ആർച്ച്ബിഷപ് ഡോ.കൊർണേലിയൂസ് ഇലഞ്ഞിക്കലിന്റെ ദൈവസങ്കൽപം ക്രൈസ്തവ ദൈവശാസ്ത്രത്തിൽ ഒതുങ്ങുന്നതല്ല. വിശുദ്ധ ആഗസ്തീനോസിനെയും അസീസിയിലെ വിശുദ്ധ ഫ്രാൻസീസിനെയും പോലെ സനാതന സത്യത്തെ തേടിയുള്ള യാത്ര ആർച്ച്ബിഷപ്പിനെ വലിയൊരുഹൈന്ദവ പണ്ഡിതനാക്കി. തത്ത്വശാസ്ത്രത്തിലും സഭയുടെ കാനോനിക നിയമത്തിലും അദ്ദേഹത്തിനു ഡോക്ടറേറ്റുകളുണ്ട്. ബൃഹദാരണ്യക-ഛാന്ദോഗ്യോപനിഷത്തുകളിലെ ദൈവാശയ പരിണാമം എന്നതായിരുന്നു അദ്ദേഹത്തിനു തത്ത്വശാസ്ത്ര ഡോക്ടറേറ്റിന്റെ ഗവേഷണവിഷയം. ഉപനിഷദ് ചിന്തകരിൽ മഹോന്നതനായ യാജ്ഞവൽക്യ മഹർഷിയുടെ നേതി, നേതി എന്ന പ്രയോഗമാണു ഗവേഷണ പ്രബന്ധത്തിന്റെ അകക്കാമ്പ്. ആദിശങ്കരാചാര്യരെപ്പോലെ ആഴമാർന്ന വേദാന്തപഠനത്തിലൂടെ ഹൈന്ദവ ദൈവശാസ്ത്രവും ദൈവസങ്കൽപവും മനസിലാക്കാനും ഉപനിഷത്തുകളിൽ പാണ്ഡിത്യം ആർജിക്കാനും ആർച്ച്ബിഷപ് കൊർണേലിയൂസ് ഇലഞ്ഞിക്കലിനു സാധിച്ചു. ഹൈന്ദവ ദർശനങ്ങളിലുള്ള അദ്ദേഹത്തിന്റെ അഗാധമായ പാണ്ഡിത്യം ഇതര മതങ്ങളെ സഹോദരതുല്യം സ്നേഹിക്കാനും ആദരിക്കാനും അദ്ദേഹ ത്തെ പ്രാപ്തനാക്കി. ഹൈന്ദവത ത്ത്വശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ള കൊർണേലിയൂസ് ഇലഞ്ഞിക്കലിനെ സർവകലാശാലയിലെ തത്ത്വശാസ് ത്ര വിഭാഗത്തിൽ അധ്യാപകനാക്കാൻ വകുപ്പു മേധാവി പ്രഫസർ ഫാബ്രോ തീരുമാനിച്ചെങ്കിലും വരാപ്പുഴ അതിരൂപതയിലേക്കു തിരികെ വന്ന് നാട്ടിൽ സേവനം അനുഷ്ഠിക്കാനാണു പിതാവ് ആഗ്രഹിച്ചത്. 1918 സെപ്റ്റംബർ 8-ന്, പരിശുദ്ധ കന്യകാമറിയത്തി ന്റെ ജനനത്തിരുനാൾ ദിവസം, ഇപ്പോഴത്തെ കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള കൊടുങ്ങല്ലൂർ കാര കർമലനാഥയുടെ നാമധേയത്തിലുള്ള ഇടവകയിൽ പുരാതനവും പ്രശസ്തവുമായ ഇലഞ്ഞിക്കൽ തറവാട്ടിൽ കുഞ്ഞവരായുടെയും ത്രേസ്യയുടെയും മകനായി കൊർണേലിയൂസ് ഇലഞ്ഞിക്കൽ ജാതനായി. മാതാവിന്റെ പിറവിത്തിരുന്നാളിൽ ജാതനായതുകൊണ്ടും ഇടവകദേവാലയം പരിശുദ്ധ കന്യകാമറിയത്തിനു പ്രതിഷ്ഠിക്കപ്പെട്ടതുകൊണ്ടും വലിയൊരു മരിയഭക്തനായാണ് അദ്ദേഹം വളർന്നത്. ഇടവകദേവാലയത്തോടു ചേർന്നുള്ള സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. 1933-ൽ എട്ടാം സ്റ്റാൻഡേർഡിൽ പഠിക്കാൻ എറണാകുളം സെന്റ് ആൽബർട്ട്സ് സ്കൂളിൽ ചേരുകയും അതേവർഷം തന്നെ യേശുവിന്റെ പുരോഹിതനാകണം എന്ന ആഗ്രഹത്തോടെ വരാപ്പുഴ അതിരൂപതാ മൈനർ സെമിനാരിയിൽ പ്രവേശിക്കുകയും ചെയ്തു. മൈനർ സെമിനാരി പഠനത്തിനുശേഷം 1938-ൽ മംഗലപ്പുഴ സെന്റ് ജോസഫ്സ് സെമിനാരിയിൽ ചേർന്ന് തത്ത്വശാസ്ത്രപഠനം ആരംഭിച്ചു. 1939-ൽ ദൈവശാസ്ത്ര പഠനത്തിനായി റോമിലേക്ക്. റോമിലെ ഉർബാനിയാന പ്രൊപ്പഗാന്ത കോളജിൽ ദൈവശാസ്ത്രപഠനം പൂർത്തിയാക്കി 1945 മാർ ച്ച് 18നു പൗരോഹിത്യം സ്വീകരിച്ചു. പ്രൊപഗാന്ത കോളജിലെ പ്രഫസറായിരുന്ന കാലം ചെയ്ത കർദിനാൾ പിയത്രോ പരേന്തെ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത് 'optimus discipulus meus'- 'എന്റെ ഉത്തമനായ ശിഷ്യൻ' എന്നാണ്. 