Tuesday, August 30, 2011

കൃതജ്ഞതാമലരുകളുമായി അപ്പസ്തോലിക്‌ നുൺഷ്യോ ഭരണങ്ങാനത്ത്‌

ഈ ധന്യനിമിഷത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഞാൻ. ഒരുവർഷം നീണ്ട കാത്തിരിപ്പിന്റെ ഫലമാണിത്‌. എന്റെ വലിയൊരു ആഗ്രഹപൂർത്തീകരണമാണിത്‌. ഇവിടെയായിരിക്കാൻ കഴിയുന്നതിലൂടെ എനിക്കു ലഭിക്കുന്ന ഈശ്വരാനുഗ്രഹവും സന്തോഷവും ചെറുതല്ല- ചെറിയ വാചകങ്ങളിൽ ലളിതമായ ഇംഗ്ലീഷിൽ ഇതു പറയുമ്പോൾ ഭാരതത്തിലെ അപ്പസ്തേലിക്‌ നുൺഷ്യോ ആർച്ച്ബിഷപ്‌ സാൽവത്തോറേ പെനാക്കിയോയുടെ മുഖത്ത്‌ പതിവുള്ള തിളക്കത്തിന്‌ ഇരട്ടിശോഭ. ഭാരത കത്തോലിക്കാ സഭയുടെ പ്രഥമവിശുദ്ധയുടെ കബറിടത്തിങ്കൽ കൂപ്പുകരങ്ങളുമായി പ്രാർഥനാനിരത മനസുമായി നിൽക്കുമ്പോൾ ആർച്ച്ബിഷപ്‌ സാൽവത്തോറെയുടെ മനസിൽ നിറയെ വിശുദ്ധയുടെ സവിധത്തിലെത്താൻ കഴിഞ്ഞതിലുള്ള നന്ദി പ്രകടനമായിരുന്നു. മാർപാപ്പയുടെ ഇന്ത്യൻ പ്രതിനിധിയായി ഭാരതത്തിലെ ചുമതലയിലെത്തുമ്പോൾ മുതൽ അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ എത്തണമെന്ന്‌ ആഗ്രഹിച്ചിരുന്നെന്ന്‌ അദ്ദേഹം പറഞ്ഞു. ആദ്യമായാണ്‌ വിശുദ്ധയുടെ സവിധത്തിലെത്തുന്നതെങ്കിലും ഇത്‌ അവസാനമല്ലെന്നു പറയുമ്പോൾ ഇനിയും വരാമെന്ന ഉറപ്പായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ. ആഗോള സഭയിലെ അതിമനോഹരമായ വിശുദ്ധ പുഷ്പമാണ്‌ അൽഫോൻസാമ്മയെന്നു മാർ സാൽവത്തോറെ തീർഥാടന കേന്ദ്രത്തിൽ നൽകിയ സന്ദേശത്തിൽ പറഞ്ഞു. വേദനകളിലെല്ലാം കുരിശിന്റെ വഴിയെ ചരിച്ച ജീവിത സാക്ഷ്യമാണ്‌ അമ്മയുടേത്‌. പ്രാർഥനയിലും ആത്മീയതയിലും വളരാൻ അൽഫോൻസാമ്മയുടെ ജീവിതം മാതൃകയാകണം. ഓരോ നിമിഷവും ദൈവേഷ്ടത്തോടൊത്ത്‌ ചരിക്കുകയായിരുന്നു അൽഫോൻസാമ്മ-അദ്ദേഹം പറഞ്ഞു. ബിഷപ്പുമാരായ മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌, മാർ ജോസഫ്‌ പള്ളിക്കാപറമ്പിൽ എന്നിവരോടൊപ്പം തീർഥാടന കേന്ദ്രത്തിലെത്തിയ അപ്പസ്തോലിക്‌ നുൺഷ്യോയെ റെക്ടർ റവ.ഡോ. ജോസഫ്‌ തടത്തിൽ, ഫൊറോന വികാരി ഫാ. ജോസ്‌ അഞ്ചേരിൽ എന്നിവരുടെ നേതൃത്വത്തിൽ വൈദികരും അൽമായരും സന്യസ്തരും ചേർന്ന്‌ സ്വീകരിച്ചു.
ബിഷപ്സ്‌ ഹൗസിലെത്തിശേഷമാണ്‌ അപ്പസ്തോലിക്‌ നുൺഷ്യോ ഭരണങ്ങാനത്തെത്തിയത്‌. സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയിലെത്തി പ്രാർഥിച്ച അപ്പസ്തോലിക്‌ നുൺഷ്യോ വിശുദ്ധ അൽഫോൻസാമ്മ താമസിച്ചിരുന്ന ക്ലാരമഠവും സന്ദർശിച്ചു. മഠത്തിലെ മ്യൂസിയത്തിലെ ഓരോ വിശിഷ്ട വസ്തുക്കളും കണ്ടും ചോദിച്ചുമറിഞ്ഞ അപ്പസ്തോലിക്‌ നുൺഷ്യോ അൽഫോൻസാമ്മയുടെ ഒരു വലിയ ബഹുവർണ ചിത്രം വേണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു. വിശുദ്ധയുടെ സവിധത്തിലെത്താനായതിലുള്ള സന്തോഷം ഇനിയെത്തുമ്പോൾ കൂടുതൽ വിശദീകരിക്കാമെന്നു പറഞ്ഞാണ്‌ അദ്ദേഹം മടങ്ങിയത്‌.