Monday, August 8, 2011

കവിത്വവും വേദാന്തവും ലേശം വൈദ്യവും

കൊടുങ്ങല്ലൂർ കോവിലകത്തും അംഗീകാരമുണ്ടായിരുന്ന കാരയിലെ വിശ്രുത ഇലഞ്ഞിക്കൽ അവിരാ വൈദ്യന്മാരുടെ പരമ്പരയിലാണു ഇട്ടിയവിര എന്ന കൊർണേലിയൂസ്‌ ജനിച്ചത്‌.
പൈതൃകത്തിന്റെ ഭാഗമായ വൈദ്യവും സംസ്കൃതവും ഡോ. കൊർണേലിയൂസിന്റെ ജീവിതദർശനത്തിലും കർമപഥത്തിലും അതിവിശിഷ്ട സുഗന്ധം പരത്തി. കാര സെന്റ്‌ ആൽബന (മൗണ്ട്‌ കാർമൽ) സ്കൂളിലും എറണാകുളം സെന്റ്‌ ആൽബർട്ട്സിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ്‌ അട്ടിപ്പേറ്റിയുടെ ആശീർവാദത്തോടെ 1933ൽ എറണാകുളത്തു പെറ്റി സെമിനാരിയിൽ ചേർന്നു. രണ്ടു കൊല്ലം മൈനർ സെമിനാരിയിൽ ലത്തീൻഭാഷ പഠിച്ചു. 38ൽ മംഗലപ്പുഴ സെന്റ്‌ ജോസഫ്സ്‌ സെമിനാരിയിൽ ചേർന്നു. തത്ത്വശാസ്ത്ര പഠനത്തിന്റെ രണ്ടാം വർഷം ആർച്ച്ബിഷപ്‌ അട്ടിപ്പേറ്റി അദ്ദേഹത്തെ ഉപരിപഠനത്തിനായി റോമിലെ പ്രൊപ്പഗാന്ത കോളജിലേക്ക്‌ അയച്ചു. 1939 ഒക്ടോബർ പത്തിന്‌ ബോംബെയിൽനിന്ന്‌ ഇറ്റലിയിലെ നേപ്പിൾസിലേക്കു കപ്പൽ കയറി. രണ്ടാംലോകമഹായുദ്ധത്തിനു നടുവിലാണു റോമിൽ ഊർബൻ സർവകലാശാലയിൽ വൈദികപഠനം പൂർത്തിയാക്കിയത്‌. പന്ത്രണ്ടാം പീയൂസ്‌ മാർപാപ്പയുടെ സമാധാന ദൗത്യങ്ങൾക്കിടയിലും റോമിൽ പ്രൊപ്പഗാന്ത കോളജിനടുത്ത്‌ ബോംബുവർഷമുണ്ടായി. 1945 മാർച്ച്‌ 18നു സുവിശേഷവത്കരണ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ഫ്യുമസോണി ബിയോജിയിൽനിന്നു ഡോ. ഇലഞ്ഞിക്കൽ വൈദികപട്ടം സ്വീകരിച്ചു. ഊർബൻ സർവകലാശാലയിലെ തത്ത്വശാസ്ത്ര വിഭാഗത്തിൽ ബൃഹദാരണ്യക-ഛാന്ദോഗ്യോപനിഷത്തുക്കളിലെ ദൈവാശയപരിണാമം എന്ന വിഷയത്തിൽ ഡോക്ടറേറ്റ്‌ നേടിയ അദ്ദേഹം സഭയുടെ കാനൻ നിയമത്തിലും ഡോക്ടറേറ്റ്‌ സമ്പാദിച്ചു. റോമിൽ ഭാരതീയ തത്ത്വശാസ്ത്ര പ്രഫസറായി നിയമിതനായെങ്കിലും ആർച്ച്ബിഷപ്‌ അട്ടിപ്പേറ്റി അക്കാദമിക മേഖലയിൽനിന്ന്‌ അദ്ദേഹത്തെ അജപാലന ദൗത്യത്തിനായി നാട്ടിലേക്കു തിരികെ വിളിക്കുകയായിരുന്നു.എറണാകുളം ചാത്യാത്ത്‌ മൗണ്ട്‌ കാർമൽ ഇടവകയിൽ സഹവികാരിയായി 1950ൽ നിയമിതനായി. 1951 മുതൽ 54 വരെ ആർച്ച്ബിഷപ്‌ അട്ടിപ്പേറ്റിയുടെ സെക്രട്ടറിയായിരുന്നു. 