Tuesday, August 23, 2011

അധ്യാപകനിയമന പാക്കേജ്‌ നീതിപൂർവകമായി രൂപപ്പെടുത്തണം: ഡോ. സ്റ്റാൻലി റോമൻ

കേരള സർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന സ്കൂൾ അധ്യാപകനിയമന പാക്കേജ്‌ നീതിപൂർവകമായും ഇന്ത്യൻ ഭരണഘടന ന്യൂനപക്ഷങ്ങൾക്ക്‌ അനുവദിച്ചിട്ടുള്ള വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനനുസരിച്ചും രൂപപ്പെടുത്തണമെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ്‌ ഡോ. സ്റ്റാൻലി റോമൻ. അധ്യാപക- വിദ്യാർഥി അനുപാതം1 : 30 ആക്കുന്നതും സംരക്ഷിത അധ്യാപകരെ വിന്യസിക്കുന്നതും പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിക്കുകതന്നെ ചെയ്യും. എന്നാൽ, അധ്യാപകരെ വിദ്യാലയങ്ങളിൽ വിന്യസിക്കാനുള്ള മാർഗങ്ങൾ തേടുമ്പോൾ ഭാഷാ- മത ന്യൂനപക്ഷങ്ങളുടെ വിദ്യാലയങ്ങളുടെ സ്വഭാവം സംരക്ഷിക്കപ്പെടുക തന്നെവേണം. അതിനു വിരുദ്ധമായ നിലപാടുകൾ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്‌. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സർക്കാർ ജാഗ്രത പുലർത്തണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. എയ്ഡഡ്‌ വിദ്യാലയങ്ങൾ തങ്ങളുടെ സ്ഥലവും കെട്ടിടങ്ങളും ക്ലാസുമുറികളും സംവിധാനങ്ങളും എല്ലാം പൊതുസമൂഹത്തിനു സമർപ്പിച്ചു സേവനം ചെയ്യുന്നവരാണ്‌. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഉയർന്ന ഗുണനിലവാരത്തിനു കാരണവും ഈ എയ്ഡഡ്‌ വിദ്യാലയങ്ങളാണ്‌. എന്നാൽ വർഷങ്ങളായി മെയ്ന്റനൻസ്‌ ഗ്രാന്റു നൽകാനോ വിദ്യാലയ സംവിധാനങ്ങൾ മെച്ചപ്പെടുത്താനോ സിലബസ്‌ മെച്ചപ്പെടുത്താനോ സർക്കാർ തയാറായിട്ടില്ല. ഈ ദുരവസ്ഥയ്ക്കു പരിഹാരം കാണാനും സർക്കാർ ശ്രമിക്കണം. കത്തോലിക്കാ സ്കൂൾ മാനേജർമാരുടെ ഒരു യോഗം എറണാകുളം പിഒസിയിൽ 26ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിനു നടക്കുമെന്നും ബിഷപ്‌ ഡോ. സ്റ്റാൻലി റോമൻ അറിയിച്ചു.