Monday, September 12, 2011

മാന്നാറിന്റെ കരവിരുതിൽ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ വെങ്കലപ്രതിമ

വെങ്കലത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച്‌ മാന്നാറിന്റെ കരവിരുതിനെ ലോകരാജ്യങ്ങളിൽവരെ എത്തിച്ച ശിൽപികളുടെ ചാരുത ഇനി തൃശൂർ പുത്തൻ പള്ളിയിൽ. അന്തരിച്ച ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ വെങ്കല പ്രതിമ നിർമിച്ചാണ്‌ ഇത്തവണ മാന്നാറിന്റെ കരവിരുത്‌ വീണ്ടും തെളിയിച്ചത്‌. പ്രശസ്ത വെങ്കല പ്രതിമ നിർമാതാക്കളായ പിആർഎം ലക്ഷ്മണ അയ്യരുടെ ആലയിൽ മൂന്നടി ഉയരത്തിൽ ഇരുന്നൂറ്‌ കിലോയോളം തൂക്കത്തിലാണ്‌ പ്രതിമ രൂപപ്പെടുത്തിയത്‌. തൃശൂർ സ്വദേശിയും ചിത്രകാരിയുമായ, ജോൺബേബിയുടെ ഭാര്യ മിനിയുടെ കരവിരുതിലാണ്‌ പ്രതിമ രൂപപ്പെട്ടത്‌. ലണ്ടൻ മ്യൂസിയത്തിലെ കൂറ്റൻ വാർപ്പും നിരവധി ദേവായലങ്ങളിലെ കൂറ്റൻ മണികളും വിളക്കുകളും നിയമസഭാ മന്ദിരത്തിലെ സർക്കാർ മുദ്രയും മറ്റും നിർമിച്ച്‌ ശ്രദ്ധനേടിയ മാന്നാറിലെ വെങ്കല ശിലിപികൾക്ക്‌ ജോൺപോൾ രണ്ടാമന്റെ പ്രതിമനിർമാണം ക്ലേശകരമായ ജോലിയായിരുന്നു. അഞ്ച്‌ തൊഴിലാളികളുടെ മൂന്ന്‌ മാസത്തെ കഠിന പ്രയത്നത്തിൽനിന്നു മാണ്‌ പ്രതിമ രൂപപ്പെട്ടത്‌. പ്രത്യേ ക പ്രാർഥകൾക്ക്‌ ശേഷമാണ്‌ നിർമാണം ആരംഭിച്ചത്‌. മണ്ണു കൊണ്ട്‌ ഉൾക്കരു ഉണ്ടാക്കുകയാണ്‌ ആദ്യമായി ചെയ്തത്‌. തുടർന്ന്‌ പശകലർന്ന ചെളി ഉപയോഗിച്ച്‌ പല പാളികളായി കരു പിടിക്കും. ഒരോ പാളികളും ഉണക്കിയാണ്‌ കരുപിടിക്കുന്നത്‌. ഉൾക്കരു പൂർത്തിയായപ്പോൾ മെഴുകിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പ്രതിമ രൂപകൽപ്പന ചെയ്തു. വളരെ സൂക്ഷ്മതയോടെ ഏറെ പ്രയാസപ്പെട്ടാണ്‌ മെഴുകിൽ രൂപകൽപ്പന ചെയ്തത്‌. തുടർന്ന്‌ വീണ്ടും ഇത്‌ ചെളി കൊണ്ട്‌ പൊതിയും. അകവും പുറവുമുള്ള കരു ശരിക്കും ഉണങ്ങിക്കഴിഞ്ഞാൽ ചൂളയിൽവച്ച്‌ മെഴുക്‌ ഉരുക്കി കളയും. ഈ ഭാഗത്ത്‌ വളരെ ഉയർന്ന ഊഷ്മാവിൽ ഉരുക്കിയ വെങ്കലം ഒഴിക്കും. ഇത്‌ തണുത്താണ്‌ പ്രതിമ രൂപപ്പെടുന്നത്‌. ഇത്‌ പിന്നീട്‌ മിനുക്കി ഭംഗിയേറുന്ന പ്രതിമയാക്കി മാറ്റും. കഴിഞ്ഞ ദിവസമാണ്‌ പാപ്പായുടെ പ്രതിമ തൃശൂരിലേക്ക്‌ കൊണ്ടുപോയത്‌. മാന്നാറിന്റെ കരവിരുതിൽ ചിത്രകാരി മിനിയുടെ രൂപകൽപനയിൽ പിറവിയെടുത്ത ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ വെങ്കല പ്രതിമ ഇനി തൃശൂർ പുത്തൻ പള്ളിയിൽ വിശ്വാസികൾക്ക്‌ അനുഗ്രഹം വർഷിക്കും