സ്കൂൾ വിദ്യാഭ്യാസരംഗത്തെ പ്രശ്നപരിഹാര മാർഗമെന്ന രീതിയിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന അധ്യാപകനിയമന പാക്കേജ് അപര്യാപ്തമാണെന്നു കെസിബി സി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ.സ്റ്റാൻലി റോമൻ പറഞ്ഞു. പിഒസിയിൽ വിളിച്ചുചേർത്ത വിവിധ രൂപതകളിലെ വിദ്യാഭ്യാസ കോർപറേറ്റ് മാനേജർമാരുടെ യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീച്ചേഴ്സ് ബാങ്ക്, അധ്യാപക നിയമനത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം തുടങ്ങിയ നിബന്ധനകൾ അംഗീകരിക്കാൻ കഴിയില്ല. അവ്യക്തതയും സംരക്ഷിത അധ്യാപകരെ സംബന്ധി ച്ച തെറ്റായ കണക്കുകളുമാണു പാക്കേജിലുള്ളത്. അതിനാൽ സൂക്ഷ്മമായ പഠനത്തിനുശേഷം മാത്രമേ പാക്കേജിന് അംഗീകാരം നൽകാവൂ. സംരക്ഷിത അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ടീച്ചേഴ്സ് ബാങ്ക് പദ്ധതി പ്രയോജനപ്പെടുത്തുന്നതിൽ സഭയ്ക്ക് എതിർപ്പില്ല. എന്നാൽ, അധ്യാപകരെ നിയമിക്കാനുള്ള മാനേജുമെന്റുകളുടെ അവകാശത്തെ ഇല്ലാതാക്കുന്ന രീതിയിൽ പാക്കേജ് നടപ്പാക്കാൻ ശ്രമിക്കുന്നതിനെയാണ് എതിർക്കുന്നത്. കോഴ വാങ്ങിയാണു കോർപറേറ്റ് മാനേജുമെന്റുകൾ നിയമനം നടത്തുന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സുതാര്യമായ മാർഗത്തിലൂടെയാണു കത്തോലിക്കാ സഭയുടെ കീഴിലുള്ള മാനേജുമെന്റുകൾ നിയമനം നടത്തുന്നത്. പിൻവാതിൽ നിയമനങ്ങളെ കെസിബിസി പ്രോത്സാഹിപ്പിക്കില്ല. ആരെങ്കിലും കോഴ വാങ്ങി നിയമനം നടത്തിയെന്നറിഞ്ഞാൽ അവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നു ഡോ.സ്റ്റാൻലി റോമൻ പറഞ്ഞു. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ കുട്ടികൾക്കു മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുകയെന്നതാണു കത്തോലിക്കാ സഭയുടെ ലക്ഷ്യം. വിദ്യാഭ്യാസത്തെ സഭ സേവനമായി മാത്രമേ കണ്ടിട്ടുള്ളൂ. മികച്ച വിദ്യാഭ്യാസം നൽകുന്നതിനു നല്ല അധ്യാപകരെ നിയമിക്കാനുള്ള മാനേജുമെന്റുകളുടെ അവകാശത്തെയാണു സർക്കാർ ഇപ്പോൾ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്. അവകാശങ്ങൾ സംരക്ഷിക്കുന്നതിനു പഠിപ്പുമുടക്കിയുള്ള സമരരീതിയെ സഭ പ്രോത്സാഹിപ്പിക്കില്ല. പാക്കേജിലെ പ്രശ്നങ്ങൾ പരിഹരിച്ചു നീതിയുക്തമായ തീരുമാനങ്ങൾ സർക്കാരെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. സർക്കാർ പ്രതിനിധികളുമായി രണ്ടു പ്രാവശ്യം ചർച്ച നടത്തിക്കഴിഞ്ഞു. വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമായി ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മാനേജുമെന്റുകളുടെ താത്പര്യംകൂടി പരിഗണിച്ചു പാക്കേജിൽ നീതിയുക്ത മാറ്റം വരുത്തണമെന്നാണു സഭയുടെ ആവശ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.സ്റ്റീഫൻ ആലത്തറ, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ, ഫാ.മാത്യു ചന്ദ്രൻകുന്നേൽ, ഫാ.ജോസ് കരിവേലിക്കൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.