Monday, September 26, 2011

നിയമനിർമാണം മനുഷ്യമഹത്വത്തെയും സംസ്കാരത്തെയും ഉയർത്തിപ്പിടിക്കുന്നതാവണം: മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌

രാഷ്ട്രവും നിയമങ്ങളും വ്യക്തി സ്വാതന്ത്ര്യത്തിലേക്കു കടന്നുകയറരുതെന്നും മനുഷ്യമഹത്വത്തെയും സംസ്കാരത്തെയും ഉയർത്തിപ്പിടിക്കുകയാണ്‌ നിയമനിർമാണങ്ങളിലൂടെ വേണ്ടതെന്നും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌. എകെസിസി പാലാ രൂപത പ്രവർത്തനോദ്ഘാടനം മുണ്ടാങ്കൽ പാരിഷ്ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റീസ്‌ കൃഷ്ണയ്യർ കമ്മീഷൻ വിമൻസ്‌ കോഡ്‌ ശിപാർശകളെക്കുറിച്ചു പരാമർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കാര ബോധമുള്ളവർക്കു മുന്നോട്ടു വയ്ക്കാൻ സാധിക്കാത്ത നിർദേശങ്ങളാണു ശിപാർശയിലുള്ളത്‌. മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുകയും നന്മയ്ക്കുവേണ്ടി ശബ്ദിക്കുകയും ചെയ്യുന്നതുകൊണ്ടാണ്‌ ക്രൈസ്തവസഭ പലപ്പോഴും സമൂഹത്തിൽ ഒറ്റപ്പെടുന്നത്‌. ഇങ്ങനെ ഒറ്റപ്പെടുമ്പോഴും സഭ അതിന്റെ മൂല്യങ്ങൾക്കുവേണ്ടി ശക്തമായി നിലകൊള്ളണം. ദൈവത്തെ വധിക്കുന്ന സീസർമാരുടെയും മനുഷ്യക്കുരുതി നടത്തുന്ന ഹിറ്റ്ലർമാരുടെയും തലമുറ ഇന്നു സമൂഹത്തിൽ സജീവമാണ്‌. മൂല്യബോധമുള്ളവർ മനുഷ്യത്വത്തിന്റെ മുന്നണിപ്പോരാളികളാണമെന്നും മനുഷ്യന്റെ സമഗ്രമായ വിമോചനത്തിനുവേണ്ടി പ്രവർത്തിക്കാൻ എകെസിസിക്കു കടമയുണ്ടെന്നും ബിഷപ്‌ പറഞ്ഞു.