Thursday, July 28, 2011

സഭ സമൂഹത്തിന്റെ മനഃസാക്ഷി ആകണം: മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി

പാലാ രൂപതയുടെ വൈശിഷ്ട്യത്തിൽ അഭിമാനം കൊള്ളുന്നതായും രൂപത സാർവത്രികസഭയിലാകെ നിറഞ്ഞുനിൽക്കുന്നതായും മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി. പാലാ ബിഷപ്സ്‌ ഹൗസിൽ നടന്ന സൗഹൃദ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മേജർ ആർച്ച്ബിഷപ്‌. പാലാ രൂപതയിൽ മിഷൻ ചൈതന്യം നിറഞ്ഞുനിൽക്കുകയാണ്‌. ദൈവദാനങ്ങളോടു സഹകരിച്ചുള്ള നേതൃത്വശുശ്രൂഷയാണ്‌ ഓരോരുത്തരുടെയും ധർമം. സഭയെ ചുളിവില്ലാത്തവളായി മനുഷ്യസമൂഹത്തിനു മുന്നിൽ പ്രതിഷ്ഠിക്കാൻ കഴിയണം. സീറോ മലബാർ സഭയുടെ സേവനത്തിനായുള്ള ദാഹം എല്ലായിടങ്ങളിലും പ്രകടമാണ്‌. ആരും മാറിനിൽക്കാതെയും ആരെയും മാറ്റിനിർത്താതെയുമുള്ള നേതൃത്വ ജീവിതശൈലിയാണ്‌ ഉണ്ടാകേണ്ടത്‌. തെറ്റു ചെയ്യുന്നവരെ തിരുത്താ നുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്ന നിയോഗശുദ്ധി സമൂഹത്തിൽ സൃഷ്ടിക്കണം. സഭ സമൂഹത്തിന്റെ മനഃസാക്ഷിയാകണം. സഭ രാഷ്ട്രത്തിന്റെ മനഃസാക്ഷിയാകുകയെന്നാൽ രാഷ്ട്രവുമായി ഏറ്റുമുട്ടുകയെന്നല്ല. സഭ എന്നും സമൂഹത്തോടൊപ്പവും സമൂഹത്തിനുള്ളിൽനിന്നും പ്രവർത്തി ക്കേണ്ടതുണ്ട്‌. വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ കൂടുതൽ ഇറങ്ങിച്ചെല്ലാൻ കഴിയണം. വിദ്യാഭ്യാസ പ്രവർത്തനത്തിൽനിന്ന്‌ ഒട്ടും അകന്നുനിൽക്കാൻ സഭയ്ക്കു കഴിയില്ല. സമുദായങ്ങളെ ഭിന്നിപ്പിച്ചു പ്രവർത്തിപ്പിക്കാൻ സഭ ആഗ്രഹിക്കുന്നില്ല. എല്ലാ സംസ്കാരങ്ങളെയും ഒരുമിപ്പിച്ചു പ്രവർത്തിപ്പിക്കാനുള്ള ശുദ്ധമായ ലക്ഷ്യമാണു സഭയ്ക്കുള്ളത്‌ - മേജർ ആർച്ച്ബിഷപ്‌ പറഞ്ഞു