നവസുവിശേഷവത്കരണത്തിലേക്കു പ്രാദേശിക സഭകളും സഭാ കൂട്ടായ്മകളും പ്രവേശിക്കേണ്ടിയിരിക്കുന്നുവെന്നു സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ ജോർജ്ജ് ആലഞ്ചേരി സീറോ മലങ്കര സഭയുടെ പ്രഥമ സഭാ അസംബ്ലിയുടെ ഉദ്ഘാടന ചടങ്ങിൽ അനുമോദന പ്രസംഗം നടത്തുകയായിരുന്നു മാർ ജോർജ്ജ് ആലഞ്ചേരി. നമ്മുടെ പ്രവൃത്തികളിലൂടെയായിരിക്കണം ലോകം മുഴുവൻ മാനസാന്തരപ്പെട്ടു വരേണ്ടത്. ലോകത്തിൽ ദൈവത്തിന്റെ സാന്നിധ്യം മനസിലാക്കിക്കൊടുക്കാൻ പ്രാദേശികസഭകളുടെയും സഭാ കൂട്ടായ്മകളുടെയും പ്രവർത്തനത്തിലൂടെ സാധിക്കണം. മലങ്കര സഭ സാർവത്രിക സഭയിലെ മറ്റ് ഏത് സഭയോടുമൊപ്പം വളർന്നു കഴിഞ്ഞതായും മാർ ജോർജ്ജ് ആലഞ്ചേരി ചൂണ്ടിക്കാട്ടി. സാർവത്രിക സഭയെ വളർത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കണം സുവിശേഷവത്കരണ പരിപാടികൾക്കു രൂപം നൽകേണ്ടതെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം അഭിപ്രായപ്പെട്ടു. സഭകൾ പരസ്പരം സ്നേഹിച്ചും പ്രോത്സാഹിപ്പിച്ചും മുന്നോട്ടുപോകുകയാണു വേണ്ടത്. കടലുകൾ കടന്നുവന്ന തോമാശ്ലീഹായുടെയും കടലോരത്തെ ജനങ്ങളുടെ മനസറിഞ്ഞ ഫാൻസിസ് സേവ്യറിന്റെയും പിൻഗാമികളായ നമ്മൾ ഇന്നും സുവിശേഷ പ്രഘോഷണം ഐക്യത്തോടെ തുടരുകയാണെന്നു സഭാ അസംബ്ലി ഉദ്ഘാടനം ചെയ്ത സീറോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ അഭിപ്രായപ്പെട്ടു. തിരുവല്ല ആർച്ച് ബിഷപ്് തോമസ് മാർ കൂറിലോസ് സ്വാഗതവും ഡോ. ജയിംസ് പാലമുറ്റം നന്ദിയും പറഞ്ഞു.