്കിയ 50 പൈസയുടെ സ്റ്റാമ്പ് കാഴ്ചക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ബൈബിളിനെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും അറിയാനും ആഗ്രഹിക്കുന്നവര്‍ക്കു സഹായകമായ നിരവധി കാര്യങ്ങള്‍ പ്രദര്‍ശനത്തില്‍ നിന്നു ലഭിക്കുമെന്നു ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോഷി മയ്യാറ്റില്‍ പറഞ്ഞു.