കേരളത്തിൽ വ്യാധികൾ പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനസർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന ശുചീകരണപ്രവർത്തനങ്ങളോടു സഹകരിച്ച് പരിസരങ്ങൾ വൃത്തിയാക്കാനും മാലിന്യങ്ങൾ സംസ്കരിക്കാനും എല്ലാവരും തയാറാകണമെന്നു കേരള കത്തോലിക്ക മെത്രാൻ സമിതി അഭ്യർഥിച്ചു. സീറോ മലബാർ, ലത്തീൻ, സീറോ മലങ്കര സഭകളിലെ എല്ലാ ദേവാലയങ്ങളിലും ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ശുചിത്വ ഞായറായി ആചരിക്കും. കെസിബിസിയുടെ കീഴിൽ വരുന്ന സ്കൂളുകൾ, പ്രഫഷണൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ, കോളജുകൾ, സാങ്കേതിക പരിശീലനകേന്ദ്രങ്ങൾ, ആശുപത്രികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ പരിസരശുചീകരണവും മാലിന്യസംസ്കരണവും നടക്കും. ഇടവകകളിലെ സൺഡേ സ്കൂളുകളുടെ നേതൃത്വത്തിൽ പരിസര ശുചീകരണപ്രവർത്തനങ്ങളും ബോധവത്കരണവും നടത്തും. കേരളത്തിലെ 24 അൽമായ സംഘടനകളുടെ നേതൃത്വത്തിൽ പരിസരശുചീകരണത്തക്കുറിച്ചു ബോധവത്കരണ പരിപാടികൾ നടത്തും. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതു തടയാനുള്ള കർമപദ്ധതികൾ ആവിഷ്കരിക്കാനും കെസിബിസി നിർദേശം നൽകി. ഭൂമി ദൈവത്തിന്റെ സൃഷ്ടിയായതുകൊണ്ടും പ്രപഞ്ചം മുഴുവൻ ഈശ്വരസാന്നിധ്യം നിറഞ്ഞുനിൽക്കുന്നതുകൊണ്ടും പരിസരശുചിത്വവും മാലിന്യസംസ്കരണവും ഈശ്വരവിശ്വാസത്തിന്റെ ഭാഗമായി കണ്ട് ഏവരും പ്രവർത്തിക്കണമെന്നു കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലാര്റക്കൽ, സെക്രട്ടറി ജനറൽ ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ് എന്നിവർ സംയുക്തപ്രസ്താവനയിൽ പറഞ്ഞു.