Tuesday, September 6, 2011

പാവപ്പെട്ടവർക്കായി സമർപ്പിച്ച ആദർശജീവിതം: മാർ ജോർജ്ജ്‌ ആലഞ്ചേരി

ഇടയശുശ്രൂഷയിൽ പാവപ്പെട്ടവർക്കും നീതി നിഷേധിക്കപ്പെട്ടവർക്കും വേണ്ടി ആദർശനിഷ്ഠയോടെ പ്രയത്നിച്ച വ്യക്തിത്വമായിരുന്നു വിജയപുരം രൂപതയുടെ മുൻ മെത്രാൻ പീറ്റർ തുരുത്തിക്കോണം പിതാവിന്റേതെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ദളിത്‌ വംശജരുടെ തുല്യഅവകാശങ്ങൾക്കുവേണ്ടി അദ്ദേഹം നിരന്തരം ശബ്ദിച്ചിരുന്നു. അദ്ദേഹം ആഗ്രഹിച്ച നീതി നിർവഹണം ഇന്നും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്നതു ദുഃഖകരമാണ്‌. സഭ പാവപ്പെട്ടവരോടു സവിശേഷ ശ്രദ്ധ പുലർത്തുന്നുണ്ട്‌. ഈ വിഷയത്തിൽ പീറ്റർ പിതാവിനു പ്രത്യേക താത്പര്യമുണ്ടായിരുന്നു. കേരള സഭയ്ക്കും വിജയപുരം രൂപതയ്ക്കും അദ്ദേഹം നൽകിയ നിസ്തുല സംഭാവനകളെ നന്ദിപൂർവം സ്മരിക്കണം. അദ്ദേഹം നൽകിയ നല്ല മാതൃകകളെ ജീവിതത്തിൽ ഏറ്റുവാങ്ങാൻ സഭാമക്കൾക്കു കടമയുണ്ട്‌. പിതാവിന്റെ നിര്യാണത്തിൽ വിജയപുരം രൂപതയെയും സഭാംഗങ്ങളെയും അനുശോചനം അറിയിക്കുന്നതായും മേജർ ആർച്ച്ബിഷപ്‌ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.