പൂവിളിയുടെ നാട്ടിൽ ദൈവത്തിന്റെ ആർദ്രനിമന്ത്രണങ്ങൾക്കു കണ്ണും കാതും ഹൃത്തും അർപ്പിക്കാൻ മലയാളിക്കു കഴിയുന്നു .... ലോഗോസ് എന്ന ഓമനപ്പേരുള്ള ബൈബിൾ മഹായജ്ഞംതന്നെ തെളിവ്. ലോഗോസിന്റെ പുതിയ മുദ്ര ഇതിന്റെ സത്തയെ വെളിപ്പെടുത്തുന്നുണ്ട്. സൃഷ്ടികാരണമാണ് വചനം. വചനത്തിലൂന്നിനിന്നുകൊണ്ട് സൃഷ്ടികൾ നടത്തുന്ന ദൈവാന്വേഷണമാണ്, ബൈബിളിൽനിന്നു തുടങ്ങുന്ന ചോദ്യചിഹ്നം സൂചിപ്പിക്കുന്നത്. ഉയർത്തിയ കൈകളുമായി ചുറ്റും നിൽക്കുന്ന മനുഷ്യർ വചനപ്പൊരുൾ തേടുകയാണ്. ക്രിസ്തുവിനെ സൂചിപ്പിക്കാൻ ചോദ്യചിഹ്നത്തിനടുത്തുതന്നെ കുരിശുകാണിച്ചിരിക്കുന്നു. മുകളിലെ വൃത്തപരിധി ആകാശവിതാനമാണ്; അതിനു കീഴേ പ്രപഞ്ചവും. സൃഷ്ടികാരണനായ ദൈവമാണ് മുകളിലെ നക്ഷത്രം. കെ.സി.ബി.സി. ബൈബിൾ കമ്മീഷനും കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന കർമ്മപരിപാടിയെന്നും കാണിക്കാൻ, ആ രണ്ടു പേരുകളും ആവരണംപോലെ വൃത്തത്തിനു മുകളിൽ കാണിച്ചിരിക്കുന്നു. ശ്രീ. വിൻസ് പെരിഞ്ചേരിയാണ് അന്തർദ്ദേശീയപ്രശംസ സ്വന്തമാക്കിയ ഈ ലോഗോയ്ക്ക് രൂപകൽപന നൽകിയത്. 12-ാമതു ബൈബിൾ ക്വിസ് പരീക്ഷയ്ക്കായി കേരളസഭ ഒരുങ്ങുമ്പോൾ എങ്ങും ഉത്സാഹത്തിമിർപ്പും പ്രാർത്ഥനാപൂർവ്വകമായ ഒരുക്കവും ദൃശ്യമാണ്. അഞ്ചുലക്ഷ ത്തിമുപ്പത്തേഴായിരത്തി അഞ്ഞൂറുപേർ ഈ വർഷം ഇതിനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു - കഴിഞ്ഞവർഷത്തെക്കാൾ 54000 പേർ കൂടുതൽ! സെപ്തംബർ 25ന് ഓരോ ഇടവകയിലും നടത്തപ്പെടുന്ന ഒന്നര മണിക്കൂർ നീളുന്ന ക്വിസ് പരീക്ഷയ്ക്കായി അഞ്ചരലക്ഷം ഹാൾടിക്കറ്റുകളും ചോദ്യപേപ്പറുകളും ഉത്തരക്കടലാസ്സുകളും തയ്യാറായിക്കഴിഞ്ഞു. ഇത് ഒരു മഹാദ്ഭുതം തന്നെയാണ്. ആഗോള ക്രൈസ്തവസഭയിൽ തികച്ചും അതുല്യമായ ഈ സംരംഭം കേരളസഭയുടെ സ്വന്തം സംഭാവനയാണ്. കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ ചെയർമാൻ മാർ ജോർജ്ജ് പുന്നക്കോട്ടിൽ പിതാവ് ചെയർമാനും കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോഷി മയ്യാറ്റിൽ സെക്രട്ടറിയുമായുള്ള കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയുടെ വിവിധങ്ങളായ ബൈബിൾ ശുശ്രൂഷകളിൽ ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ലോഗോസ് ബൈബിൾ ക്വിസ്. ബൈബിൾ സൊസൈറ്റി ഈ വർഷം