Tuesday, August 30, 2011

ദളിത്‌ ക്രൈസ്തവ സംവരണം: മതവിശ്വാസമല്ല, അർഹത മാനദണ്ഡമാകണമെന്ന്‌ മാർ ക്ലീമിസ്‌ കാതോലിക്കാ ബാവ

രാജ്യത്തെ ദളിത്‌ ക്രൈസ്തവർ അടക്കമുള്ള ദുർബലവിഭാഗങ്ങൾക്കു പട്ടികജാതി സംവരണം നൽകുമ്പോൾ ഏതുമതത്തിൽ വിശ്വസിക്കുന്നു എന്നതിനപ്പുറം അർഹതയുണ്ടോ എന്നതുമാത്രമാണു മാനദണ്ഡമാക്കേണ്ടതെന്നു മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ്‌ മാർ ബസേലിയോസ്്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ. മതത്തിന്റെ പേരിൽ ആരെയും പാർശ്വവത്കരിക്കാനും ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കാനും പാടില്ല. പള്ളിയിലോ അമ്പലത്തിലോ മോസ്കിലോ പോകുന്നു എന്നതല്ല ഏതെങ്കിലും ആനുകൂല്യങ്ങൾ നൽകുന്നതിൽ പരിഗണിക്കേണ്ടത്‌. കേരള സ്റ്റേറ്റ്‌ പട്ടികജാതി - പട്ടികവർഗ സർവീസ്‌ സൊസൈറ്റി സംഘടിപ്പിച്ച ദളിത്‌ ക്രൈസ്തവ സംവരണ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതവിശ്വാസം വ്യക്തിയുടെ മാത്രം കാര്യമാണ്‌. മതത്തിന്റെ പേരിൽ ജനങ്ങളെ തട്ടുകളാക്കുന്ന പ്രവണത അവസാനിപ്പിക്കണം. വിവിധ മതങ്ങൾ ഒന്നിച്ചു വസിക്കുന്ന ഒരു സമൂഹമായി രാജ്യം നിലനിൽക്കുന്നത്്‌ ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വത്തിന്റെ ബലത്തിലാണ്‌. ഇതാണു ഭരണഘടനയുടെ അന്തഃസത്ത. ഇതു പാലിക്കാത്തപ്പോൾ ഭരണഘടനയെത്തന്നെ ലംഘിക്കുകയാണ്‌. മതവിശ്വാസത്തിന്റെ പേരുപറഞ്ഞ്‌ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കാൻ പാടില്ല. ദളിത്‌ ക്രൈസ്തവർ അടക്കമുള്ള ദുർബലവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്നതും ശാസ്ത്ര, സാങ്കേതിക നേട്ടങ്ങൾക്കും സാമ്പത്തിക വളർച്ചയ്ക്കുമൊപ്പം പ്രധാനപ്പെട്ട കാര്യമാണ്‌. നമ്മുടെ രാജ്യത്തിന്റെ സംസ്കാരം ഈശ്വരവിശ്വാസത്തിൽ അടിസ്ഥാനമിട്ടതാണ്‌. ദുർബല വിഭാഗങ്ങളോടു ആർദ്രതയുള്ള സമീപനമാണ്‌ കൈക്കൊള്ളേണ്ടത്‌. ദുർബലരോടുള്ള പ്രതിബദ്ധത ഭരണഘടനയോടുള്ള പ്രതിബദ്ധതയാണെന്നും കാതോലിക്കാ ബാവ പറഞ്ഞു. ദളിത്‌ ക്രൈസ്തവർക്കു സംവരണം നൽകുമ്പോൾ ഹിന്ദുവിഭാഗത്തിൽപ്പെട്ടവർക്കു സംവരണത്തിന്റെ ആനുകൂല്യം കുറയുമെന്ന സംശയത്തിന്‌ അടിസ്ഥാന മില്ലെന്നു മുഖ്യസന്ദേശം നൽകിയ എൽഡിഎഫ്‌ കൺവീനർ വൈക്കം വിശ്വൻ പറഞ്ഞു. ഭരണഘടനാഭേദഗതിയിലൂടെ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളു. ഇന്ത്യയിലെ ഇടതുപക്ഷം, പ്രത്യേകിച്ചു സിപിഎം ദളിത്‌ ക്രൈസ്തവർക്കു പട്ടികജാതി സംവരണം നൽകുന്നതിന്‌ അനുകൂലമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ്ര‍ക്രൈസ്തവനായി എന്നകാരണത്താൽ ആനുകൂല്യങ്ങൾ ഒന്നും നൽകേണ്ടതില്ല എന്ന വാദം ശരിയല്ല. ദളിത്‌ വിഭാഗത്തിൽപ്പെട്ടയാൾ ക്രൈസ്തവനായാലും സാമൂഹ്യ ഉച്ചനീചത്വങ്ങൾ മാറുന്നില്ല. സംശയങ്ങൾ മാറ്റിവച്ചു ജോലി, വിദ്യാഭ്യാസം, സാമൂഹ്യജീവിതം എന്നിവയിലെല്ലാം തുല്യത ലഭ്യമാക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. മതത്തിന്റെ പേരിൽ നടക്കുന്ന നീതിനിഷേധം കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുകയാണെന്നു ദളിത്‌ ക്ഷേമവികസന നവോഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത ഡെപ്യൂട്ടി സ്പീക്കർ എൻ. ശക്തൻ പറഞ്ഞു