Tuesday, September 6, 2011

ജപമാലയിൽ അധിഷ്ഠിതമായ പ്രാർഥനാജീവിതം

ദിവസം മൂന്നു തവണ ജപമാല ചൊല്ലുന്ന ആത്മീയജീവിതമായിരുന്നു ബിഷപ്‌ പീറ്റർ തുരുത്തിക്കോ ണത്തിന്റേത്‌. രാത്രിയുടെ വൈകിയ യാമങ്ങളിലും പിതാവ്‌ ക്രൂശിതരൂപത്തിനു മുന്നിലിരുന്നു കൈകൂപ്പി പ്രാർഥിക്കുന്നതു കണ്ടിട്ടുണ്ട്‌. വിമലഗിരി കത്തീഡ്രലിനു ചുറ്റും ജപമാല ചൊല്ലി നടക്കുന്ന സായാഹ്നങ്ങൾ മറക്കാനാവുന്നതല്ല- മെത്രാൻപദവിയിൽ നിന്നു വിരമിച്ചശേഷം വിമലഗിരി കത്തീഡ്രലിൽ വിശ്രമജീവിതം നയിക്കുമ്പോൾ അഞ്ചു വർഷം അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന ഫാ. ടോം ജോസ്‌ ഓർമിക്കുന്നു. പാവങ്ങളോട്‌ എക്കാലവും പിതാവിന്‌ കാരുണ്യമുണ്ടായിരുന്നു. വീട്‌, ഭക്ഷണം, വസ്ത്രം എന്നീ ആവശ്യ ങ്ങളുമായി തന്റെ മുന്നിലെത്തിയ ആരെയും അദ്ദേഹം വെറുതെ വിട്ടിട്ടില്ല. ദരിദ്രനു കടം ഇളച്ചുകൊടുക്കുക എന്ന വചനം സ്വന്തം ജീവിതത്തിൽ പാലിക്കുന്നത്‌ നേരിൽ കണ്ടിട്ടുണ്ട്‌. 96-ൽ രൂപതയുടെ വക മുക്കൂട്ടുതറയിലെ റബർ തോട്ടം പാട്ടത്തിനെടുത്ത ഒരാൾക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടായി. റബറിന്‌ അപ്രതീക്ഷിതമായി വില ഇടിഞ്ഞു കടക്കെണിയിലായയാൾ കിടപ്പാടം വിറ്റുപോകുമെന്ന അവസ്ഥയിലാണെന്ന സങ്കടവുമായി എത്തി. തോട്ടത്തിൽ നടത്തിയ ടാപ്പിംഗിന്റെ മുഴുവൻ കണക്കുകളുമായി എത്താൻ പിതാവ്‌ അയാളോട്‌ ആവശ്യപ്പെട്ടു. കണക്ക്‌ ശരിയാണെന്ന്‌ ബോധ്യപ്പെട്ട പിതാവ്‌ അദ്ദേഹത്തിനുണ്ടായ ഒന്നര ലക്ഷം രൂപയുടെ നഷ്ടം രൂപതയിൽ നിന്നു നൽകി ബാധ്യതയിൽ നിന്ന്‌ കര കയറ്റി. പിന്നീട്‌ ഇതേ വ്യക്തി കുടുംബസമേതമെത്തി പിതാവിനോടു നന്ദി പറഞ്ഞ സംഭവം ഓർമിക്കുന്നു. ലഭിക്കുന്നപോസ്റ്റ്‌ കാർഡി നുവരെ അന്നുതന്നെ മറുപടി അയയ്ക്കുന്ന കർക്കശക്കാരനായിരുന്നു പിതാവ്‌. ചുരുങ്ങിയ വാക്കുകളിലായിരിക്കും മറുപടി. നിരവധി രോഗങ്ങൾ അലട്ടിയിരുന്നെങ്കിലും ചെലവേറിയ ചികിത്സ തനിക്കുവേണ്ടെന്ന കർക്കശസമീപനമായിരുന്നു പിതാവിന്റേത്‌. എറണാകുളത്ത്‌ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുമ്പോഴും പണച്ചെലവുള്ള ചികിത്സ വേണ്ടെന്നും പാവങ്ങളുടെ ആവശ്യങ്ങൾക്ക്‌ ഒരുപാടു പണം രൂപതയ്ക്കുവേണ്ടതല്ലേയെന്നുമായിരുന്നു പ്രതികരണം.ചെറിയ പള്ളികൾ, ലളിതമായ നിർമാണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലിയെന്നും ഫാ.ടോം ജോസ്‌ ഓർമിച്ചു.