സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും അവകാശങ്ങൾക്കുംവേണ്ടിയുള്ള ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ കമ്മീഷൻ സംസ്ഥാന സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിലെ പല നിർദേശങ്ങളും അസ്വീകാര്യമാണെന്നും ഇന്ത്യൻ ഭരണഘടന വ്യക്തികൾക്കു നൽകിയിട്ടുള്ള സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കെആർഎൽസിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി. കുട്ടികൾ എത്രവേണമെന്നു തീരുമാനിക്കാനുള്ള അവകാശം മാതാപിതാക്കളുടേതാണ്. രണ്ടുകുട്ടികളിൽ കൂടുതൽ ഉള്ളവരിൽനിന്നു പിഴ ഈടാക്കണമെന്നു പറയുന്നതു ന്യായീകരണമില്ലാത്തതാണ്. അധികം കുട്ടികളുള്ളവർക്കു സർക്കാർ സഹായങ്ങളും ആനുകൂല്യങ്ങളും നൽകരുതെന്ന നിർദേശം ജനാധിപത്യ വ്യവസ്ഥയെത്തന്നെ ചോദ്യം ചെയ്യുന്നുണ്ട്. കൂടുതൽ മക്കൾ ഉണ്ടാകുന്നതുകൊണ്ട് നിയമനടപടികൾ അനുഭവിക്കേണ്ടിവരുന്ന സാഹചര്യം കാടത്തവും അപലപനീയവുമാണ്. ജനസംഖ്യാ നിയന്ത്രണത്തിനെതിരേ പ്രചാരണം നടത്തുന്ന മത, സാമൂഹ്യ, രാഷ്ട്രീയ, അക്കാദമിക സംഘടനകൾക്കും സ്ഥാപനങ്ങൾക്കും കടുത്ത ശാസനം നൽകണമെന്നത് മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയ്ക്കു നിരക്കുന്നതല്ല. ജനപ്പെരുപ്പ നിയന്ത്രണനയം നടപ്പിലാക്കുന്നതിനു രൂപീകരിക്കുന്ന കമ്മീഷനിൽ ഒരു സംഘടനയുടെയും ഭാരവാഹികൾ അംഗങ്ങളാകരുതെന്ന നിർദേശം നിഗൂഢലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്നതാണ്. സുരക്ഷിതമായ ഗർഭഛിദ്രസംവിധാനം സൗജന്യമായി ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ഏർപ്പെടുത്തണമെന്ന വിവാദവ്യവസ്ഥയും സുരക്ഷിതമായ ഗർഭനിരോധന ഉപാധികളെ പ്രോത്സാഹിപ്പിക്കുന്ന പ്രവണതയും സമൂഹത്തിൽ മൂല്യങ്ങളുടെ അപചയത്തിനും ശിഥിലീകരണത്തിനും കാരണമാകുമെന്നും ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ചൂണ്ടിക്കാട്ടി.