ലോഗോസിനായി ഓൺ-ലൈൻ രജിസ്ട്രേഷൻ സൗകര്യങ്ങളും ഒരുക്കി. ഏതാനും വർഷങ്ങൾക്കുള്ളിൽ വിദേശമലയാളികൾക്കായി ഓൺ-ലൈൻ ലോഗോസ് ക്വിസ് പരീക്ഷയും നടത്താനാവുമെന്നാണ് ഭാരവാഹികളുടെ പ്രതീക്ഷ. ഒരുപക്ഷേ വിദൂരഭാവിയിൽ ആഗോളസഭയ്ക്കു മുഴുവൻ പങ്കെടുക്കാവുന്ന വിധത്തിൽ ലോഗോസിന്റെ രൂപഭാവങ്ങൾ മാറിയേക്കാം എന്നുപോലും സ്വപ്നം കാണാൻ തുടങ്ങിയിരിക്കുന്നു അറുപതോളം വരുന്ന ബൈബിൾ സൊസൈറ്റി മാനേജിംഗ് കൗൺസിൽ-എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഓരോ രൂപതയിലെയും ബൈബിൾ അപ്പോസ്തലേറ്റു ഡയറക്ടർമാരുടെയും മതബോധന ഡയറക്ടർമാരുടെയും നേതൃത്വത്തിലാണ് ലോഗോസ് ക്വിസ് സംഘടിപ്പിക്കപ്പെടുന്നത്. ഇവരുടെ സംഘാടകശേഷിയാണ് ലോഗോസ് ക്വിസിന്റെ അഭൂതപൂർവ്വമായ വളർച്ചയുടെ പിന്നിലെ ശക്തി. അഞ്ചു വ്യത്യസ്ത പ്രായവിഭാഗങ്ങളിലായി നടത്തപ്പെടുന്ന ലോഗോസിന്റെ ഈ വർഷത്തെ പഠനഭാഗങ്ങൾ പുറ 16-24, മത്താ 15-28, പത്രോസിന്റെ ഒന്നാം ലേഖനം എന്നിവയാണ്. ഓരോ വിഭാഗത്തിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുനേടുന്ന മൂന്നുപേർ വീതം സംസ്ഥാനതല ലോഗോസ് മത്സരത്തിനായി തിരഞ്ഞെടുക്കപ്പെടുന്നു. അങ്ങനെ ഈ വർഷം 480 പേർ പി.ഒ.സി.യിൽ സംസ്ഥാനതല ലോഗോസ് എഴുത്തുപരീക്ഷയ്ക്കെത്തും. നവംബർ 27-ാം തീയതിയായിരിക്കും ഇതു നടത്തപ്പെടുന്നത്. ഇതിൽ ഓരോ പ്രായവിഭാഗത്തിലും ഏറ്റവും കൂടുതൽ മാർക്കു നേടുന്ന 10 പേർ വീതം ആകെ 50 പേർ ഫൈനൽ റൗണ്ട് മത്സരങ്ങൾക്കായി തിരഞ്ഞെടുക്കപ്പെടും. ക്വിസിന്റെ ഫൈനൽ റൗണ്ട്് ചാനലുകളിലൂടെ സംപ്രേഷണം ചെയ്യാൻ പദ്ധതിയുള്ളതിനാൽ ഡിസംബർ 4-ാം തീയതിയായിരിക്കും അതു സംഘടിപ്പിക്കപ്പെടുക. അന്നുതന്നെ ലോഗോസ് പ്രതിഭയും നിർണയിക്കപ്പെടും. ലോഗോസ് സമ്മാനദാനച്ചടങ്ങിൽവച്ച് പാലയ്ക്കൽ തോമാ മൽപാൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി ലോഗോസ് പ്രതിഭയുടെ രൂപതയ്ക്കും പതിനായിരം രൂപയുടെ ക്യാഷ് അവാർഡ് ലോഗോസ് പ്രതിഭയ്ക്കും സമ്മാനിക്കപ്പെടും. ഓരോ വിഭാഗത്തിലെയും വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും സർട്ടിഫിക്കറ്റുകളും മറ്റനേകം സമ്മാനങ്ങളും നൽകപ്പെടും. ഒരു വർഷം നീണ്ടുനിന്ന വചനോപാസനയ്ക്കു തിരശ്ശീല വീഴുമ്പോൾ അടുത്ത വർഷത്തേയ്ക്കുള്ള വചനയജ്ഞത്തിന്റെ തിരിയും ഒപ്പം തെളിയുകയായി . . .