Wednesday, September 21, 2011

പങ്കുവയ്ക്കലിന്റെയും സ്നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിക്കണം: മാർ ജോസഫ്‌ പവ്വത്തിൽ

സൗധങ്ങൾ കെട്ടിപ്പടുക്കുന്നതുകൊണ്ടും ശാസ്ത്ര സാങ്കേതികവിദ്യകൾ വളരുന്നതുകൊണ്ടും മാത്രം സാമൂഹിക പുരോഗതി കൈവരിയ്ക്കാനാവില്ലെന്നും പങ്കുവയ്ക്കലും സ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കലുമാണ്‌ ഇന്നത്തെ പ്രധാന ആവശ്യമെന്നും ഇന്റർചർച്ച്‌ കൗൺസിൽ ചെയർമാൻ ആർച്ച്‌ ബിഷപ്‌ മാർ ജോസഫ്‌ പവ്വത്തിൽ. മലങ്കര കാത്തലിക്‌ അസോസിയേഷൻ വെണ്ണിക്കുളം മേഖല അൽമായ സമ്മേളനത്തോടനുബന്ധിച്ചു 'സഭയും രാഷ്ട്രീയവും' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾ പലപ്പോഴും പ്രചരിപ്പിക്കുന്നതു സഭ രാഷ്ട്രീയത്തിൽ ഇടപെടുന്നതു വലിയ തെറ്റാണെന്നാണ്‌. സമൂഹമെന്ന നിലയിൽ മാത്രമല്ല, സഭാ ശുശ്രൂഷകരും നേരിട്ടു രാഷ്ട്രീയരംഗത്ത്‌ ഇടപെടേണ്ടതില്ലെന്നാണ്‌ ക്രൈസ്തവ നിലപാട്‌. അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ്‌ സഭാ ശുശ്രൂഷകർ നേരിട്ടു രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്‌. ജനാധിപത്യരാജ്യത്തു ക്രൈസ്തവ വിശ്വാസികൾ തികഞ്ഞ ധാർമിക ബോധത്തോടെ സജീവ രാഷ്ട്രീയരംഗത്ത്‌ ഉണ്ടാകണമെന്നു തന്നെയാണ്‌ സഭ ആഗ്രഹിക്കുന്നത്‌. വിശ്വാസികൾക്കു മറ്റു രംഗങ്ങളിലെന്നതുപോലെ രാഷ്ട്രീയത്തിലും ആവശ്യമായ മനഃസാക്ഷി രൂപീകരിക്കാൻ സഭാ ശുശ്രൂഷകർക്കു കടമയുണ്ടെന്നും അതിനെ രാഷ്ട്രീയ ഇടപെടലായി കാണേണ്ടതില്ലെന്നും മാർ പവ്വത്തിൽ പറഞ്ഞു.