മനോനില തെറ്റിയവരെ പുനരധിവസിപ്പിക്കുന്ന സ്ഥാപനങ്ങളിൽ സ്നേഹപ്പുഴയായി, സാന്ത്വനമായി വലിയഇടയൻ എത്തി. കാഞ്ഞിരപ്പള്ളി രൂപതയിലെ അജപാലന സന്ദർശനത്തോടനുബന്ധിച്ചാണ് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ ജോർജ്ജ് ആലഞ്ചേരി നല്ല സമറായനിലും പെനുവേൽ ആശ്രമത്തിലും എത്തിയത്. ഇത്തരം ആശ്രമങ്ങളിൽ ശുശ്രൂഷ ചെയ്യുന്നവർ പ്രതിഫലം ആഗ്രഹിക്കാത്ത സ്നേഹമാണ് നൽകുന്നതെന്നും ഇവരുടെ സ്നേഹമാണ് കാരുണ്യമെന്നും ദൈവം നടത്തിയ ശുശ്രൂഷയാണ് ഇവർ ചെയ്യുന്നതെന്നും മാർ ആലഞ്ചേരി പറഞ്ഞു. കാരുണ്യത്തിന്റെ സുവിശേഷം നടത്തുന്ന ഇവർ സ്വർഗരാജ്യത്തിന് അർഹരാണെന്നും മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു. രൂപതയിലെ നല്ല സമറായൻ, തമ്പലക്കാട് പെനുവൽ എന്നിവിടങ്ങളിലെ മാനസിക നിലതെറ്റിയവരെ പുനരധിവസിപ്പിക്കുന്ന ആശ്രമങ്ങളിലാണ് ശ്രേഷ്ഠമെത്രാപ്പോലീത്ത സന്ദർശനം നടത്തിയത്. ആശ്രമവാസികൾ മേജർ ആർച്ച്ബിഷപ്പിനെ പൂച്ചെണ്ടുകൾ നൽകിയാണ് സ്വീകരിച്ചത്. അന്തേവാസികളോട് സംസാരിക്കുന്നതിനു പിതാവ് സമയം കണ്ടെത്തിയത് ആശ്രമവാസികൾക്ക് നവ്യാനുഭവമായി. രൂപതയിലെ വിവിധ സ്ഥാപനങ്ങളിൽ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നവരും സന്യസ്തരും അൽമായ പ്രതിനിധികളും ചടങ്ങിൽ എത്തിയിരുന്നു. രൂപതയിലെ ജീവകാരുണ്യ പ്രവർത്തനം പ്രശംസനീയമാണെന്നും മറ്റുള്ളവർക്ക് മാതൃകയാണെന്നും മേജർ ആർച്ച് ബിഷപ് പറഞ്ഞു. നല്ല സമറായനിലെ റിസേർച്ച് ആൻഡ് റിഹാബലിറ്റേഷൻ സെന്ററിന്റെ വെഞ്ചരിപ്പും തമ്പലക്കാട് പെനുവേൽ ആശ്രമത്തിലെ റിഹാബലിറ്റേഷൻ സെന്ററിന്റെയും ഡോൺ ബോസ്കോ ചാപ്പലിന്റെയും ശിലാസ്ഥാപനവും മേജർ ആർച്ച്ബിഷപ് നിർവഹിച്ചു.