54 മുതൽ 58 വരെ സെന്റ്‌ ഫ്രാൻസിസ്‌ അസീസി കത്തീഡ്രലിൽ സഹവികാരിയായി സേവനം അനുഷ്ഠിച്ചു. വരാപ്പുഴ അതിരൂപത മൈനർ സെമിനാരി റെക്ടർ (1956), അതിരൂപതാ പ്രോ വികാർ ജനറൽ (1961), വരാപ്പുഴ അതിരൂപതാ വികാർ ക്യാപിറ്റുലർ (1970) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. നീണ്ട 36 വർഷം കേരളത്തിലെ ലത്തീൻ കത്തോലിക്കാ ഹയരാർക്കി അധ്യക്ഷനായിരുന്ന ഡോ. അട്ടിപ്പേറ്റിയുടെ ദേഹവിയോഗത്തെത്തുടർന്ന്‌ ഒരു വർഷം അതിരൂപത അഡ്മിനിസ്ട്രേറ്ററായിരുന്ന ഡോ. കൊർണേലിയൂസ്‌ 1971ൽ വിജയപുരം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായി നിയമിതനായി.ഡോ. കൊർണേലിയൂസിന്റെയും വരാപ്പുഴ ആർച്ച്ബിഷപ്പായി നിയമിതനായ ഡോ. ജോസഫ്‌ കേളന്തറയുടെയും മെത്രാഭിഷേക ചടങ്ങ്‌ സെന്റ്‌ ആൽബർട്ട്സ്‌ സ്കൂൾ ഗ്രൗണ്ടിലായിരുന്നു. 1971 ഏപ്രിൽ നാലിന്‌ ഓശാന ഞായറാഴ്ച, സുവിശേഷവത്കരണ തിരുസംഘത്തിന്റെ സെക്രട്ടറിയായിരുന്ന ആർച്ച്ബിഷപ്‌ ഡോ. സൈമൺ ലൂർദ്ദ്സ്വാമിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു മെത്രാഭിഷേകം. ഡോ. കൊർണേലിയൂസ്‌ 71 ഏപ്രിൽ 20നു വിജയപുരത്തെ അജപാലന ദൗത്യം ഏറ്റെടുക്കാനായി കോട്ടയം വിമലഗിരി കത്തീഡ്രലിൽ എത്തിയപ്പോൾ മുൻഗാമിയായ സ്പാനിഷ്‌ കർമലീത്ത മിഷനറി മെത്രാൻ ഡോ. അംബ്രോസ്‌ അഞ്ച്സോളോ അദ്ദേഹത്തെ അനുഗ്രഹിക്കാൻ അവിടെ സന്നിഹിതനായിരുന്നു. 1987 വരെ വിജയപുരം മെത്രാനായി തുടർന്നു. ആർച്ച്ബിഷപ്‌ ഡോ. ജോസഫ്‌ കേളന്തറയുടെ ദേഹവിയോഗത്തെത്തുടർന്ന്‌ 1987 മാർച്ച്‌ 19ന്‌ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായി നിയമിതനായ ഡോ. കൊർണേലിയൂസ്‌ ഒൻപതു വർഷം അതിരൂപതയെ നയിച്ചു. മങ്ങാത്ത സ്മരണകൾ, മായാത്ത സ്മരണകൾ, എന്നീ ആത്മകഥാ വാല്യങ്ങൾ, ഉപനിഷത്തുകളിലെ ദൈവസങ്കൽപം, രണ്ടു പനിനീർപ്പൂക്കൾ തുടങ്ങി പത്തു പുസ്തകങ്ങൾ രചിച്ചു. സമാഹരിച്ചതും അല്ലാത്തതുമായ അഞ്ഞുറിൽപ്പരം ഭക്തിഗാനങ്ങൾ എഴുതിയിട്ടുണ്ട്‌. ഇതിൽ നിത്യസഹായമാതാവിന്റെ നൊവേനയിൽ ആലപിക്കപ്പെടുന്ന ഗീതങ്ങളും കന്യകമാതാ സ്തുതികളും അന്ത്യശ്രുശ്രൂഷ ഗാനങ്ങളും ഏറെ പ്രശസ്തമാണ്‌. ലത്തീനിൽനിന്ന്‌ ആരാധനക്രമം മലയാളത്തിലേക്കു വിവർത്തനം ചെയ്യാൻ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതിയിൽ പ്രധാനപങ്കു വഹിച്ചു.