കൊർണേലിയൂസ് പിതാവുമായി വളരെ അടുത്ത ബന്ധം എനിക്കുണ്ടായിരുന്നു. വർഷങ്ങൾ പഴക്കമുള്ള ബന്ധം. പിതാവിന്റെ പിറന്നാളിന് അദ്ദേഹത്തിന്റെ വിശ്രമവസതിയിലെത്തി ആശംസ നേരുന്നതു ഞാൻ മുടക്കിയിട്ടില്ല. എല്ലാ വർഷവും അദ്ദേഹത്തെക്കുറിച്ച് പുതുതായി എന്തെങ്കിലും അവിടെ സംസാരിക്കാനും എനിക്കു കഴിയാറുണ്ട്. വൈദികപഠനത്തിനായി മൈനർ സെമിനാരിയിൽ എത്തിയപ്പോഴാണു ഞാൻ കൊർണേലിയൂസ് പിതാവിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അദ്ദേഹമായിരുന്നു സെമിനാരി റെക്ടർ. ഞങ്ങളുടെ പ്രായത്തിലുള്ളവർക്കും ലത്തീൻ പഠിക്കാനെത്തിയവർക്കും അദ്ദേഹം സൗമ്യനായ ഒരു ഗുരുനാഥനായാണ് അനുഭവപ്പെട്ടിരുന്നത്. എന്നാൽ, ചില കാര്യങ്ങളിൽ അദ്ദേഹം കർക്കശക്കാരനായിരുന്നു. സെമിനാരിയിൽ സമപ്രായക്കാർ തമ്മിൽപ്പോലും 'എടാ പോടാ' വിളി അനുവദിച്ചിരുന്നില്ല. ഒരു പുരോഹിതനാകുന്നെങ്കിൽ സഭാ നിയമങ്ങൾക്കു പുറമെ സാമൂഹ്യമര്യാദയും പാലിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ കൊർണേലിയൂസ് പിതാവിന്റെ ശിഷ്യരായിരുന്ന പുരോഹിതർ വാക്കുകളിൽ എന്നും മാന്യത പുലർത്തിയെന്ന് ഉറപ്പായും എനിക്കു പറയാനാകും. ആരോഗ്യത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കാര്യത്തിൽ മാത്രമല്ല മറ്റുള്ളവരുടെ കാര്യത്തിലുമുണ്ടായിരുന്നു ഈ ശ്രദ്ധ. അദ്ദേഹം ഫാൻ ഉപയോഗിക്കാറില്ലായിരുന്നു. പാളയിലും പനയോലയിലും നിർമിച്ച വിശറികളാണ് പകരം ഉപയോഗിച്ചിരുന്നത്. വിദേശത്തു പോകുമ്പോഴും ഈ വിശറി കരുതിയിരുന്നു. ഓട്ടോമാറ്റിക് ഫാൻ എന്നാണ് അദ്ദേഹമതിനെ വിളിച്ചിരുന്നത്. പ്രകൃതിയോട് ഏറ്റവുമിണങ്ങി ജീവിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. വൈദ്യകുടുംബത്തിലെ അംഗമായിരുന്നതിനാൽ ആയുർവേദ മരുന്നുകൾ പലതും അദ്ദേഹത്തിന് അറിയാമായിരുന്നു. സെമിനാരിയിൽ ഞങ്ങൾക്കു പനിയോ ജലദോഷമോ വന്നാൽ ചികിത്സിക്കുന്നതു പിതാവ് തന്നെ. ഞങ്ങളെ കഷായവും അരിഷ്ടവും ധാരാളം കുടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കട്ടിലിനു സമീപം എപ്പോഴും നെല്ലിക്കാരിഷ്ടം കരുതിവച്ചിട്ടുണ്ടാവും. ചില്ലറ അസുഖങ്ങളുടെ പേരുപറഞ്ഞ് നെല്ലിക്കാരിഷ്ടം വാങ്ങിക്കുടിക്കുന്നതു ഞങ്ങളുടെ പതിവായിരുന്നു. അതിന്റെ മധുരം ഇപ്പോഴും നാവിൻതുമ്പിലുണ്ട്. വിജയപുരത്തും വരാപ്പുഴയിലും നിരവധി സേവനപ്രവർത്തനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. സഭയും അൽമായരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. യുവാക്കളെ സഭയുമായി അടുപ്പിക്കണമെന്നും സ്ത്രീശാക്തീകരണം വേണമെന്നും അഭിപ്രായപ്പെടുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തു. ഏറെ ത്യാഗം സഹിച്ചു നിർമിച്ച എറണാകുളം കച്ചേരിപ്പടിയിലെ ആശീർഭവൻ ഇതിന്റെ സാക്ഷ്യമാണ്. അത്തരം പല കാര്യങ്ങളിലും ഞാനുൾപ്പടെയുള്ളവർക്ക് അദ്ദേഹം മികച്ച മാതൃക നൽകി. സാമൂഹ്യതിന്മകൾക്കെതിരെ പ്രസംഗിക്കുക മാത്രമല്ല ജീവിതത്തിൽ അതു പകർത്തുകയും ചെയ്തു അദ്ദേഹം. മദ്യവിമോചന പ്രസ്ഥാനങ്ങൾ ശക്തമാക്കാൻ അദ്ദേഹം പരിശ്രമിച്ചു. ജയിലുകൾ സന്ദർശിക്കുകയും അനേകം തടവുകാർക്ക് ആശ്വാസം പകരുകയും ചെയ്തു. പാപികളെയല്ല പാപങ്ങളെയാണു വെറുക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ നയം. സംഗീതത്തിന്റെ കാര്യത്തിൽ കൊർണേലിയൂസ് പിതാവിന്റെ പ്രാവീണ്യം ഏവർക്കും അറിവുള്ളതാണ്. എനിക്കതു നേരിട്ട് അനുഭവപ്പെട്ടത് 1987ൽ ഞാൻ കോട്ടപ്പുറം ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട അവസരത്തിലാണ്. ബിഷപ്പായി അവരോധിതനാകുന്ന ചടങ്ങിൽ അവതരിപ്പിക്കാനായി ഒരു ടൈറ്റിൽ സോംഗ് വേണ്ടിയിരുന്നു. കൊർണേലിയൂസ് പിതാവിനോട് ഒരു ഗാനം ചോദിച്ചാലോ എന്നെനിക്കു തോന്നി. കോട്ടപ്പുറത്തിനടുത്ത് കാര സ്വദേശിയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ പ്രദേശത്തിന്റെ ചരിത്രവും മറ്റും ഏറെ അറിയാവുന്നത് അദ്ദേഹത്തിനാണ്. രാവിലെ പ്രഭാതഭക്ഷണത്തിനുശേഷം ഞാൻ പിതാവിനോടു കാര്യം പറഞ്ഞു. ശരിയാക്കാമെന്ന് അദ്ദേഹം മറുപടിയും നൽകി. ഉച്ചഭക്ഷണത്തിന് എത്തിയപ്പോൾ കവിത കുറിച്ച കടലാസാണ് എനിക്കദ്ദേഹം നൽകിയത്. ഏവരും ഇഷ്ടപ്പെട്ട ഒരു ഗാനമായി അതു മാറുകയും ചെയ്തു. വരാപ്പുഴ അതിരൂപതയ്ക്കും ലത്തീൻ സമുദായത്തിനും വലിയ നഷ്ടമാണു കൊർണേലിയൂസ് പിതാവിന്റെ വേർപാട്. സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നൽകിയിട്ടുള്ള സേവനങ്ങൾ എക്കാലവും ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി ദൈവത്തോടു പ്രാർഥിക്കാം.