സമൂഹത്തിനു ജീവിതവിശുദ്ധി നേടാൻ ഏറെ പഠിക്കാൻ കഴിയുന്ന മാതൃകാപുസ്തകമാണു വിശുദ്ധ അൽഫോൻസാമ്മയെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ ജോർജ്ജ് ആലഞ്ചേരി. അൽഫോൻസാ തീർഥാടനകേന്ദ്രത്തിൽ തിരുനാൾ റാസയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ജീവിതമായിരുന്നു അൽഫോൻസാമ്മയുടേത്. സഹനത്തിന്റെ വഴിയേ നടന്ന് വാക്കിലും പ്രവൃത്തിയിലും ദൈവേഷ്ടം നിറവേറ്റാൻ വിശുദ്ധയ്ക്കു കഴിഞ്ഞു. എല്ലാവരും വേദനകൾ വിട്ടുമാറാൻ പ്രാർഥിച്ചപ്പോൾ അതു തന്റേതുമാത്രമാകണമെന്നാണു വിശുദ്ധ പ്രാർഥിച്ചത്. സഹനത്തിന്റെ പല മുഖങ്ങളുള്ള ക്രിസ്തുവിന്റെ ജീവിതഗാഥയാണ് അൽഫോൻസാമ്മ സ്വജീവിതത്തിലൂടെ പകർന്നുതരുന്നത്. വിശുദ്ധിയുടെ പിന്നിലുള്ള പ്രവൃത്തിക്കപ്പുറമുള്ള ദൈവികവിളി അൽഫോൻസാമ്മയുടെ ജീവിതത്തിൽ കാണാനാവും. സ്വന്തം ജീവിതശൈലിയിൽ നിൽക്കുമ്പോഴും സമൂഹത്തിൽനിന്ന് നല്ല ആശയങ്ങൾ നേടിയെടുക്കാനാവണം. ബലഹീനതകളെ ബലമാക്കി മാറ്റണം. ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാതെ അൽഫോൻസാ മാതൃകയിൽ ജീവിക്കാൻ നമുക്കും കഴിയണം: മാർ ആലഞ്ചേരി പറഞ്ഞു.