ആത്മാവിനെയും മനസിനെയും ദൈവികമാക്കാന്‍ കരുത്തുള്ളതാണു വചനവായനയെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി. കെസിബിസി ബൈബിള്‍ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ പിഒസിയില്‍ ആരംഭിച്ച അഖണ്ഡ ബൈബിള്‍ പാരായണയജ്ഞം, നൂറുമേനി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേവലം വായനാനുഭവത്തിനപ്പുറം ദൈവാത്മാവിണ്റ്റെ പ്രവര്‍ത്തനം ബൈബിള്‍ പാരായണത്തില്‍ സംഭവിക്കുന്നുണ്ട്. പ്രഘോഷിക്കപ്പെടേണ്ടതാണു വചനം. ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നതാണു ദൈവവചനം. എല്ലാ പ്രപഞ്ചവസ്തുക്കളിലും ദൈവികസാന്നിധ്യം തിരിച്ചറിയാന്‍ നമുക്കാവണം. വചനവായനയില്‍ നാം ദൈവവുമായി സംസാരിക്കുക മാത്രമല്ല, ദൈവം നമ്മെ കേള്‍ക്കുക കൂടി ചെയ്യുന്നുണ്ട്. വചനവായന കൂടുതല്‍ മനുഷ്യോന്‍മുഖമാകണമെന്നും മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. ആശ്വാസദായകവും കൃപാവരങ്ങളുടെ ഉറവിടവുമായ വചനം സമാനതകളില്ലാത്ത ശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. പഴയനിയമഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ബൈബിള്‍ കമ്മീഷന്‍ തയാറാക്കിയ ഓഡിയോ സി ഡി മാര്‍ പുന്നക്കോട്ടില്‍ പ്രകാശനം ചെയ്തു. കെസിബിസി അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ബൈബിള്‍ പാരായണയജ്ഞത്തോടനുബന്ധിച്ച് ഒരുക്കിയ ബൈബിള്‍ എക്സിബിഷണ്റ്റെ ഉദ്ഘാടനം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ.സ്റ്റീഫന്‍ ആലത്തറ നിര്‍വഹിച്ചു. കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോഷി മയ്യാറ്റില്‍, ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ആണ്റ്റണി സച്ചിന്‍, പ്രഫ. കൊച്ചുറാണി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനുശേഷം താലപ്പൊലി, വര്‍ണക്കുടകള്‍, മാര്‍ഗംകളി എന്നിവയുടെ അകമ്പടിയോടെ വിശുദ്ധഗ്രന്ഥം, പാരായണയജ്ഞം നടക്കുന്ന ലിറ്റില്‍ ഫ്ളവര്‍ ഹാളിലേക്ക് എത്തിച്ചു. വിശുദ്ധഗ്രന്ഥം വഹിച്ച ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു പാരായണയജ്ഞത്തില്‍ ആദ്യത്തെ വായന നിര്‍വഹിച്ചത്. തുടര്‍ന്നു മാര്‍ പുന്നക്കോട്ടിലും ബൈബിള്‍ പാരായണം നടത്തി. ബൈബിളിലെ 73 പുസ്തകങ്ങളിലെയും മുഴുവന്‍ അധ്യായങ്ങളും തുടര്‍ച്ചയായി പാരായണം ചെയ്യുന്ന അഖണ്ഡ ബൈബിള്‍ പാരായണയജ്ഞം നൂറു മണിക്കൂറ്‍ പൂര്‍ത്തിയാക്കി 17ന് അവസാനിക്കും. ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമേ ചൈനീസ്, ജാപ്പനീസ്, ഇംഗ്ളീഷ്, ലാറ്റിന്‍ തുടങ്ങിയ ഭാഷകളിലും ബൈബിള്‍ പാരായണമുണ്ട്. ലോഗോസ് കപ്പലില്‍ കൊച്ചിയിലെത്തിയ ജര്‍മനി, ഹോളണ്ട്, ഫിന്‍ലന്‍ഡ്, ദക്ഷിണ കൊറിയ, പോര്‍ച്ചുഗല്‍, റഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ സ്വന്തം ഭാഷകളില്‍ ഇന്നലെ ബൈബിള്‍ പാരായണം നടത്തിയതു ശ്രദ്ധേയമായി. കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്, ജോസ് തെറ്റയില്‍ എംഎല്‍എ, മേയര്‍ ടോണി ചമ്മണി, ഒളിമ്പ്യന്‍ സെബാസ്റ്റ്യന്‍ സേവ്യര്‍ തുടങ്ങിയവരും ഇന്നലെ ബൈബിള്‍ വായിക്കാനെത്തി.