സത്യം, നീതി, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന സാമൂഹിക സേവനമാണു ദീപികയുടെ മാധ്യമദൗത്യമെന്നു സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പും ദീപിക അപ്പെക്സ് ബോഡി ചെയർമാനുമായ മാർ ജോർജ്ജ് ആലഞ്ചേരി. സമൂഹത്തെയും തലമുറകളെയും നയിക്കാനുള്ള പ്രേഷിതദൗത്യം ഏറ്റെടുത്തിരിക്കുന്ന ദീപിക നാടിന്റെ പ്രകാശദീപമാണ്. സഭയുടെ മാത്രമല്ല എല്ലാ സമുദായങ്ങളുടെയും നന്മയും അഭിവൃദ്ധിയും ലക്ഷ്യമാക്കിയാണു ദീപിക നിലകൊള്ളുന്നത്. സ്ഥാപക പിതാക്കന്മാർ ഉയർത്തിപ്പിടിച്ച മഹത്തായ മൂല്യങ്ങളിൽ ഉറച്ചുനിന്ന് ദീപിക നാടിനു വെളിച്ചം പകരുമെന്ന് അദ്ദേഹം പറഞ്ഞു. ദീപികയുടെ കോട്ടയം ഓഫീസ് സന്ദർശിച്ച മേജർ ആർച്ച്ബിഷപ് ജീവനക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയാണു ദീപികയുടെ ദൗത്യം. സ്നേഹം, സത്യം, സ്വാതന്ത്ര്യം എന്നീ മാനവിക മൂല്യങ്ങൾ തന്നെയാണു യേശുവും പഠിപ്പിച്ചത്. സഭ നിലകൊള്ളുന്നതു വിശ്വാസികളുടെ മാത്രമല്ല എല്ലാ മതസ്ഥരുടെയും നന്മയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയാണ്. സത്യം പ്രഘോഷിക്കുകയും സമൂഹത്തിന്റെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുകയും ചെയ്യുകയെന്നതാണു 125 വർഷം പിന്നിടുന്ന ദീപികയുടെ പത്രപ്രവർത്തനരീതി. മാധ്യമങ്ങളുടെ ഒന്നാംനിരയിൽ ദീപികയുടെ സാന്നിധ്യവും ശബ്ദവും ഉണ്ടാവുകയെന്നതു കാലഘട്ടത്തിന്റെ ആവശ്യമാണ്- മാർ ആലഞ്ചേരി വ്യക്തമാക്കി.