1950-ൽ റോമിൽ നിന്നു തിരി ച്ചെത്തിയ പിതാവ് ചാത്യാത്ത് കർമലനാഥയുടെ പള്ളിയിൽ സഹവികാരിയായി നിയമിക്കപ്പെട്ടു. 1951-ൽ പുണ്യശ്ലോകനായ അട്ടിപ്പേറ്റി പിതാവിന്റെ സെക്രട്ടറിയായി നിയമിതനായി. മൂന്നു വർഷത്തിനു ശേഷം 1954-ൽ സെന്റ് ഫ്രാൻസീസ് അസീസി കത്തീഡ്രലിൽ അസിസ്റ്റന്റായി നിയമനം ലഭിച്ചു. 1956-ൽ മൈനർ സെമിനാരി റെക്ടറായി. 1961 ഒക്ടോബർ ഒന്നിനു പ്രോ വികാരി ജനറാളായി ഉയർത്തിയത് അദ്ദേഹത്തിന്റെ പ്രാഗത്ഭ്യത്തിനും ഭരണപാടവത്തിനും അംഗീകാരമായി. 1970 ജനുവരി 21ന് അതിരൂപതയുടെ പ്രഥമ ഏതദ്ദേശീയ മെത്രാ പ്പോലീത്താ ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ ദേഹവിയോഗത്തെത്തുടർന്ന് അതിരൂപതാ ആലോചനാസമിതി മോൺ. കൊർണേലിയൂസ് ഇലഞ്ഞിക്കലിനെ വികാർ കാപ്പിറ്റുലർ ആയി തെരഞ്ഞെടുത്തു. 1971 ഫെബ്രുവരി 15ന് വിജയപുരം രൂപതയുടെ പ്രഥമ ഏതദ്ദേശീയ മെത്രാനായി നിയമിക്കപ്പെട്ടതുവരെ പ്രസ്തുത ഉത്തരവാദിത്വം പിതാവ് സ്തുത്യർഹമായ രീതിയിൽ നിർവഹിച്ചു. 1971 ഏപ്രിൽ നാലിന് ഓശാന ഞായറാഴ്ചയാണ് ഡോ. ജോസഫ് കേളന്തറയോടൊപ്പം അദ്ദേഹം മെത്രാനായി അഭിഷിക്തനായത്. വേദപ്രചാര തിരുസംഘത്തിന്റെ സെക്രട്ടറിയും പിന്നീട് പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷനുമായ കർദിനാൾ സൈമൺ ലൂർദ്ദ്സ്വാമിയാണു മെത്രാഭിഷേകത്തിൽ മുഖ്യകാർമികത്വം വഹിച്ചത്. 1971 ഏപ്രിൽ മുതൽ 1987 മാർച്ച് വരെ അദ്ദേഹം വിജയപുരം രൂപതയുടെ മെത്രാനായി സേവനം അനുഷ്ഠിച്ചു. 1987 ഫെബ്രുവരി 11നു വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നാമനിർദേശം ചെയ്യപ്പെട്ടു. 1987 മാർച്ച് 19ന് മെത്രാപ്പോലീത്തയായി ചുമതലയേറ്റു. 1987 ജൂൺ 29ന് റോമിൽവച്ച് മെത്രാപ്പോലീത്തമാരുടെ പ്രത്യേക സ്ഥാനികവസ്ത്രമായ പാലിയം വാഴ്ത്തപ്പെട്ട ജോൺ പോൾ രണ്ടാമൻ മാർപാപ്പയിൽ നിന്നു സ്വീകരിച്ചു. 1996 ഓഗസ്റ്റ് അഞ്ചിന് കൊർണേലിയൂസ് പിതാവ് വാർധക്യവും അനാരോഗ്യവും നിമിത്തം അതിരൂപതാ ഭരണത്തിൽ നിന്നു സ്വയംവിരമിച്ചു. തന്റെ ഓർമക്കുറിപ്പുകൾ 2000ൽ'മങ്ങാത്ത സ്മരണകൾ'എന്ന പേരിൽ പിതാവ് പ്രസിദ്ധീകരിച്ചു. പത്തോളം വിലപ്പെട്ട ഗ്രന്ഥങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലുമായി അദ്ദേഹം രചിച്ചിട്ടുണ്ട്. ഉപനിഷത്തുകളിലെ ദൈവസങ്കൽപം, ദൈവപിതാവിന് സ്തുതിഗീതം, മഹാഇ ടയന്മാർ, രണ്ടു പനിനീർപൂക്കൾ, പ്രശ്നങ്ങളും പ്രതിവിധികളും, ലേഖനങ്ങളും പ്രസംഗങ്ങളും, കേരള സഭാചരിത്ര സംക്ഷേപം എന്നിവ അവയിൽ ചില പ്രധാനപ്പെട്ട പുസ്തകങ്ങളാണ്. ക്രൈസ്തവ ഗാനരചയിതാവായിട്ടാണ് പിതാവ് കൂടുതൽ അറിയപ്പെട്ടിട്ടുള്ളത്. അഞ്ഞൂറിലധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അവ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.