കേരളത്തിലെ കത്തോലിക്കാസഭ പരിസ്ഥിതി പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുന്നതിന്റെ ഭാഗമായി രൂപീകരിക്കുന്ന കെസിബിസിയുടെ പരിസ്ഥിതി നയരേഖയുടെ പ്രാരംഭ ചർച്ചകൾക്കു തുടക്കമായി. സഭയിലെ മെത്രാന്മാരും തെരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രജ്ഞരും പങ്കെടുത്ത ദൈവശാസ്ത്ര സമ്മേളനത്തിലാണു നയരേഖ രൂപീകരിക്കാനുള്ള നടപടികൾക്കു തുടക്കമായത്. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന കെസിബിസിയുടെ ദൈവശാസ്ത്രസമ്മേളനത്തിൽ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. റവ.ഡോ.മാത്യു ഇല്ലത്തുപറമ്പിൽ, റവ.ഡോ.കുര്യാക്കോസ് മാമ്പിള്ളി, റവ.ഡോ.പ്രശാന്ത്, റവ.ഡോ.പ്ലാസിഡ്, പ്രഫ.ഡോ.ആനി തോമസ് എന്നിവർ വിവിധ പരിസ്ഥിതിവിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കെസിബിസി സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ദൈവശാസ്ത്ര കമ്മീഷൻ ചെയർമാൻ ബിഷപ് ഏബ്രഹാം മാർ യൂലിയോസ് തുടങ്ങിയവർ പ്രസംഗിച്ചു. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ ജോർജ്ജ് ആലഞ്ചേരി, സീറോ മലങ്കര മേജർ ആർച്ച്ബിഷപ് ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ, തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം എന്നിവരുൾപ്പടെ 27 മെത്രാന്മാരും 68 ദൈവശാസ്ത്രജ്ഞരും സമ്മേളനത്തിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കു മാർഗരേഖ തയാറാക്കാനും പരിസ്ഥിതി നയരേഖ രൂപീകരിക്കാനും ബിഷപ് ഏബ്രഹാം മാർ യൂലിയോസ് ചെയർമാനായി പ്രത്യേക സമിതി രൂപീകരിച്ചു. സമിതി തയാറാക്കുന്ന പരിസ്ഥിതി നയരേഖയുടെ കരട് പിന്നീടു കെസിബിസിയുടെ അംഗീകാരത്തിനുശേഷം പ്രാബല്യത്തിൽ വരുത്തും. കാലം ചെയ്ത കെസിബിസിസി മുൻ പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ.കൊർണേലിയൂസ് ഇലഞ്ഞിക്കലിനെ അനുസ്മരിച്ചുകൊണ്ടാണു ദൈവശാസ്ത്ര സമ്മേളനം ആരംഭിച്ചത്. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി നടത്തിയ പ്രാർഥനശുശ്രൂഷകൾക്ക് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നേതൃത്വം നൽകി. ഇന്നു നടക്കുന്ന സംസ്കാരശുശ്രൂഷകളിൽ മുഴുവൻ ബിഷപ്പുമാരും പങ്കെടുക്കും.