തോമ്മാശ്ലീഹ പകർന്നുതന്ന വിശ്വാസശൈലി കുടുംബങ്ങളിൽ വളർത്തണമെന്നു മേജർ ആർച്ച്ബിഷപ് മാർ ജോർജ്ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. അഴീക്കോട് മാർത്തോമ്മ പൊന്തിഫിക്കൽ ഷ്‌റൈനിൽ തോമ്മാശ്ലീഹയുടെ തിരുശേഷിപ്പുവണക്കവും ആശീർവാദവും നിർവഹിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം. ക്രൈസ്തവ കുടുംബങ്ങളിൽ അവിശുദ്ധമായതൊന്നും ഉണ്ടാകാതിരിക്കാൻ കരുതലുണ്ടാകണം. കുടുംബത്തിന്റെ വിശുദ്ധിയാണു സഭ ഇന്നാഗ്രഹിക്കുന്നത്. മദ്യപാനം, ലൈംഗിക അരാജക ത്വം തുടങ്ങിയവയ്ക്കു സഭാമക്കൾ വശംവദരാകരുത്. മക്കളെക്കുറിച്ച് അതീവജാഗ്രത പുലർത്തണം. അവരാണ് സഭയുടെ നിക്ഷേപം, സമൂഹത്തിന്റെ സമ്പ ത്ത്. അവരെ വിശുദ്ധിയിൽ വളർത്താൻ കഴിയണം. മത്സരിക്കാനോ കലഹിക്കാനോ മാറിനിൽക്കാനോ സഭയ്ക്കു സമയമില്ല. കൂട്ടായ്മയിലൂടെ ഒന്നിച്ചു മുന്നോട്ടുപോകാൻ സഭാമക്കൾക്കു കഴിയണം. പ്രതിസന്ധികളും വെല്ലുവിളികളും നേരിടാനുള്ള ശക്തി സഭയ്ക്കുണ്ട്. സഭയുടെ നിലവിലുള്ള 29 രൂപതകൾക്കപ്പുറത്തേക്ക് പുതിയ രൂപതകളിലേക്കു വിശ്വാസചൈതന്യം എത്തിക്കാനാകണം. ത്യാഗപൂർണമായ പ്രാർഥനയുണ്ടെങ്കിലേ സഭയുടെ വാഴ്ത്തപ്പെട്ടവർ വിശുദ്ധപദവിയിലെത്തൂ. ഛാന്ദാ രൂപതയിൽ മിഷൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുമുമ്പ് കേരളത്തിൽ ആഴത്തിലുള്ള പ്രേഷിതവേലയ്ക്കു നേതൃത്വം നൽകിയതു വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചനായിരുന്നു. അദ്ദേഹത്തെ എത്രയും വേഗം വിശുദ്ധനായി പ്രഖ്യാപിക്കാൻ ഇടയാകട്ടെ. ദൈവത്തിനും ദൈവജനത്തിനും കൂടുതൽ സമർപ്പിത സേവനങ്ങൾ നൽകാൻ സിഎംഐ സഭയ്ക്കു കഴിയുമെന്നു മേജർ ആർച്ച്ബിഷപ് ആശംസിച്ചു. ഇവിടെ നിർമിക്കാനുദ്ദേശിക്കുന്ന തീർഥാടക കേന്ദ്രസമുച്ചയത്തിന്റെ ശില അദ്ദേഹം ആശീർവദിച്ചു. തിരുശേഷിപ്പു കൊണ്ട് അദ്ദേഹം വിശ്വാസികളെ ആശീർവദിച്ചു. തിരുശേഷിപ്പു വന്ദന ശുശ്രൂഷകൾക്കു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, കൂരിയ ബിഷപ് മാർ ബോസ്കോ പുത്തൂർ, ഛാന്ദാ ബിഷപ് മാർ വിജയാനന്ദ് നെടുമ്പുറം എന്നിവർ സഹകാർമികരായി.