നിത്യസനാതന സത്യം അജഗണങ്ങൾക്കു മുമ്പിൽ നവമായ രീതിയിൽ അവതരിപ്പിച്ച ഇടയശ്രേഷ്ഠനായിരുന്നു ആർച്ച്ബിഷപ് ഡോ. കൊർണേലിയൂസ് ഇലഞ്ഞിക്കലെന്നു കെസിബിസി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ക്രൈസ്തവ ദൈവശാസ്ത്രത്തിലും ഹൈന്ദവ തത്ത്വശാസ്ത്രത്തിലും ദൈവത്തെ കണ്ടെത്താൻ പരിശ്രമിച്ച ആർച്ച്ബിഷപ് വേദാന്തപഠനത്തിലൂടെ ഉപനിഷത്തുകളിൽ പാണ്ഡിത്യം നേടിയ അപൂർവം ക്രൈസ്തവരിൽ ഒരാളാണ്. ഹൈന്ദവദർശനങ്ങളിലുള്ള അഗാധമായ പാണ്ഡിത്യം ഇതരമതങ്ങളെ സഹോദരതുല്യം സ്നേഹിക്കാനും ആദരിക്കാനും അദ്ദേഹത്തെ പ്രാപ്തനാക്കി. ആഴമുള്ള ദൈവാനുഭവത്തിൽനിന്ന് ഉരുത്തിരിഞ്ഞ കാവ്യഭാവനയിലൂടെ ക്രൈസ്തവ ഭക്തിഗാനരചനാരംഗത്തു പുതിയ പാത വെട്ടിത്തുറക്കാൻ പിതാവിനു സാധിച്ചു. അനേകായിരങ്ങളെ ദൈവത്തിങ്കലേക്ക് അടുപ്പിക്കാൻ സഹായകമാകുന്ന ഹൃദയസ്പർശിയായ ഗാനങ്ങൾ പിതാവിനെ എന്നും അനശ്വരനാക്കും. വിജയപുരം രൂപതയുടെ ആധുനിക കാലഘട്ടത്തിലെ നവീകരണങ്ങൾക്ക് അടിത്തറ പാകിയ പിതാവ് വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്ത എന്ന നിലയിലും 1987 മുതൽ 1996 വരെ കേരള ലത്തീൻ കത്തോലിക്കാസഭയുടെ പരമാധ്യക്ഷനെന്ന നിലയിലും സഭയ്ക്കും സമൂഹത്തിനും നൽകിയ സേവനങ്ങൾ ഒരിക്കലും വിസ്മരിക്കാനാവില്ല. 1989 മുതൽ 1992 വരെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷനെന്ന നിലയിൽ കേരളത്തിലെ ക്രൈസ്തവസഭകളുടെ ഐക്യത്തിനുവേണ്ടി നടത്തിയ പരിശ്രമങ്ങൾ അക്കാലത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലാളിത്യം, ദൃഢമായ വിശ്വാസം, ആഴവും പരപ്പുമുള്ള വിജ്ഞാനം, സ്നേഹവും സാഹോദര്യവും അടിസ്ഥാനമാക്കിയുള്ള കാര്യക്ഷമത എന്നിവ അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. ദൈവസ്നേഹംകൊണ്ടും പരസ്നേഹ പ്രവൃത്തികൾകൊണ്ടും ധന്യനായ ആർച്ച്ബിഷപ് കൊർണേലിയൂസ് ഇലഞ്ഞിക്കലിന്റെ ദേഹവിയോഗം കേരളകത്തോലിക്കാസഭയ്ക്കും കേരള സമൂഹത്തിനും നികത്താനാവാത്ത വിടവാണെന്നു കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലാര്റയ്ക്കൽ, സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.