Monday, August 29, 2011

സന്യസ്ത ശുശ്രൂഷകളെ ഏകോപിപ്പിക്കുന്നതിനു പുതിയ കമ്മീഷൻ

സീറോ മലബാർ സഭയിൽ വ്യത്യസ്ത മേഖലകളിലുള്ള സന്യസ്തരുടെ ശുശ്രൂഷകളെ ഏകോപിപ്പിക്കുന്നതിനു പുതിയ കമ്മീഷനു സിനഡ്‌ രൂപം നൽകി. ബിഷപ്‌ മാർ ജോസ്‌ പൊരുന്നേടം അധ്യക്ഷനായ കമ്മീഷനിൽ ബിഷപ്പുമാരായ മാർ ലോറൻസ്‌ മുക്കുഴി, മാർ ജോസ്‌ ചിറ്റൂപ്പറമ്പിൽ എന്നിവരും അംഗങ്ങളാകും. സന്യസ്തർ ഉൾക്കൊളളുന്ന ഒരു കമ്മിറ്റിക്കു കമ്മീഷൻ രൂപം നൽകും. സഭാ ആസ്ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസിൽ ഇന്നലെ സമാപിച്ച സിനഡാണു പുതിയ കമ്മീഷൻ രൂപീകരിക്കാൻ തീരുമാനിച്ചത്‌. സഭയുടെ സാമ്പത്തിക കാര്യങ്ങൾക്കായുള്ള കമ്മീഷന്റെ പുതിയ അംഗങ്ങളെയും സിനഡ്‌ തെരഞ്ഞെടുത്തു. ബിഷപ്‌ മാർ മാത്യു അറയ്ക്കൽ ചെയർമാനായുള്ള സാമ്പത്തികകാര്യ കമ്മീഷനിൽ ബിഷപ്പുമാരായ മാർ ബോസ്കോ പുത്തൂർ, മാർ റാഫേൽ തട്ടിൽ, മാർ ഗ്രിഗറി കരോട്ടെമ്പ്രയിൽ എന്നിവർ അംഗങ്ങളാണ്‌. മാർ ജോർജ്ജ്‌ ആലഞ്ചേരി മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള സീറോ മലബാർ സഭയുടെ ആദ്യത്തെ സിനഡ്‌ കഴിഞ്ഞ 17നാണ്‌ തുടങ്ങിയത്‌. ഭാരതത്തിനകത്തും പുറത്തുമുള്ള 40 ലക്ഷത്തോളം വിശ്വാസികളുടെ അജപാലന പരവും സാമൂഹികവും സാംസ്കാരികവുമായ ആവശ്യങ്ങളും നീരീക്ഷണങ്ങളും സിനഡ്‌ ചർച്ച ചെയ്തു. പൊതുസമൂഹത്തിൽ വർധിച്ചുവരുന്ന അക്രമവാസനകൾ, അഴിമതി, മാധ്യമസംസ്കാരത്തിന്റെ ജീർണതകൾ, ലൈംഗിക അരാജകത്വം എന്നിവയിൽ സിനഡ്‌ ആശങ്ക രേഖപ്പെടുത്തി. സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബത്തെ സാരമായി ബാധിക്കുന്ന ഇത്തരം സാമൂഹികതിന്മകൾ വ്യക്തികളുടെയും സമൂഹങ്ങളുടെയും സമഗ്രമായ വളർച്ചയ്ക്കു തടസമാണ്‌. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച്‌ അടുത്ത ജനുവരിയിലെ സിനഡ്‌ ഇക്കാര്യങ്ങൾ ആഴമായി പഠിക്കും. വിശ്വാസസമൂഹത്തിന്‌ ഉൾക്കാഴ്ചകൾ പകരാൻ സാധിക്കുന്ന രേഖകൾ രൂപതകൾക്കു നൽകും. നീതിനിഷ്ഠവും നന്മനിറഞ്ഞതുമായ സമൂഹങ്ങളെ രൂപപ്പെടുത്താനുള്ള സഭയുടെ പ്രതിജ്ഞാബദ്ധതയും സിനഡ്‌ വ്യക്തമാക്കി. മുല്ലപ്പെരിയാർ ഡാമിന്റെ അവസ്ഥയെക്കുറിച്ചു സിനഡ്‌ ആശങ്ക പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും ഇക്കാര്യം അറിയിക്കുകയും ചെയ്തു. സഭയുടെ വിവിധ കമ്മീഷനുകളുടെ പ്രവർത്തനങ്ങളും കർമപരിപാടികളും വിശകലനം ചെയ്ത സിനഡ്‌ ഈ പ്രവർത്തനങ്ങൾ സഭാ കൂട്ടായ്മയ്ക്ക്‌ ഊർജം പകരുന്നതായി വിലയിരുത്തി. പ്രവാസികൾക്കും അൽമായർക്കുമുള്ള കമ്മീഷനുകൾ കേരളത്തിനകത്തും പുറത്തുമുള്ള വിശ്വാസകൂട്ടായ്മകളുടെ പ്രശ്നങ്ങൾ പഠിച്ചു പരിഹരിക്കാനുള്ള പരിശ്രമങ്ങൾ തുടരണമെന്നു സിനഡ്‌ ആവശ്യപ്പെട്ടു. സെമിനാരി വിദ്യാർഥികളുടെയും സന്യസ്തരുടെയും പരിശീലന പരിപാടികളിൽ കാതലായ മാറ്റം ആവശ്യമാണ്‌. ഇതു സംബന്ധിച്ചു നിരന്തരമായ പഠനം വേണമെന്നും സിനഡ്‌ വിലയിരുത്തി. വൈദിക കമ്മീഷൻ, ലിറ്റർജിക്കൽ റിസർച്ച്‌ സെന്റർ, മതബോധന കമ്മീഷൻ, എക്യുമെനിക്കൽ കമ്മീഷൻ, ലിറ്റർജി കമ്മീഷൻ, പബ്ലിക്‌ അഫയേഴ്സ്‌ കമ്മിറ്റി, സുവിശേഷവത്കരണ കമ്മീഷൻ, സെമിനാരി കമ്മീഷൻ, അൽമായ കമ്മീഷൻ, ദൈവശാസ്ത്ര കമ്മീഷൻ, വിവാഹകോടതി എന്നിവയുടെ പ്രവർത്തന റിപ്പോർട്ട്‌ അതതു കമ്മീഷന്റെ പ്രതിനിധികൾ സിനഡിൽ അവതരിപ്പിച്ചു. സിനഡ്‌ അത്‌ അംഗീകരിച്ചു നിർദേശങ്ങൾ നൽകി. പ്രേഷിതവർഷത്തോടനുബ ന്ധിച്ചുള്ള വിവിധ കർമപദ്ധതികളുടെ അവലോകനവും സിനഡിൽ നടന്നു. പ്രേഷിതവർഷാചരണത്തിന്റെ സഭാതല ഉദ്ഘാടനം എല്ലാ മെത്രാന്മാരുടെയും സാന്നിധ്യത്തിൽ കൊടുങ്ങല്ലൂരിൽ മേജർ ആർച്ച്ബിഷപ്‌ നിർവഹിച്ചു.