Monday, September 12, 2011

മക്കൾ ധാർമികതയിൽ വളരണമെങ്കിൽ കുടുംബങ്ങളിൽ വിശുദ്ധിയുണ്ടാകണം: മാർ ആലഞ്ചേരി

മക്കളെ സന്മാർഗജീവിതത്തിൽ വളർത്തിക്കൊണ്ടുവരാൻ മാതാപിതാക്കൾ ജാഗരൂകരാകണമെന്ന്‌ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി. ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ ആഘോഷിക്കുന്ന മരിയൻ തീർഥകേന്ദ്രമായ ചാലക്കുടി സെന്റ്‌ മേരീസ്‌ ദേവാലയത്തിൽ നൽകിയ ഊഷ്മളമായ സ്വീകരണത്തിനുള്ള മറുപടി പ്രസംഗം നടത്തുകയായിരുന്നു മേജർ ആർച്ച്ബിഷപ്‌. വിദേശരാജ്യങ്ങളിലും മറ്റും ജോലിക്കും പഠനത്തിനും പോകുന്ന മക്കൾ സന്മാർഗിക അധഃപതനത്തിൽ വീഴാവുന്ന സാഹചര്യമാണുള്ളതെന്നും മക്കൾ ധാർമികതയിൽ വളരണമെങ്കിൽ കുടുംബങ്ങളിൽ വിശുദ്ധയുണ്ടാകണമെന്നും ഭാവിതലമുറയെ ധനമായി കരുതണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ഇരിങ്ങാലക്കുട ബിഷപ്‌ മാർ പോളി കണ്ണൂക്കാടനും രൂപതയുടെ പ്രഥമ ബിഷപ്‌ മാർ ജെയിംസ്‌ പഴയാറ്റിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മേജർ ആർച്ച്ബിഷപിന്റെ പ്രേഷിത പ്രവർത്തന ഫണ്ടിലേക്ക്‌ ഇടവകയുടെ ഉപഹാരമായ 50,000 രൂപ ട്രസ്റ്റിമാർ മാർ ജോർജ്ജ്‌ ആലഞ്ചേരിയെ ഏൽപിച്ചു.ദേവാലയങ്കണത്തിൽ എത്തിച്ചേർന്ന മേജർ ആർച്ച്ബിഷപ്പിനെയും ബിഷപ്പുമാരെയും വികാരി ഫാ. ജോസ്‌ മാളിയേക്കലിന്റെ നേതൃത്വത്തിൽ ഇടവക സമൂഹംസ്വീകരിച്ചു.