Monday, August 8, 2011

സഭകളുടെ കൂട്ടായ്മയ്ക്കുവേണ്ടി പ്രയത്നിച്ച മഹാപുരുഷൻ: മാർ ജോർജ്ജ്‌ ആലഞ്ചേരി

മഹത്തായ ശുശ്രൂഷയിലൂടെ സഭയ്ക്കു നേതൃത്വം നൽകുകയും സഭയ്ക്കും സമൂഹത്തിനും പുതിയ ഉൾക്കാഴ്ചകൾ നൽകി ആത്മീയോത്കർഷവും സാമൂഹിക പുരോഗതിയും കൈവരുത്തുകയും ചെയ്ത മഹാമനസിന്റെ ഉടമയായിരുന്നു കാലംചെയ്ത കൊർണേലിയൂസ്‌ ഇലഞ്ഞിക്കൽ പിതാവെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പിതാവിന്റെ നിര്യാണത്തിൽ ദുഃഖിക്കുന്ന വരാപ്പുഴ അതിരൂപതയോടും ഇന്ത്യയിലെ സഭയോടും എന്റെ ദുഃഖങ്ങൾ പങ്കുവയ്ക്കുന്നു. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷൻ, വിജയപുരം രൂപത, വരാപ്പുഴ അതിരൂപത എന്നിവയുടെ മേലധ്യക്ഷൻ എന്നീ നിലകളിൽ പിതാവ്‌ ശുശ്രൂഷ ചെയ്തിട്ടുണ്ട്‌. ഈ രണ്ടു നിലകളിലും കേരളത്തിലെ സഭകളുടെ കൂട്ടായ്മയ്ക്കുവേണ്ടിയും പാവപ്പെട്ടവരുടെയും തിരസ്കൃതരായവരുടെയും പ്രത്യേകിച്ചു ദളിതരുടെയും ഉന്നമനത്തിനുവേണ്ടിയും അക്ഷീണം അധ്വാനിച്ച മഹാപുരുഷനായിരുന്നു പിതാവ്‌. കേരള കാത്തലിക്‌ ബിഷപ്സ്‌ കൗൺസിലിന്റെ ഡെപ്യൂട്ടി സെക്രട്ടറി എന്ന നിലയിൽ അദ്ദേഹത്തോടൊപ്പം അടുത്തു ശുശ്രൂഷ ചെയ്യാനുള്ള അനുഗ്രഹം ലഭിച്ചിട്ടുണ്ട്‌. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ വിശാലവീക്ഷണങ്ങളും താൻ ശുശ്രൂഷ ചെയ്യുന്ന സഭാംഗങ്ങളോടുള്ള പ്രതിബദ്ധതയും മനസിലാക്കിയിട്ടുണ്ട്‌. ആരെപ്പറ്റിയും ഒരു ദോഷവും പറയാതെ എല്ലാവരോടും സഹകരിച്ചു പ്രവർത്തിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സഹപ്രവർത്തകരുടെ സങ്കുചിത മനോഭാവങ്ങളെ തിരുത്താനും അദ്ദേഹം പരിശ്രമിച്ചിരുന്നു. തികഞ്ഞ സഭാസ്നേഹിയും സമുദായാചാര്യനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആത്മീയ ദർശനങ്ങൾ ഗാനരൂപത്തിൽ ദിവ്യസന്നിധിയിലേക്കുയർത്തുവാനും അജഗണങ്ങൾക്കു സാധിച്ചു.
കൊർണേലിയൂസ്‌ പിതാവിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നതോടൊപ്പം അദ്ദേഹത്തിന്റെ ദർശനങ്ങളും പ്രവർത്തനശൈലിയും നമ്മുടെ ജീവിതങ്ങളിലേക്കു ഏറ്റുവാങ്ങാനും നാം തയാറാകണം - മാർ ആലഞ്ചേരി പറഞ്ഞു.